കൊച്ചി: മുസ്ലിംകളുടെ ആത്മീയ നേതാവും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സഈദ് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Sayed Hyderali Shihab Thangal) വിയോഗ വാർത്ത കേട്ട് നിരവധി പേരാണ് എറണാകുളം അങ്കമാലിയിലും എത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്. അർബുദബാധയെ തുടർന്ന് കഴിഞ്ഞ 22ാം തീയതിയാണ് ഹൈദരലി തങ്ങളെ അങ്കമാലിയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും, ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിച്ചു.
തങ്ങളുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകരാണ് അങ്കമാലിയിലെ സ്വകാര്യശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ നിന്നും മൃതദേഹം ആദ്യം എത്തിച്ചത് അങ്കമാലി ജുമാമസ്ജിദിലായിരുന്നു. ഇവിടെ പ്രാഥമിക ചടങ്ങുകൾക്ക് ശേഷമായിരുന്നു പൊതുദർശനം. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സിപിഎം നേതാവ് എം. എ. ബേബി, ബിജെപി നേതാവ് എ എൻ രാധാക്യഷ്ണൻ, സിനിമാതാരം മമ്മുട്ടി, എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം ജോൺ, അൻവർ സാദത്ത്, കെ ബാബു, ബെന്നി ബെഹനാൻ, എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
പൊതുദർശനത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോയി.
2009ല്‍ സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതൃത്വം ഏറ്റെടുത്ത ഹൈദരലി തങ്ങള്‍ സമഭാവനയുടെ നേതാവായാണ് അറിയപ്പെട്ടത്. ആഭ്യന്തര കലഹങ്ങളിലും രാഷ്ട്രീയ യുദ്ധങ്ങളിലുമെല്ലാം മറ്റുപാര്‍ട്ടികള്‍ പോലും ബഹുമാനത്തോടെ കണ്ട നിലപാടുകളാണ് ഹൈദരലി തങ്ങളെ വ്യത്യസ്തനാക്കിയത്. പൊതു രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നെങ്കിലും നിർണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിന് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കഴിഞ്ഞു. പി വി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ സീറ്റ്, കെ.എന്‍.എ ഖാദറിന്റെ വേങ്ങര സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഇത് പ്രകടമായി. അവസാന കാലത്ത് ചന്ദ്രികയിലെ ഇ.ഡി അന്വേഷണം തങ്ങളിലേക്കെത്തിയപ്പോള്‍ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകളെ മകന്‍ മുഈനലി തങ്ങള്‍ക്ക് പരസ്യമായി ചോദ്യം ചെയ്യേണ്ടി വരികയും ചെയ്തു.
പുറത്ത് കാണുന്ന പോലെ പാര്‍ട്ടിക്കകത്തും പാണക്കാട് ഹൈദരലി തങ്ങള്‍ സൗമ്യനാണ്. പക്ഷെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ തങ്ങള്‍ വീര്യമേറിയ തീരുമാനങ്ങളെടുത്തു. പാണക്കാട് തങ്ങന്‍മാര്‍ ലീഗിന്റെ അന്തിമ വാക്കാണെന്ന് തങ്ങള്‍ ചില ഘട്ടങ്ങളില്‍ തെളിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.