KAS vs IAS| കെഎഎസുകാർക്ക് അടിസ്ഥാന ശമ്പളം 81,800 രൂപ; എതിർപ്പുമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ
- Published by:Rajesh V
- news18-malayalam
Last Updated:
കെഎഎസ് ഓഫീസർമാർ ഭാവിയിൽ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോൾ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാൾ ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിവരുമെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (KAS) ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചതിനെതിരെ പ്രതിഷേധവുമായി അഖിലേന്ത്യ സർവീസ് (IAS) ഉദ്യോഗസ്ഥർ. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുൻപുതന്നെ സർക്കാർ ഇടപെട്ടു തീരുമാനം പിൻവലിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി അശോകും സെക്രട്ടറി എം ജി രാജമാണിക്യവും ചേർന്നു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തതിനെക്കാൾ അധികമാണ് 81,800 എന്ന ശമ്പള സ്കെയിൽ. മാത്രമല്ല, കെഎഎസ് ഓഫീസർമാർ ഭാവിയിൽ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോൾ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാൾ ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും. ഈ അപാകത അധികാരശ്രേണിയിലും റിപ്പോർട്ടിങ്ങിലും വൈഷമ്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മിൽ താരതമ്യ പരിശോധനയ്ക്കു സർക്കാർ തയാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
advertisement
ഐപിഎസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ജില്ലാതല ഭരണക്രമത്തിൽ വിഷമതകൾ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷൻ സെക്രട്ടറി ഹർഷിത അട്ടല്ലൂരി കത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഫ്എസ് അസോസിയേഷൻ നൽകിയ കത്തിലുമുള്ളത്.
Also Read- Liquor Consumption| മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിൽ കേരളം; കുടിയിൽ ഒന്നാമത് ആലപ്പുഴ
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്കെയില്‍) ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായി (ഫിക്സഡ്) നിശ്ചയിച്ചുകൊണ്ടായിരുന്നു മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കുമെന്നുമായിരുന്നു തീരുമാനം.
advertisement
മുന്‍സര്‍വ്വീസില്‍ നിന്നും കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിംഗ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍സര്‍വ്വീസില്‍ നിന്നും വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ പ്രസ്തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കുമെന്നും അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2021 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KAS vs IAS| കെഎഎസുകാർക്ക് അടിസ്ഥാന ശമ്പളം 81,800 രൂപ; എതിർപ്പുമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ