• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇടതു മുന്നണി കാഞ്ഞിരപ്പളളിക്കും പാലായ്ക്കും രണ്ടു നിയമം വെച്ചാൽ എൻസിപി രണ്ടു വഴിക്ക് പിരിയും

ഇടതു മുന്നണി കാഞ്ഞിരപ്പളളിക്കും പാലായ്ക്കും രണ്ടു നിയമം വെച്ചാൽ എൻസിപി രണ്ടു വഴിക്ക് പിരിയും

തദ്ദേശ തെരഞ്ഞെടുപ്പിൽ മാണി വിഭാഗം കാട്ടിയ ശക്തി പ്രകടനമാണ് അവർക്ക് അനുകൂലമായി സി.പി.എം നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ജോസ് വിഭാഗത്തിന്റേത് സാധാരണ വിജയം മാത്രമാണെന്നാണ് എൻ.സി.പി വാദം.

Jose K Mani, Mani C Kappan

Jose K Mani, Mani C Kappan

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഇടതു മുന്നണിയിൽ ഇടഞ്ഞു നിൽക്കുന്ന എൻ.സി.പിയെ അനുനയിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടിട്ടും പാലാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ മാണി സി കാപ്പൻ. എൻ.സി.പിയിലെ ഭിന്നതയും സി.പി.എമ്മുമായുള്ള തർക്കവും തീർക്കാൻ പിണറായി വിജയൻ എ.കെ. ശശീന്ദ്രനെയും മാണി സി.കാപ്പനെയും ഇന്നലെ വെവ്വേറയാണ് കണ്ടത്. ഇന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരനുമായും  മുഖ്യമന്ത്രി ചർച്ച നടത്തും.

  പാലാ സീറ്റ് വിട്ടു നൽകിയുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടാണ് മാണി സി കാപ്പൻ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ആവർത്തിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ഉറപ്പുകളൊന്നും മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുന്നണി മാറ്റ ചർച്ച എൻ.സി.പി നേതാക്കൾക്കിടയിൽ വീണ്ടും സജീവമായി.

  കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അവരുടെ സിറ്റിംഗ് സീറ്റുകൾ അനുവദിക്കാമെന്ന് ഇടതു മുന്നണി  വാഗ്ദാനം ചെയ്യുമ്പോൾ എൻ.സി.പിയുടെ സിറ്റിംഗ് സീറ്റ് ഏറ്റെടുക്കുന്നത് ഇരട്ട നീതിയാണെന്ന വാദമാണ് മാണി സി. കാപ്പൻ ഉന്നയിക്കുന്നത്. കോട്ടയം ജില്ലയിൽ ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പിള്ളി വിട്ടു നൽകാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. നിലവിൽ സി.പി.ഐയുടേതാണ് ഈ സീറ്റ്. എന്നാൽ തൊട്ടടുത്ത മണ്ഡ‍ലമായ പാലാ എൻ.സി.പിയുടെ സിറ്റിംഗ് സീറ്റാണ്. കാഞ്ഞിരപ്പള്ളിയിലെ അതേ സമീപനം തന്നെ പാലായിലും വേണമെന്നതാണ് എൻ.സി.പിയുടെ ആവശ്യം.

  Also Read 'ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്; എൻ.സി.പി മുന്നണി വിടരുതെന്നാണ് ആഗ്രഹം': ജോസ് കെ മാണി

  അൻപതു വർഷങ്ങൾക്കു ശേഷം ഇടതു മുന്നണിക്കു വേണ്ടി പാലാ പിടിച്ചെടുത്തതും മാണി സി. കാപ്പനാണ്. അതുകൊണ്ടു തന്നെ സീറ്റ് വിട്ട് കൊടുക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് എൻ.സി.പി സ്വീകരിച്ചിരിക്കുന്നത്.  ഇതു കൂടാതെ മന്ത്രി എ.കെ ശശീന്ദ്രന്റെ മണ്ഡലമായ കോഴിക്കോട്ടെ എലത്തൂരിലും സി.പി.എം അവകാശവാദം ഉന്നയിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതാവിനു വേണ്ടിയാകും ഈ മണ്ഡലം സി.പി.എം ഏറ്റെടുക്കുക.

  തദ്ദേശ തെരഞ്ഞെടുപ്പിൽ മാണി വിഭാഗം കാട്ടിയ ശക്തി പ്രകടനമാണ് അവർക്ക് അനുകൂലമായി സി.പി.എം നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ജോസ് വിഭാഗത്തിന്റേത് സാധാരണ വിജയം മാത്രമാണെന്നാണ് എൻ.സി.പി വാദം. സ്ഥാനാർഥി നിർണയത്തിൽ ജോസിന് അമിതമായ പരിഗണന നൽകിയെന്നും കുട്ടനാട്ടിലും പാലായിലും  തങ്ങളെ പരിഗണിച്ചില്ലെന്നും എൻ.സി.പി നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. എലിക്കുളം പഞ്ചായത്തിൽ എൻ.സി.പി മണ്ഡ‍ലം നേതാവ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റിനെ പരാജയപ്പെടുത്തിയിരുന്നു. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

  പാലാ സീറ്റ് വിട്ടു നൽകില്ലെന്ന കാപ്പന്റെ വാദത്തോട് യോജിക്കുന്നുണ്ടെങ്കിലും യുഡിഎഫിലേക്കു പോകുന്നത് ആത്മഹത്യാപരമാണെന്ന നിലപാടിലാണ് എൻ.സി.പിയിലെ ശശീന്ദ്രൻ വിഭാഗം. ഈ സാഹചര്യത്തിൽ പാലാ സീറ്റ് ഏറ്റെടുത്താൻ എൻ.സി.പി രണ്ടായി പിളരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
  Published by:Aneesh Anirudhan
  First published: