കൊച്ചി: കൊച്ചി മെട്രോയുടെ(Kochi Metro) കോച്ചില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയുടെ(Graffiti) പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്(Police). സ്പ്രേ പെയിന്റ് ഉപയോഗിച്ച് മെട്രോ കോച്ചിന്റെ ഒരു 'ബേണ്‍'(BURN) എന്ന് വലുതായി എഴുതിയിരിക്കുന്നത്. 'ഫസ്റ്റ് ഹിറ്റ് കൊച്ചി' എന്നും '22' എന്നും ചെറുതായും കോച്ചില്‍ എഴുതിയിട്ടുണ്ട്.
ബോട്ടില്‍ സ്പ്രേ ഉപയോഗിച്ച് 'പമ്പ' എന്നു പേരുള്ള മെട്രോ ബോഗിയിലാണ് ഭീഷണി സന്ദേശം എഴുതിയത്. ഈ മാസം 22നാണ് സംഭവം നടന്നതെന്നാണ് സൂചന. യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതീവരഹസ്യമായായിരുന്നു അന്വേഷണം മുന്നോട്ടു പോയത്. മുട്ടം മെട്രോ യാര്‍ഡില്‍ അതിക്രമിച്ച് കടന്ന രണ്ടു പേര് മെട്രോ ബോഗിയില്‍ ഭീഷണി സന്ദേശം എഴുതിയത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
അതേസമയം ട്രെയിനുകളില്‍ വരകളും വാചകങ്ങളും എഴുതിയിടാറുള്ള ലോക വ്യാപകമായുള്ള റെയില്‍ ഹൂണ്‍സുമായി ബന്ധമുള്ളവരാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്തിട്ടും മെട്രോ അധികൃതരോ പൊലീസോ വിവരങ്ങള്‍ പുറത്തു വിടാതിരുന്നതു മെട്രോയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ തടയുന്നതിനായിരുന്നു.
ഈ വര്‍ഷം റിലീസ് ചെയ്ത യുഎസ് ക്രൈം ത്രില്ലര്‍ സിനിമ 'ബേണി'ന്റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്തെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അതീവ സുരക്ഷാ മേഖലയായ മെട്രോ യാര്‍ഡില്‍ കടന്ന് ഭീഷണി സന്ദേശം എഴുതിയിത് പൊലീസ് ഗൗരവത്തോടെയാണ് കരുതുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ രണ്ടു പേരാണ് ഇതു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മലയാളികള്‍ തന്നെയാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഭീഷണിസന്ദേശത്തെ ഒരു മുന്നറിയിപ്പായി കണ്ടുതന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിന് പിന്നില്‍ ആസൂത്രണ നീക്കമുള്ളതായാണ് പൊലീസ് കാണുന്നത്. സംഭവത്തിനു പിന്നില്‍ എന്തെങ്കിലും ഭീകരാക്രമണ സ്വഭാവമുള്ളവരാണോ എന്നും പരിശോധിക്കുന്നുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.