• HOME
 • »
 • NEWS
 • »
 • kerala
 • »
 • യുവതീപ്രവേശനം : വിജയം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന്

യുവതീപ്രവേശനം : വിജയം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന്

 • Last Updated :
 • Share this:
  # രാജേഷ് വെമ്പായം 

  തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങൾക്കിടയിലും ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പായതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്ന് 96ാം ദിവസമാണ് യുവതീപ്രവേശനം യാഥാർത്ഥ്യമായത്. ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പലപ്പോഴും പുറകോട്ട് പോയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീംകോടതിവിധി വന്ന സെപ്തംബർ 28 മുതൽ നിലപാടിൽ ഉറച്ചുനിന്നു. ഇടതുപക്ഷത്തുള്ളവരിലടക്കം ആശയവ്യക്തതയില്ലായ്മ പ്രകടമായപ്പോൾ വിധിവന്ന ദിവസം മുതൽ വളരെ വ്യക്തതയോടെ ഇക്കാര്യങ്ങൾ പറഞ്ഞത് പിണറായി വിജയൻ മാത്രം. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഖ്യമന്ത്രി അന്നുമുതൽ പറഞ്ഞത്. ശബരിമല ദർശനത്തിന് സന്നദ്ധരായി യുവതികളാരെങ്കിലും മുന്നോട്ടുവന്നാൽ പൊലീസ് സംരക്ഷണം നൽകുമെന്നുള്ള ആ ഉറച്ച നിലപാടിന്റെ വിജയമാണ് യുവതീപ്രവേശനം യാഥാർത്ഥ്യമായതിന് പിന്നിൽ.

  Also Read-മന്നം ജയന്തിയില്‍ യുവതീ പ്രവേശം; തിരിച്ചടി എന്‍എസ്എസിന്


  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ശബരിമല സ്ത്രീപ്രവേശനത്തിലെ നയം മാറ്റം. ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാടായിരുന്നു യുഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം ആചാരപരമായ പ്രശ്നമാണെന്നും ഇക്കാര്യത്തില്‍ തന്ത്രിയുടേത് അവസാന വാക്കാണെന്നുമായിരുന്നു യുഡിഎഫ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഇടപെടലായിരുന്നു. വ്യത്യസ്ത നിലപാട് സ്വീകരിച്ച ദേവസ്വം ബോർഡ‍ിനെയും മുഖ്യമന്ത്രി താൻ വരച്ചവരയിലേക്ക് കൊണ്ടുവന്നു. ഇതിനെല്ലാമുള്ള അംഗീകാരം കൂടിയായിരുന്നു സുപ്രിംകോടതിയുടെ വിധി.

  Also Read- ശബരിമല യുവതീപ്രവേശനം: നാളെ ഹർത്താൽ

  സെപ്തംബർ 28ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്നെങ്കിലും ഇത്തരമൊരു വിധി നടപ്പാക്കുക യാതൊരു ഭരണകൂടത്തിനും കടുത്ത വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച്, വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ. ശബരിമല പോലെ ജനലക്ഷങ്ങളെത്തുന്ന ഒരു ആരാധനാലയത്തിൽ പൊലീസ് നടപടികളിലൂടെയോ ബലപ്രയോഗത്തിലൂടെയോ വിധി നടപ്പാക്കുക എളുപ്പമല്ലെന്ന് എല്ലാവരെക്കാളും പിണറായി വിജയന് അറിയാം. സുപ്രീംകോടതി വിധിക്ക് ശേഷം തുലാമാസ പൂജകൾക്കും ചിത്തിരആട്ട വിശേഷത്തിനും മണ്ഡലകാലത്തും നട തുറന്നപ്പോൾ നിരവധി സ്ത്രീകൾ ദർശനത്തിനെത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടിവന്നു. മണ്ഡലകാലം കഴിഞ്ഞതോടെ ഇനി സ്ത്രീപ്രവേശനം നടക്കില്ലെന്ന സ്ഥിതിയും വന്നു. മലകയറാനായി യുവതികൾ വരേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനെ പരസ്യമായി തള്ളിയ മുഖ്യമന്ത്രി തന്റെ പഴയ നിലപാട് ആവർത്തിച്ചു.

  Also Read-പിണറായി രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് ശശികല


  എൻഎസ്എസും ബിജെപിയും അയ്യപ്പ കർമസമിതിയും വിവിധ ഹൈന്ദവ സംഘടനകളും യുഡിഎഫും ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. ഇതിന് മറുപടിയായി വനിതാ മതിൽ കെട്ടിപ്പൊക്കണമെന്ന ആശയം മുന്നോട്ടുവച്ചതും പിണറായിയായിരുന്നു. സ്ത്രീ പ്രവേശന വിഷയം കാരണം പാർട്ടിക്കും തനിക്കും യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും മുഖ്യമന്ത്രിക്കായിരുന്നു. പൊതുസമൂഹത്തിന്റെ, പ്രത്യേകിച്ച് വനിതകളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കാൻ ലക്ഷ്യമിട്ടാണ് വനിതാ മതിൽ ഉയർത്തിയത്. പുതുവത്സരദിനത്തിൽ അണിനിരന്ന വനിതാ മതിലിൽ അരക്കോടിയോളം വനിതകളെ അണിനിരത്താനായതും പിണറായി വിജയന്റെ വിജയം തന്നെയാണ്. വനിതാ മതിലിനും സർക്കാരിനുമെതിരെ വാളുയർത്തിയ എൻ.എസ്.എസിന് മറുപടി നൽകാനും മുഖ്യമന്ത്രി മടിച്ചുനിന്നില്ല. എസ്എൻഡിപിയെയും കെപിഎംഎസിനെയും ഒപ്പം നിർത്താനുള്ള തന്ത്രത്തിന് പിന്നിലും പിണറായി തന്നെ. വനിതാ മതിൽ സമ്മാനിച്ച ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതും. വിധി നടപ്പാക്കാനുള്ള ചങ്കുറപ്പ് ഉണ്ടോ എന്ന് വെല്ലുവിളിച്ചവർക്ക് മുഖമടച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.

  അതേസമയം, ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക വിഷയത്തിലും  ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലെ സുപ്രീംകോടതി വിധിയുടെ വിഷയത്തിലും വ്യത്യസ്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.  പള്ളിത്തർക്കവിഷയത്തിൽ സർക്കാർ കക്ഷിയല്ലെന്നാണ് ഹൈക്കോടതിയടക്കം പറഞ്ഞ്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.  പള്ളിമുറ്റത്ത് സംഘർഷമുണ്ടായാൽ അത് സഭാ വിശ്വാസികളെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമവായ ശ്രമങ്ങൾക്കായി കഴിഞ്ഞ ദിവസം മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. യാക്കോബായ സഭ വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച് ഉറച്ചുനിന്നതോടെ ഓർത്തഡോക്സ് സഭ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെ നേരിട്ട് സമീപിച്ചതായാണ് വിവരം. അതെന്തായാലും പള്ളിത്തർക്കവിഷയത്തിലും ശബരിമലയുടെ കാര്യത്തിലുള്ള സർക്കാർ നിലപാടിൽ വൈരുധ്യമുണ്ടെന്ന ആക്ഷേപം വരുംദിവസങ്ങളിൽ വീണ്ടും ഉയർന്നുവരാനാണ് സാധ്യത.

  First published: