തിരുവനന്തപുരം: മലപ്പുറം തിരൂരിനടുത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പൊലീസെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
എലത്തൂർ ട്രെയിൻ ആക്രമണത്തിന് ശേഷമുള്ള ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിൻ്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനെയാണ് (19) കേസില്‍ അറസ്റ്റുചെയ്തത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്.
മന:പൂർവം ചെയ്തതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 1ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേഭാരത് സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ഏറുകൊണ്ട് കോച്ചിന്‍റെ ഗ്ലാസിന് വിള്ളലുണ്ടായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫും പോലീസും കേസെടുത്ത് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.