'കേരളീയത്തിൽ ഗോത്രസമൂഹത്തെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കിയ സംഘാടകർ മാപ്പ് പറയണം'; കെ സുരേന്ദ്രൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിക്കുന്ന പ്രകടനമാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം: യശസ്സ് വർദ്ധിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയത്തിൽ സംസ്ഥാനത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നമ്മുടെ നാടിന്റെ ഏറ്റവും വലിയ അഭിമാനസ്തംഭമായ ആദിവാസി വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന നടപടിയാണ് കേരളീയത്തിൽ കണ്ടത്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിക്കുന്ന പ്രകടനമാണ് നടന്നത്.
കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സ്വത്വത്തിന് നേരെ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായത്. ഒരു ജനവിഭാഗത്തെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കുന്ന നിലപാടാണ് ചിത്രീകരിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് സംഘാടകർ ആദിവാസി ഗോത്ര ജനവിഭാഗങ്ങളോട് മാപ്പ് പറയണം. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കേരളത്തെ അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്താൻ സഹായകരമാകുന്ന നിലയിൽ പ്രമുഖരായിട്ടുള്ള വ്യക്തിത്വങ്ങൾ കേരളീയത്തിൽ അണിചേരുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. കേരളത്തെ എല്ലാ നിലയിലും വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം, ഈ മേഖലകളിലെല്ലാം ലോകത്തിനു പരിചയപ്പെടുത്താൻ കഴിയുന്ന തരത്തിൽ പ്രമുഖരായിട്ടുള്ള വ്യക്തികൾ അണിനിരക്കും എന്നാണ് പറഞ്ഞത്. പക്ഷേ ഇതുവരെ കണ്ടത് ഏതാനും ചലച്ചിത്ര താരങ്ങളെ മാത്രമാണ്.
advertisement
കേരളീയത്തിന്റെ ചിലവ് നിക്ഷേപം ആണെന്നാണ് ധനകാര്യ മന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞത്. . പക്ഷേ കേരളത്തിലേക്ക് എന്തെങ്കിലും പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഒരു ഇടപെടലും ഈ കേരളീയത്തിൽ ഉണ്ടായിട്ടില്ല. ഒരു നിക്ഷേപകനും ഈ കേരളത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു എന്നാണ് മനസ്സിലാകുന്നത്.
advertisement
മാനവീയം വീഥിയിൽ രാത്രി മുഴുവൻ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് പറഞ്ഞാണ് യുവതി- യുവാക്കളെ അങ്ങോട്ട് ക്ഷണിച്ചത്. പക്ഷേ അവിടെ എത്തിയവർക്ക് നേരിടേണ്ടി വന്നത് ഭീകരമായ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ്. കേരളത്തിലെ യഥാർത്ഥ ചിത്രം ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുക്കാൻ വേണ്ടിയും, കേരളത്തിന്റെ സാംസ്കാരിക തനിമ, കേരളത്തിന്റെ ഉദാത്തമായിട്ടുള്ള പൈതൃകം ഇതെല്ലാം ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കാനുമാണ് കേരളീയം എന്നാണ് മുഖ്യമന്ത്രിയടക്കം പറഞ്ഞത്. പക്ഷേ നാട്ടുകാർ കണ്ടത് മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും ഏറ്റുമുട്ടുന്നതാണ്. നിരവധി ആളുകൾക്ക് പരിക്ക് പറ്റി എന്നത് മാത്രമാണ് നേട്ടമെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
കോടിക്കണക്കിന് രൂപയുടെ ധൂർത്താണ് നടന്നിരിക്കുന്നത്. ഇന്നലെ പുറത്തു വന്നിരിക്കുന്ന ഒരു വിവരം ഇവിടുത്തെ കരാറുകാരിൽ നിന്നും ക്വാറിക്കാരിൽ നിന്നുമൊക്കെ ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നുവെന്നാണ്. ഇരുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങിയ ഒരു കേസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരെ കൊണ്ട് വിളിപ്പിക്കുകയാണ്. അങ്ങനെ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തിരിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടി നേതാക്കന്മാർക്കും മന്ത്രിമാർക്കും കോടിക്കണക്കിന് രൂപ ഇങ്ങനെ പിരിച്ചെടുക്കാൻ ആരാണ് ഈ കാര്യത്തിൽ അവസരം കൊടുത്തത്? എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി ഇതിന്റെ പേരിൽ പണം പിരിക്കാൻ സാധിക്കുന്നത്?
advertisement
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജെസിബി ഉപയോഗിച്ചു, ലോറികൾ ഉപയോഗിച്ചു, വാഹനങ്ങൾ ഉപയോഗിച്ചു, വാടകയ്ക്കെടുത്തു എന്നൊക്കെ പറഞ്ഞ് നടക്കാത്ത മാലിന്യ നിർമ്മാർജ്ജനത്തിന് ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്ത തിരുവനന്തപുരം മേയർക്ക് തന്നെയാണ് മേൽനോട്ടത്തിന്റെ ചുമതല കൊടുത്തിരിക്കുന്നത്. ഉദ്ദേശം വളരെ വ്യക്തമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ പാർട്ടി നേതാക്കൾക്കും സർക്കാർ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തണം.
advertisement
സംസ്ഥാനത്ത് ജനങ്ങളാകെ കഷ്ടപ്പെടുകയാണ്. സപ്ലൈകോയിൽ സാധനങ്ങളില്ല. വൈദ്യുതി ചാർജ് വർധിപ്പിച്ചു. തൊഴിലാളികൾക്ക് ബോണസില്ല.അധ്യാപകർക്കും ജീവനക്കാർക്കും ഡിഎ കൊടുക്കാൻ കഴിയുന്നില്ല. കെഎസ്ആർടിസിയിൽ ശമ്പളമില്ല, പെൻഷനില്ല. അതുപോലെ തന്നെ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി. ജല ജീവൻ മിഷൻ പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. വലിയ ധൂർത്തും കൊള്ളയുമാണ് ഈ വറുതിയുടെ കാലത്ത് നടത്തുന്നത്.
കഴിഞ്ഞ ആഴ്ച കേന്ദ്ര ധനകാര്യ മന്ത്രിയെ സംസ്ഥാന ധനകാര്യ മന്ത്രി കണ്ടപ്പോൾ സംസ്ഥാനത്തിന് കുടിശ്ശിക കിട്ടാനുണ്ട് എന്നുള്ള കാര്യമോ കേരളത്തിന് ലഭിക്കേണ്ട നികുതി വരുമാനം വെട്ടിക്കുറച്ചു എന്നുള്ള കാര്യമോ പറഞ്ഞില്ല. കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടുകയാണ് ചെയ്തത്. കേരളത്തിന് നിയമപരമായി ഒന്നും തന്നെ ഇനി ലഭിക്കാനില്ല. ഇതെല്ലാം കിട്ടിയിട്ടും പുറത്ത് വന്ന് ഒന്നും കിട്ടിയില്ല എന്ന് ധനമന്ത്രി പറയുന്നത് വെറും നാലാംകിട രാഷ്ട്രീയം മാത്രമാണ്. എന്തുകൊണ്ടാണ് ഉച്ചക്കഞ്ഞി മുടങ്ങിയത് എന്ന് ബാലഗോപാൽ പറയണ്ടേ? കെഎസ്ആർടിസി ഒന്നും മര്യാദയ്ക്ക് നടത്താൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം മോദി സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബാലഗോപാലിന് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
advertisement
ഈ സർക്കാരിൻറെ അഴിമതി തുറന്നു കാണിക്കുമ്പോൾ ബിജെപിക്കാരെയും കുടുക്കാം എന്നുള്ള ധാരണയിലാണ് പിണറായി വിജയൻ. അതൊന്നും വിലപ്പോവില്ല.രാഷ്ട്രീയ സ്റ്റണ്ടുകൾ ഒന്നും പുതിയ കാര്യമല്ലെന്നും ബത്തേരി കേസിനെ പറ്റിയുള്ള ചോദ്യത്തിന് സുരേന്ദ്രൻ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 07, 2023 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളീയത്തിൽ ഗോത്രസമൂഹത്തെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കിയ സംഘാടകർ മാപ്പ് പറയണം'; കെ സുരേന്ദ്രൻ