ശുചിമുറിയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി
- Published by:user_57
- news18-malayalam
Last Updated:
ഹോട്ടലിലെ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ ഉടമ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു
കണ്ണൂർ: പിലാത്തറയിൽ ഭക്ഷണ സാമഗ്രികൾ (eatables) ശുചിമുറിയിൽ (washroom) സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി. ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാനാണ് ചെറുതാഴം പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകിയത്. പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി.
ഹോട്ടലിന്റെ ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ഫോണിൽ പകർത്തിയ ഡോക്ടർക്ക് നേരേ അക്രമം നടന്നതായി പരാതി ഉയർന്നിരുന്നു. കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ സുബ്ബറായക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തിൽ ഹോട്ടലുടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ടി. ദാസൻ (70), എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ പഴകിയ പാൽ, ഈത്തപ്പഴം, കടല എന്നിവ ഹോട്ടലിൽ കണ്ടെടുത്തു. സ്ഥാപനത്തിന്റെ ലൈസൻസ് ഹാജരാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നതായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ മുമ്പും പരിശോധന നടത്തിയിരുന്നു എന്നും ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ അറിയിച്ചു.
നിലവിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ നന്നാക്കിയ ശേഷം ഹോട്ടലിന് തുറന്ന് പ്രവർത്തിക്കാനാവും. ഭക്ഷ്യ സുരക്ഷാ അധികൃതർ വീണ്ടും പരിശോധന നടത്തിയ ശേഷമേ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ.
advertisement
ഞായറാഴ്ച രാവിലെ പത്തോടെയാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് ഡോ. സുബ്ബരായയും സംഘവും ഹോട്ടലിൽ എത്തിയത്. ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഭക്ഷണം കഴിച്ചശേഷം ശൗചാലയത്തിൽ പോയപ്പോഴാണ് ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും അവിടെ സൂക്ഷിച്ചതായി കണ്ടത്. ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും മറ്റും എടുത്തു.
ഇതുകണ്ട പ്രതികൾ ഡോക്ടറെ മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു എന്നാണ് പരാതി. ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
advertisement
സംഘത്തിലുണ്ടായിരുന്നവർ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. സ്ഥലത്തെത്തിയ പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബു, എസ്.ഐ. രൂപ മധുസുദനൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ഡോക്ടറെ മർദിച്ചിട്ടില്ല എന്നാണ് ഹോട്ടലുടമയുടെ വിശദീകരണം. വ്യക്തിവൈരാഗ്യം കാരണമാണ് ഹോട്ടലിനെതിരെ പരാതി ഉയരാൻ ഇടയായത് എന്നും മുഹമ്മദ് മൊയ്തീൻ ആരോപിക്കുന്നു.
ഷവർമ കഴിച്ച വിദ്യാർഥി മരിക്കാൻ ഇടയായ സാഹചര്യത്തെ തുടർന്ന് ഹോട്ടലുകളിൽ ശുചിത്വ പരിശോധന കർശനമാക്കണമെന്ന ആവശ്യം പൊതുജനങ്ങളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2022 2:38 PM IST