പടുത്തുയര്‍ത്താന്‍ ശ്രമിച്ച ജീവിതം തന്നെ തകർത്ത ഒരു ക്രിസ്മസ് സമ്മാനം
Last Updated:
ഇരുട്ടിൻ്റെ മറവിലും മുഖം മൂടിക്ക് പുറകിലുമായി നില്‍ക്കുന്നവരെ ഇന്ന് ഇവള്‍ക്ക് ഭയമില്ല. ഉള്‍ക്കരുത്തില്‍ മുന്നേറുന്ന റിന്‍സിക്ക് പറയാനുള്ളത് ജീവിതത്തിലെ പ്രതീക്ഷകളെ കുറിച്ച്. കഴിഞ്ഞ നാള്‍ ആലോചിക്കാന്‍ ഇന്നിവള്‍ക്ക് സമയമില്ല.
എനിക്ക് ഞാനാവണം. മറ്റാരും ആഗ്രഹിക്കുന്ന ഞാനല്ല, ഞാനാഗ്രഹിക്കുന്ന ഞാന്‍... പറയുന്നത് ഒരു പെണ്ണാണ്, വെറുമൊരു പെണ്ണല്ല. മനസ്സിനും ശരീരത്തിനും പൊള്ളലേറ്റ പെണ്ണ്. പേര് റിന്‍സി. ഇരുട്ടിൻ്റെ മറവില്‍ നിന്ന് ചാടിയെത്തിയ ക്രിസ്മസ് അപ്പുപ്പൻ്റെ രൂപം തൻ്റെ മുഖത്തേക്ക് എന്തോ ദ്രാവകം ഒഴിച്ചത് മാത്രമേ റിന്‍സിക്ക് ഓര്‍മ്മ ഉണ്ടായിരുന്നുള്ളു. പ്രാണവേദനയില്‍ വീട്ടുമുറ്റത്തേക്ക് ഓടി കയറിയപ്പോഴേക്കും കണ്ണുള്‍പ്പെടെ മുഖം ഉരുകിയൊലിച്ചു. അപ്പോഴേക്കും നിലവിളി കേട്ട് പള്ളിയില്‍നിന്ന് ആളുകള്‍ ഓടിയെത്തി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ, ഒരുമാസം കഴിഞ്ഞ് ബോധമുണര്‍ന്നപ്പോള്‍ കണ്ണും മൂക്കും വായുമെല്ലാം വികൃതം.
യേശുവിൻ്റെ തിരുപിറവി ഏവരും ആഘോഷിക്കുമ്പോഴും പരിയാരം സ്വദേശിനി റിന്‍സിക്ക് ഈ ദിവസം എന്നും പേടിയുടെ നാളാണ്. ദിവസം 2015 ഡിസംബര്‍ 24. മാനസിക വെല്ലുവിളി നേരിടുന്ന മകനും മകളുമായി ഭര്‍തൃവീട്ടില്‍ നിന്ന് പൊരുത്തപ്പെടാതെ പടിയിറങ്ങിയ റിന്‍സി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് തൻ്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് റിന്‍സിക്ക് ജെയിംസ് ക്രിസ്മസ് സമ്മാനമായി മുഖത്ത് ആസിഡ് ഒഴിച്ചത്. വീടിനടുത്തുളള സെയിൻ്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലേക്ക് ക്രിസ്മസ് തലേന്നത്തെ പാതിരാക്കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പിതാവ് റോബര്‍ട്ടിനും മൂത്തമകള്‍ മനീഷയ്ക്കുമൊപ്പം നടന്നുപോവുകയായിരുന്നു റിന്‍സി. തക്കംനോക്കി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ജയിംസ് ആസിഡ് ആക്രമണം നടത്തിയപ്പോള്‍ അതിന് ഇരയായത് റിന്‍സി മാത്രമല്ല, റിന്‍സിയുടെ തോളില്‍ കിടക്കുകയായിരുന്ന മകന്‍ അഭിഷേകുമാണ്.
advertisement
ഒരു ക്രിസ്മസ് രാത്രി അങ്ങനെ റിന്‍സിക്ക് നഷ്ടമായത് താന് പടുത്തുയര്‍ത്താന്‍ ശ്രമിച്ച ജീവിതം തന്നെയായിരുന്നു. ജീവിതം പിച്ചിച്ചീന്തിയ ആക്രമണത്തിന് ഒന്‍പതാണ്ട് തികയുമ്പോള്‍ കഴിഞ്ഞു പോയ നഷ്ടങ്ങളോര്‍ത്ത് വിലപിചിരിക്കാന്‍ റിന്‍സി തയ്യാറല്ല. ചെറുപ്പം മുതല്‍ പലതും ത്യജിച്ചാണ് റിന്‍സി വളര്‍ന്നത്. കുട്ടിക്കാലത്ത് ജ്യേഷ്ഠനായിരുന്നു തനിക്കെല്ലാം, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജ്യേഷ്ഠന്‍ റോയി ആകസ്മികമായി മരിച്ചത് മുതല്‍ ആരംഭിക്കുന്നു റിന്‍സിയുടെ ജീവിത നൊമ്പരങ്ങള്‍.

റിൻസി ആസിഡ് അറ്റാക്കിന് മുൻപും ശേഷവും
advertisement
ഇന്ന് ആരോടും പരിഭവമില്ല റിന്‍സിക്ക്, തൻ്റെ മുഖം വികൃതമാക്കിയ, മാനസ്സികമായി തന്നെ തളര്‍ത്തിയ ജെയിംസ് ആൻ്റണിക്ക് കോടതി ശിക്ഷ വിധിച്ചപ്പോള്‍ ഒരു തരം മരവിപ്പായിരുന്നു റിന്‍സിയില്‍. ഇന്ന് പരിയാരം ഏമ്പേറ്റിയിലെ പഞ്ചായത്ത് അനുവദിച്ച രണ്ടുമുറി വീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം റിന്‍സിയും മക്കളും കഴിയുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയപ്പോള്‍ റിന്‍സി ആശ്വസിച്ചു, ഇനി ഒരു നല്ല ജീവിതത്തിനായി. എന്നാല്‍ രോഗവും അണുബാധയും ശാരീരിക അവശതയും തല ഉയര്‍ത്തിയതോടെ റിന്‍സി അവിടെ നിന്ന് പടിയിറങ്ങി. വീണ്ടും പൊരുതി. തനിക്ക് ജീവിക്കാന്‍ മക്കളെ വളര്‍ത്താന്‍ റിന്‍സിക്ക് ജോലി അത്യാവിശമായിരുന്നു. ഒരു പ്രാര്‍ത്ഥനയെ മനസ്സിലുള്ളു. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ ഒരു വരുമാന മാര്‍ഗ്ഗം. താമസിയാതെ റിന്‍സിയെ തേടി ആ വാര്‍ത്ത എത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ നെഴ്‌സിങ് സ്‌കൂളിലെ അറ്റൻ്ററായി ജോലി. പ്രതിബന്ധങ്ങളില്‍ തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്ന ദൃഢപ്രതിജ്ഞയില്‍ പൊരുതുകയാണ് ഇന്ന് ഈ അമ്മ. തളരാതെ തൻ്റെ മക്കളെ ചേര്‍ത്ത് പിടിച്ച് മക്കള്‍ക്ക് വേണ്ടി ജീവിതത്തിൻ്റെ പച്ചതുരുത്തും തേടി...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 28, 2024 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പടുത്തുയര്‍ത്താന്‍ ശ്രമിച്ച ജീവിതം തന്നെ തകർത്ത ഒരു ക്രിസ്മസ് സമ്മാനം