ബഡ്‌സ് ജില്ലാ ഫെസ്റ്റ് താലോലം: പരിമിതികള്‍ മറന്ന് അതിരുകളില്ലാത്ത ആകാശത്തേക്ക് പാറിപറന്ന് കുരുന്നുകള്‍
Last Updated:
അതിരുകളില്ലാത്ത ലോകത്ത് സഞ്ചരിച്ച് കുരുന്നുകള്‍. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ് ജില്ലാ ഫെസ്റ്റ് താലോലം 2024 വേറിട്ടതായി. പഴശ്ശിരാജാ മെമ്മോറിയല്‍ ബഡ്‌സ് സ്പെഷ്യല്‍ സ്‌കൂള്‍ മട്ടന്നൂര്‍ ചാമ്പ്യന്മാര്‍.
ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മാലാഖമാരാണ് കുട്ടികൾ. ആടിയും പാടിയും അരങ്ങു തകര്‍ത്ത കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ കണ്ടു നിന്നവരുടെ മനം കവര്‍ന്നു. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുടുംബശ്രീ ജില്ലാ മിഷന്‍ താലോലം എന്ന പേരില്‍ സംഘടിപ്പിച്ച ബഡ്‌സ് സ്‌കൂള്‍ ജില്ലാ കലോത്സവമാണ് കാണികള്‍ക്ക് വേറിട്ട അനുഭവമായത്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ് ബഡ്സ് സ്ഥാപനങ്ങള്‍ക്കുള്ളത്. പരിമിതികളെ അതിജീവിച്ച് മനോഹരമായ നൃത്തങ്ങളും ഗാനങ്ങളും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്.
മൈലാഞ്ചിമൊഞ്ചോടെ നിറഞ്ഞ പുഞ്ചിരിയുമായ് മണവാട്ടിയും തോഴിമാരും വേദിയില്‍ എത്തിയപ്പോള്‍ കാണികളിലും സന്തോഷം വിടര്‍ന്നു. തെല്ലും ആശങ്കയില്ലാതെ കൈകൊട്ടി ഒപ്പനയുടെ ചുവടുകള്‍ വച്ചു. അമ്മമാരുടെ വിരല്‍ത്തുമ്പില്‍ കൈകോര്‍ത്ത് വേദിയില്‍ കയറാന്‍ നില്‍ക്കുന്നവര്‍, അണിഞ്ഞൊരിങ്ങി നാണത്തോടെ ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്നവര്‍ എന്നിങ്ങനെ കണ്ണിന് മിഴിവേകുന്ന നിരവധി കൗതുക കാഴ്ചകള്‍.
തലശ്ശേരി നഗരസഭ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ടൗണ്‍ ഹാളില്‍ രണ്ടുദിവസങ്ങളിലായി നടന്ന താലോലം 2024 ല്‍ പഴശ്ശിരാജാ മെമ്മോറിയല്‍ ബഡ്‌സ് സ്പെഷ്യല്‍ സ്‌കൂള്‍ മട്ടന്നൂര്‍ ചാമ്പ്യന്മാരായി. 48 പോയിൻ്റുകള്‍ നേടിയാണ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ജില്ലയിലെ 32 ബഡ്‌സ് സ്‌കൂളുകളില്‍നിന്നായി 270 കലാകാരന്മാരാണ് മത്സരിച്ചത്. സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങളിലെ പോലെ തന്നെ വാശി നിറച്ചാണ് ബഡ്‌സ് കലോത്സവ വേദിയില്‍ കുരുന്നുകള്‍ പരസ്പരം മാറ്റുരച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 24, 2024 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ബഡ്‌സ് ജില്ലാ ഫെസ്റ്റ് താലോലം: പരിമിതികള്‍ മറന്ന് അതിരുകളില്ലാത്ത ആകാശത്തേക്ക് പാറിപറന്ന് കുരുന്നുകള്‍