എരഞ്ഞോളി ഇനി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്, പ്രഖ്യാപനം നടത്തി നിയമസഭ സ്പീക്കർ
Last Updated:
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാകാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. ലക്ഷ്യത്തിൻ്റെ ചുവടുവെപ്പായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. അതിദാരിദ്ര്യത്തിൽപ്പെട്ട നാല് കുടുംബങ്ങളെ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കിയാണ് അതിദാരിദ്ര്യമുക്തമാക്കിയത്.
സംസ്ഥാന സർക്കാർ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീറാണ് എരഞ്ഞോളി ഇനി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തെന്ന പ്രഖ്യാപനം നടത്തിയത്. ജീവിതനിലവാര സൂചികകള്‍, ആരോഗ്യ വിദ്യാഭ്യാസ സൂചികകള്‍ തുടങ്ങി ഒരു സമൂഹത്തിന്‍റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുന്‍ നിരയിലാണെന്ന് സ്പീക്കർ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നാം നടത്തുന്ന പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ 'ആരോഗ്യം ആനന്ദം' കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ലോഗോ സ്പീക്കർ എ എൻ ഷംസീർ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്നും സ്ത്രീകളിലെ ഗർഭാശയമുഖ, സ്തനാർബുദം പരിശോധനകൾക്ക് തയ്യാറാവണമെന്നും രോഗം മുൻകൂട്ടി കണ്ടെത്തി ചികിത്സയ്ക്ക് തയ്യാറാവണമെന്നും സ്പീക്കർ പറഞ്ഞു.

എരഞ്ഞോളി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സർവ്വേ പ്രവർത്തനങ്ങളിലൂടെയും വാർഡ് തലത്തിലുള്ള പ്രാഥമിക അന്വേഷണത്തിലൂടെയും അതിദാരിദ്ര്യത്തിൽപ്പെട്ട നാല് കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് ഭവന നിർമ്മാണവും, മറ്റു കുടുംബങ്ങൾക്ക് ആവശ്യമായ ചികിത്സ, ഭക്ഷണം തുടങ്ങിയവ നൽകിയുമാണ് അതിദാരിദ്ര്യത്തിൽ നിന്നും ഇവരെ മോചിപ്പിച്ചത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വിജു, പ്രൊജക്റ്റ് ഡയറക്ടർ ടി രാജേഷ് കുമാർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെസ്സിൻ ടി കെ, സി ഡി എസ് ചെയർപേഴ്സൺ കെ സി പ്രീത, ആസൂത്രണ സമിതി ഉപാധ്യക്ഷ എ കെ രമ്യ, എ രമേശ് ബാബു, സജീവ് മാറോളി, എം സുനിൽകുമാർ, ടി ഷഫീക്ക്, പി പ്രസന്നൻ, രാമദാസ് കരിമ്പിൽ, എം പി സരാജൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 14, 2025 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
എരഞ്ഞോളി ഇനി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്, പ്രഖ്യാപനം നടത്തി നിയമസഭ സ്പീക്കർ