കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നിട്ട് 6 വര്‍ഷം

Last Updated:

വികസന കുതിപ്പ് ലക്ഷ്യമിട്ടു പറക്കുന്ന സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളം കൂടി ചിറക് മുളച്ചപ്പോള്‍ നാലു വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി കൊച്ചുകേരളം മാറി.

മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ വിമാനത്താവളം 
മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ വിമാനത്താവളം 
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ 2018 ഡിസംബര്‍ 9ന് ആണ് കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം ഉയര്‍ന്നത്. കണ്ണൂരിലെ വിമാനം പറക്കലിന് പറയാനുള്ളത് 100 വര്‍ഷത്തെ ആലോചനയുടെയും പരിശ്രമത്തിൻ്റെയും കഥയാണ്. വികസന കുതിപ്പ് ലക്ഷ്യമിട്ടു പറക്കുന്ന സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളം കൂടി ചിറക് മുളച്ചപ്പോള്‍ നാലു വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി കൊച്ചുകേരളം മാറി. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ വിമാനത്താവളം (കിയാല്‍) വഴി യാത്ര ചെയ്ത് ചരിത്രം കുറിച്ചു.
8 ഇന്ത്യന്‍ നഗരങ്ങളിലേക്കും 11 ഗള്‍ഫ് രാജ്യങ്ങളിലേക്കും വിവിധ വിമാനകമ്പനികളുടെ സര്‍വ്വീസാണ് വിമാനത്താവളത്തില്‍ തുടക്കത്തില്‍ സര്‍വീസ് നടത്തിയിരുന്നതെങ്കിലും ഗോ ഫസ്റ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ സര്‍വീസുകളും ഇപ്പോഴില്ല. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും മാത്രം സര്‍വീസ് നടത്തുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യ 15 ല്‍ കണ്ണൂര്‍ ഇടം പിടിച്ചതും ചരിത്രത്തില്‍ എഴുതപ്പെട്ടു. പ്രവര്‍ത്തനം ആരംഭിച്ച് 9 മാസം കൊണ്ട് പ്രതിദിനം 50 വീതം സര്‍വീസ് ടേക്ക് ഓഫും ലാന്‍ഡിങ്ങും ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കൈവരിച്ചു.
advertisement
കോവിഡ് സമയത്ത് കുവൈത്ത് എയര്‍വേസ്, സൗദി എയര്‍, എയര്‍ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്‌ലൈ ദുബായ്, സലാം എയര്‍, ജസീറ എയര്‍വേസ്, സൗദി എയര്‍വേസ് തുടങ്ങിയ വിദേശ കമ്പനി വിമാനങ്ങളും യാത്രക്കാരുമായി കണ്ണൂരിൻ്റെ മണ്ണില്‍ തൊട്ടിടുണ്ട്. അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 6-ാം വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പതു വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് വിമാന കമ്പനി ഇളവ് പ്രഖ്യാപിച്ചത്.
advertisement
സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടന സംഘം യാത്ര തിരിച്ചതും കണ്ണൂരില്‍ നിന്നാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നായി 145 യാത്രക്കാരാണ് കിയാലില്‍ നിന്നും അന്ന് ആദ്യമായി പറന്നത്. ഹജ് എംബാര്‍ക്കേഷന്‍ പോയിൻ്റ് കിയാല്‍ വിമാനത്താവളത്തില്‍ ആരംഭിച്ചതോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂരിനെയാണ്. ഇത്തവണ കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ 3800-ഓളം പേര്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 3080 പേരാണ് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് പോയത്. ഹജ്ജ് യാത്രയ്ക്ക് മുന്‍പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകുന്നവര്‍ക്ക് നല്‍കുന്ന സാങ്കേതിക പരിശീലന പഠനക്ലാസും ഇതിനകം നല്‍കി കഴിഞ്ഞു.
advertisement
കേരളത്തില്‍ ഭൂരിപക്ഷം വിമാനത്താവളങ്ങളും നഗരത്തിനു പുറത്താണു നിര്‍മിച്ചിട്ടുള്ളത്. സ്ഥലം ഏറെ ആവശ്യമുള്ളതിനാല്‍ പിന്നീട് വിമാനത്താവള പരിസരം പുതിയ നഗരമായി മാറുന്നതാണ് പതിവ് രീതി. ഈ പ്രക്രിയയ്ക്ക് മാറ്റം വരുത്താതെയാണ് കണ്ണൂര്‍ വിമാനത്താവളവും പണിതത്. മൂര്‍ഖന്‍ പറമ്പില്‍ 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ മുടക്കിയാണ് കിയാല്‍ വിമാനത്താവളം നിര്‍മ്മിച്ചത്. റോഡ്, ആശുപത്രി, ഹോട്ടല്‍, ഫൈന്‍ ഡൈനിങ് റസ്റ്ററൻ്റ്, ക്ലബ്ബ്, തിയറ്റര്‍, വിദ്യാലയം, ഷോപ്പിങ് കേന്ദ്രം, മൈതാനം, ഫ്‌ലാറ്റ് സമുച്ചയം എന്നിവയെല്ലാം ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പ് പടുത്തുയര്‍ത്താനും ആലോചന ഏറുകയാണ്. വിമാനത്താവളം എന്ന സൗകര്യം ഉപയോഗിച്ച് വിമാനത്താവള കമ്പനി നേട്ടം കൊയ്യുമ്പോള്‍ വിമാനത്താവളവും നാടും വികസന കുതിപ്പ് നടത്തും എന്ന തന്ത്രത്തിലാണ് ഇന്നും കിയാല്‍ പ്രവര്‍ത്തി നടത്തുന്നത്.
advertisement
കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈഡ് ബോഡി വിമാനത്തെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. വിദേശ വിമാനങ്ങള്‍ ഒരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നല്‍കുന്ന പദവിയായ പിഒസി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് കിയാലിപ്പോള്‍. രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണ് പദവി നല്‍കുന്നത്. പദവി ലഭിക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരും. പിഒസി പദവി നല്‍കുന്നതിലൂടെ വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്കും സമ്പദ് ഘടനയ്ക്കും ധാരാളം നേട്ടങ്ങളുണ്ടാകും. അതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വളരെ വേഗം തന്നെ പിഒസി പദവി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാരും കണ്ണൂരുകാരും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നിട്ട് 6 വര്‍ഷം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement