26 പേരുടെ മരണത്തിന് സാക്ഷിയായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
Last Updated:
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസുകളില്‍ വധശിക്ഷ വിധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ കേരളത്തിൽ മാത്രം ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 26 പേരെ. ഈ 26 പേരെയും തൂക്കിലേറ്റിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പറയാനുള്ളത് ഇവരുടെ മാത്രം കഥയല്ല. ക്രൂരതയ്ക്ക് കാലം കണക്ക് ചോദിച്ചപ്പോള്‍ സാക്ഷിയായതിൻ്റെ ഓർമ്മപെടുത്തലാണ്.
വധശിക്ഷ എന്നത് മറ്റു രാജ്യങ്ങളില്‍ സുപരിചിതമാണെങ്കിലും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വധശിക്ഷ എന്നത് ഇന്നും അത്ഭുതമാണ്. കേരളത്തില്‍ ഇതുവരെ പരമോനത കോടതിയുടെ വിധിപ്രകാരം 26 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ ഈ 26 പേരോടും കാലം കണക്ക് ചോദിച്ചപ്പോള്‍ ഇവരുടെ ജീവൻ്റെ തുടിപ്പ് അവസാനിക്കും വരെ സാക്ഷിയായത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ്.
ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1958ലാണ് കേരളത്തില്‍ ആദ്യ വധശിക്ഷ നടപ്പാക്കുന്നത്. 1960-1963 കാലഘട്ടങ്ങളില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ, ഒറ്റയ്‌ക്കൊരു സെല്ലിലായിരിക്കും പിന്നീട് പാര്‍പ്പിക്കുക. പ്രതിക്ക് ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം ലഭ്യമാക്കണമെന്നാണ് ചട്ടം. പൂര്‍ണമായും മറ്റൊരു ജീവിത രീതി പിന്തുടരുന്ന പ്രതി മാനസികമായും മരണത്തിന് തയ്യാറെടുക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോ എന്നും പരിശോധിക്കും. സൂര്യനുദിക്കുന്നതിനു മുന്‍പാണ് വധ ശിക്ഷ നടപ്പിലാക്കുക. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
advertisement
14 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത റിപ്പര്‍ ചന്ദ്രനെയാണ് സംസ്ഥാനത്ത് ഒടുവിലായി തൂക്കിലേറ്റിയത്. 1991-ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതും കണ്ണൂര്‍ ജയിലിലാണ്. പിന്നീട് മുപ്പത് വര്‍ഷത്തിലധികമായി കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരങ്ങളാണുള്ളത്.
കേരളത്തിലെ വധശിക്ഷകള്‍ നടപ്പാക്കുന്ന ഈ ജയില്‍, കേരളത്തിലെ ആദ്യത്തെ സെന്‍ട്രല്‍ ജയിലാണ്. പള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ജയില്‍ 1869-ല്‍ ആണ് നിര്‍മ്മിച്ചത്. ചരിത്രം പരിശോധിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിൻ്റെ ആദ്യപാദങ്ങളില്‍ തന്നെ കണ്ണൂര്‍ ജില്ലയില്‍ കണ്ണൂരിലും, തലശ്ശേരിയിലും തടവറകള്‍ ഉണ്ടായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടെ ഈ തടവറകളില്‍ കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചു. തുടര്‍ന്ന് 1855-ല്‍ തലശ്ശേരിയിലെ ജയില്‍ പൊളിച്ചു കളഞ്ഞു. എന്നാല്‍ ഈ കാണുന്ന രീതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിയത് 1869-ലാണ്. അന്ന് ഈ തടവറയില്‍ 1062 തടവുപുള്ളികളെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അന്നത്തെ മലബാര്‍ ജില്ലയില്‍ ആകെയുണ്ടായിരുന്ന ജയില്‍ ആയതിനാല്‍ തന്നെ മലബാര്‍ ജില്ലയിലെ സമീപ ജില്ലകളിലെയും തടവു പുള്ളികളെ ഈ ജയിലിലേക്ക് കൊണ്ടു വരാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് 1930-കളുടെ ആദ്യകാലത്ത് ജയില്‍ വികസിപ്പിക്കുകയും 1684 തടവുപുള്ളികള്‍ക്ക് പാര്‍ക്കാന്‍ ഉള്ള സ്ഥലം സൃഷ്ടിക്കുകയും ചെയ്തു.
advertisement
ഇന്നു കാണുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, തടവുകാര്‍ക്ക് സുരക്ഷിത സ്ഥലമാണ്. ജയില്‍ തടവുകാര്‍ ബിരിയാണി, ചപ്പാത്തി തുടങ്ങിയ ഉല്‍പ്പനം നിര്‍മ്മിക്കുന്നതും മിതമായ നിരക്കില്‍ ഇവ വിപണനം നടത്തുന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ വധശിക്ഷ കാത്ത് ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥനടക്കം 39 പേരുണ്ട്. ഇതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം തൂക്കുകയര്‍ കാത്തുകിടക്കുന്നത് 4 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 21, 2024 4:00 PM IST