വരൻ അഴീക്കോട്ടുകാരൻ, വധു ശ്രീബുദ്ധൻ്റെ നാട്ടുകാരി; ഒരപൂര്‍വ കല്യാണം
Last Updated:
ആദ്യമായി ബീഹാറി കല്യാണം കണ്ടത്തിൻ്റെ ആശ്ചര്യത്തില്‍ അഴീക്കോട് ഗ്രാമം. ശ്രീബുദ്ധൻ്റെ ജന്മനാട്ടില്‍ നിന്ന് അഴീക്കോടിൻ്റെ മരുമകളായി ബീഹാറി പെണ്‍കുട്ടി. ഗോവിന്ദപുരം ക്ഷേത്രത്തില്‍ നടന്ന കല്യാണം അത്യപൂര്‍വ്വം.
നിരവധി മംഗല്യ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചെങ്കിലും അഴീക്കോട് ഗോവിന്ദപുരം ശ്രീവിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന മംഗല്യം അപൂര്‍വ്വം. വരന്‍ അഴീക്കോട് സ്വദേശി സിജിന് വധുവായെത്തിയത് ശ്രീബുദ്ധൻ്റെ ജന്മനാടായ ബുദ്ധഗയാ സ്വദേശിനി പൂജാകുമാരി. ബീഹാറിലെ പരമ്പരാഗത ആചാരപ്രകാരമായ കരിമണി മാലയില്‍ കോര്‍ത്ത് മംഗല്യസൂത്രം വരന്‍ അണിയിച്ചതോടെ അഴീക്കോടിൻ്റെ മരുമകളായി പൂജാകുമാരി മാറി.
വിവാഹം നടന്നതോടെ ഭാഷയുടെയും ആചാരങ്ങളുടെയും അതിരുകള്‍ മറന്ന് ഇരുവരും മാത്രമല്ല, മറിച്ച് ഇരു കുടുംബങ്ങളും ഒന്നായി. അഴിക്കോട് ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രൻ്റെയും നളിനിയുടെയും മകനാണ് സിജി. ഹയര്‍ സെക്കണ്ടറി പഠന ശേഷം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു സിജി. കുടുംബ പ്രശ്‌നം കാരണം നാട്ടില്‍ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യ്തുവരികയായിരുന്നു. ഇതിനിടയില്‍ കല്ല്യാണ ആലോചന തകൃതിയായി തുടര്‍ന്നു.

advertisement
കേരളത്തില്‍ ജോലി ചെയ്യാനെത്തിയ ബീഹാറി സ്വദേശി ആശാരിപ്പണിക്കാരന്‍ ധര്‍മേന്ദ്രയാണ് സിജിക്ക് ദൂതനായാത്. വര്‍ഷങ്ങളായി കേരളത്തില്‍ ജീവിക്കുന്ന ധര്‍മേന്ദ്ര 2 വര്‍ഷമായി കണ്ണൂരിലാണ് ജോലി നോക്കുന്നത്. ഇതിനിടയില്‍ സിജിയുമായി പരിചയമായി. തുടര്‍ന്നാണ് തൻ്റെ ബന്ധുകൂടിയായ പൂജാകുമാരിയെ കുറിച്ച് ധര്‍മേന്ദ്ര സിജിയോട് പറയുന്നത്. ഗയയില്‍ റൗണ്ട് വാ ഗ്രാമത്തില്‍ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശര്‍മയുടെയും സുഭദ്രയുടെയും മകളാണ് പൂജ. ധര്‍മേന്ദ്ര പറഞ്ഞതനുസരിച്ച് സിജി പൂജയുടെ വീട്ടില്‍ ചെന്ന് പെണ്‍ ചോദിച്ചു. കേരളത്തിലേക്ക് പൂജയെ വിവാഹം കഴിച്ചയക്കാന്‍ സമ്മതമെന്ന് പൂജയുടെ ബന്ധുക്കള്‍ അറിയിച്ചതോടെ പിന്നെ സിജിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
advertisement
അഴീക്കോട്ടെ ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിവാഹം നടന്നു. പൂജയുടെ 20 ഓളം കുടുംബാംഗങ്ങള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മീന്‍കുന്നിലെ റിസോര്‍ട്ടിൽ ബീഹാര്‍ കല്യാണത്തിലെ ചടങ്ങുകളും ഗംഭീരമായി നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 05, 2025 1:24 PM IST