മയ്യഴിക്ക് നവ്യാനുഭവമായി മെഗാ തിരുവാതിര, അണിനിരന്നത് മുന്നൂറിലേറെ വനിതകള്‍
Last Updated:
മാഹിയുടെ ചരിത്രത്തിലാദ്യമായി മുന്നൂറിലധികം പേര്‍ ചേര്‍ന്ന് ഒരുക്കിയ തിരുവാതിര കൗതുക കാഴ്ച്ചയായി. നിരവധി പേരാണ് മെഗാ തിരുവാതിര കാണാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചു കൂടിയത്.
സന്ധ്യാ വേളയില്‍ വിശാലമായ മാഹി പള്ളൂര്‍ വി എൻ പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഗ്രാണ്ടില്‍ നിരവധി മങ്കമാരാണ് അണിഞ്ഞൊരുങ്ങിയെത്തിയത്. ചരിത്ര താളുകളില്‍ എഴുതപ്പെട്ട ദിനമായിരുന്നു അത്. മയ്യഴിയിലാദ്യമായി മുന്നൂറിലേറെ വനിതകള്‍ ഒരേ താളത്തില്‍ ഒരേ ഭാവത്തില്‍ പദചലനങ്ങള്‍ തീര്‍ത്ത് മലയാളത്തിൻ്റെ മണമുള്ള പാട്ടിനൊപ്പം ചുവടുവെച്ചു. ഒരു പോലുള്ള നൃത്ത ചവടുകള്‍ കണ്ടു നിന്ന നൂറുകണക്കിന് കാണികള്‍ക്ക് ഈ നിമിഷം നയന മനോഹരമായ കാഴ്ചയായി. വിഘ്‌നങ്ങളകറ്റാന്‍ ഗണപതി സ്തുതിയോടെ മുന്നൂറിലേറെ വനിതകള്‍ തിരുവാതിര ആരംഭിച്ചു. തുടര്‍ന്ന് സരസ്വതി വന്ദനത്തോടെ ചുവടുകള്‍. ശിവപാര്‍വതിയെ സ്തുതിച്ചുള്ള ആലാപനവും നൃത്തവും കാഴ്ച്ചക്കാര്‍ ആസ്വദിച്ചു.
പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ ഇരുപതാം വാര്‍ഷികാഘോഷമായ ഫെസ്റ്റിവ് 2025ൻ്റെ ഭാഗമായാണ് വനിതകളുടെ കൂട്ടായ്മയായ പ്രിയദര്‍ശിനി വനിതാവേദി മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സായംസന്ധ്യയിലെ തിരുവാതിര കലാസ്വാദകര്‍ക്ക് വിരുന്നായിരുന്നു. കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിൻ്റെ താളത്തിനൊത്ത് പെണ്‍കുട്ടികള്‍, യുവതികള്‍, അമ്മമ്മാര്‍ എന്നിവര്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്തു. ഒരേ നിറത്തിലെ സാരി, ബ്ലൗസ് എന്നീ വേഷവിധാനത്തിലാണ് തിരുവാതിര കളിച്ചത്. പാട്ടിൻ്റെ താളത്തിനൊത്ത് ചുവടുവച്ചും കൈകള്‍ കൊട്ടിയും മുന്നുറോളം വനിതകൾ അണിനിരന്ന സ്‌കൂള്‍ ഗ്രൗണ്ട് കൗതുക കാഴ്ച്ചയായി.
advertisement
മാഹിയില്‍ ആദ്യമായി ഒരു പൊതുപരിപാടിയില്‍ ഇത്രയും അധികം അംഗങ്ങള്‍ ചേര്‍ന്നുള്ള തിരുവാതിരക്കളി ആദ്യമായതിനാല്‍ തന്നെ തിരുവാതിര കാണാന്‍ നിരവധി പേരാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചു കൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 23, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മയ്യഴിക്ക് നവ്യാനുഭവമായി മെഗാ തിരുവാതിര, അണിനിരന്നത് മുന്നൂറിലേറെ വനിതകള്‍