ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിൻ്റെ കാലത്ത് വേറിട്ടൊരു വിവാഹം, വേദി ആശുപത്രി
Last Updated:
ബീച്ചുകളും മലമുകളുമെല്ലാം കല്യാണ ലൊക്കേഷന്‍ ആകുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിൻ്റെ കാലമാണിന്ന്. അങ്ങനൊരു വേറിട്ട വിവാഹത്തിൻ്റെ റീല്‍സും നവമാധ്യമങ്ങളില്‍ വൈറലായി. തലശ്ശേരിയിലാണ് ആ വൈറല്‍ നിക്കാഹ്.
വേറിട്ട ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനിടെ തലശ്ശേരിയിലെ ഈ വിവാഹമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഈ വിവാഹത്തിലെ ഡെസ്റ്റിനേഷന്‍ തലശ്ശേരി സഹകരണ ആശുപത്രിയാണെന്നതാണ് വ്യത്യസ്തത. നീട്ടിവയ്ക്കാന്‍ ആലോചിച്ച നിക്കാഹ് നിശ്ചയിച്ച നാളില്‍ തന്നെ നടത്താനായതിൻ്റെ ആശ്വാസത്തിലാണ് തലശ്ശേരി സ്വദേശി ബഷീര്‍. മൈലാഞ്ചി ചോപ്പിൻ്റെ മൊഞ്ചുമായി പുതുവസ്ത്രങ്ങളണിഞ്ഞെത്തിയ മണവാട്ടിയുടെയും മണവാളൻ്റെയും മുഖത്ത് ആഹ്ലാദം നിറഞ്ഞ നിമിഷമായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് തുടയെല്ല് പൊട്ടി ആശുപത്രിയിലായിരുന്നു വധുവിൻ്റെ ഉപ്പ ബഷീര്‍. നിക്കാഹ് മാറ്റി വയ്ക്കണമെന്ന അഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും നിശ്ചയിച്ച ദിവസം വധു ഫിദയെ സ്വന്തമാക്കണമെന്ന ആഗ്രഹമായിരുന്നു വരന്‍ ഇരിട്ടി സ്വദേശി ഷാനിസിന്. ആശുപത്രി കട്ടിലില്‍ കിടന്നുകൊണ്ട് ബഷീര്‍ വരന് കൈകൊടുത്തു. പ്രാര്‍ത്ഥനയും ആശംസകളുമായി അടുത്ത ബന്ധുക്കളും കൂടെ നിന്നതോടെ വരനും വധുവും സന്തോഷത്തിലാണ്ടു. ഭാര്യക്കും കുട്ടിക്കുമൊപ്പം തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ബഷീറിൻ്റെ സ്‌കൂട്ടറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഭാര്യയ്ക്കും കുട്ടിക്കും വലിയ പരിക്കേറ്റില്ല. എന്നാല്‍ ബഷീറിൻ്റെ തുടയെല്ല് പൊട്ടി ദിവസങ്ങള്‍ നീണ്ട ചികിത്സയില്‍ ആശുപത്രിയിലായി. മകളുടെ വിവാഹം മാറ്റിവയ്ക്കാം എന്ന ചിന്തയാണ് ആദ്യം ഉണ്ടായത്. എന്നാല്‍ പ്രതിബന്ധങ്ങളെ മറികടക്കണമെന്ന ഉറച്ച വിശ്വാസത്തില്‍ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ നിക്കാഹ് നടത്താന്‍ തീരുമാനിച്ചു.
advertisement
തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയാണ് രണ്ട് കുടുംബത്തിലും ആഹ്ലാദം നിറച്ച നിക്കാഹിന് വേദിയായത്. നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് നടത്താനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നിക്കാഹിന് പ്രത്യേക മുറിയുമൊരുക്കി. പിന്നെ പിതാവിനെ സ്ട്രക്ചറില്‍ മുറിയിലെത്തിച്ചു. വരനും ബന്ധുക്കളും അവിടെയെത്തി. തുടര്‍ന്ന് 11.30 ന് നിക്കാഹ് നടത്തി. അങ്ങനെ ഷാനിസ് ഫിദയെ ജീവിതസഖിയാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 27, 2024 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിൻ്റെ കാലത്ത് വേറിട്ടൊരു വിവാഹം, വേദി ആശുപത്രി