ഭാവ ഗായകൻ്റെ മറക്കാത്ത ഓര്‍മ്മയില്‍ തലശ്ശേരിക്കാരും
Last Updated:
കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ... ഇനിയൊരു മടങ്ങി വരവില്ലാതെ ഗാന കുലപതി സംഗീത ലോകത്തോട് വിട പറഞ്ഞു. ഭാവ ഗായകൻ്റെ വിയോഗം മലയാളക്കരക്ക് തീരാനഷ്ടമാണ് സമ്മാനിക്കുന്നത്. ജയചന്ദ്രന്‍ വിട പറഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ ഗാനങ്ങള്‍ യുഗങ്ങള്‍ താണ്ടും.
ആറ് പതിറ്റാണ്ടോളമായി മലയാളികളുടെ ഭാവതാളമായ ഗായകന് പി. ജയചന്ദ്രൻ്റെ വിയോഗത്തിലാണ് മലയാളക്കര. അര്‍ബുദ ബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്ന പി. ജയചന്ദ്രൻ ജനുവരി 9ന് ലോകത്തോട് വിട പറഞ്ഞു. പ്രണയവും വിരഹവും ഭക്തിയും നിറഞ്ഞ രാഗം ജയചന്ദ്രന്‍ൻ്റെ ആലാപനത്തില്‍ സംഗീത ലോകം ഏറ്റെടുത്തു.
പി ജയചന്ദ്രൻ്റെ വിയോഗത്തില്‍ തലശ്ശേരിക്കരയും ദുഖത്തിലാണ്ടു. എണ്ണം പറഞ്ഞ സിനിമകളിലൊന്നായ പഞ്ചവടി സിനിമയും അതിലെ ഗാനങ്ങളും മലയാളികള്‍ ഈണമിട്ട് പാടികൊണ്ടിരുന്ന കാലം. 1973 ല്‍ ജയചന്ദ്രനും ഗാനമേള ട്രൂപ്പും തലശ്ശേരിയില്‍ വന്നു. മാഹി സ്പിന്നിംഗ് മില്‍ ഐ എന്‍ ടി യു സി വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായാണ് അദ്ദേഹമെത്തിയത്. ജയചന്ദ്രൻ്റെ ശബ്ദം ഒന്നു കേള്‍ക്കാന്... അദ്ദേഹത്തിൻ്റെ പാട്ടൊന്നു മതിമറന്ന് കേള്‍ക്കാന്‍ മാത്രം തടിച്ചു കൂടിയത് പതിനായിരങ്ങളാണ്. പിന്നീടൊരിക്കല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലും ജയചന്ദ്രന്‍ എത്തി. പ്രശസ്ത സംഗീത ട്രൂപ്പായ തലശ്ശേരിയിലെ മെലഡി മേക്കേര്‍സിൻ്റെ ഉദ്ഘാടന ചടങ്ങ് തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യാനായും 1989ല്‍ ജയചന്ദ്രന് തലശ്ശേരി പട്ടണത്തിലെത്തി. ആള്‍ക്കാരുടെ താല്‍പര്യം കണക്കിലെടുത്ത് ഒരു പിടി നല്ല ഗാനങ്ങള്‍ പാടി കേള്‍പ്പിച്ചാണ് ജയചന്ദ്രന്‍ അന്ന് മടങ്ങിയത്. കേട്ട പാട്ടുകളാണെങ്കിലും വീണ്ടും വീണ്ടും അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ താളം പിടിക്കാൻ അന്ന് നിറഞ്ഞ സദസ്സ് കാത്തിരുന്നു.
advertisement

തലശ്ശേരിയില്‍ പ്രമുഖ സംഗീത സംവിധായകന്‍ എ. ടി. ഉമ്മറാണ് ജയചന്ദ്രനെ കൊണ്ടുവന്നത്. ഉത്തര മലബാറില്‍ ജയചന്ദ്രൻ്റെ ഗാനമേളകളുണ്ടാകുമ്പോള്‍ തബലിസ്റ്റ് അതികവും സുരേഷ് ബാബുവായിരിക്കും. തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ കല്‍വിളക്കുകള്‍ക്കും ജയചന്ദ്രൻ്റെ ആലാപന മികവ് കേള്‍ക്കാനും കാണാനും സാധിച്ചിരുന്നു. ആലപിച്ച ആത്മീയാനുഭൂതി പകര്‍ന്ന ഭക്തിഗാനമേള ഇന്നും തലശ്ശേരിക്കാരുടെ കാതുകളെ മധുരിതമാക്കുന്നുണ്ട്.
തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാൻ്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവില്‍നിന്നാണ് സംഗീതത്തോടുള്ള താല്‍പര്യം ജയചന്ദ്രനിലേക്ക് പകര്‍ന്നത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി.
advertisement
സന്ധ്യക്കെന്തിനു സിന്ദൂരം, റംസാനിലെ ചന്ദ്രികയോ, ഉപാസന ഉപാസനാ, കരിമുകില്‍ കാട്ടിലെ, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കല്ലായിക്കടവത്തെ, പ്രായം തമ്മില്‍ മോഹം നല്‍കി, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, ആരാരും കാണാതെ ആരോമല്‍ തൈമുല്ല തുടങ്ങി ജയചന്ദ്രൻ്റെ ഈണം ഇന്നും കാതുകളില്‍ മൂളുന്നു. കേരള സര്‍ക്കാരിൻ്റെ ജെ. സി. ഡാനിയല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം, സര്‍ക്കാരിൻ്റെ കലൈമാമണി ബഹുമതി എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 12, 2025 11:17 AM IST