നടിയെ ആക്രമിച്ച കേസ്: ഭീഷണിപ്പെടുത്തൽ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ.യുടെ സെക്രട്ടറിയെ ചോദ്യം ചെയ്തു
- Published by:user_57
- news18-malayalam
Last Updated:
ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു
കാസർഗോഡ് : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ.യുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി. അഞ്ചു മണിക്കൂർ നേരത്തെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാണ് പ്രദീപ് കുമാർ മടങ്ങിയത്.
മൊഴിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും. കാസർഗോഡ് സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഓഫീസിൽ രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു.
നവംബർ 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുള്ളതിനാൽ കോടതി അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരായത്.
advertisement
എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ജനുവരി 24ന് കാഞ്ഞങ്ങാട് എത്തിയ പ്രദീപ് കുമാർ വിവിൻ ലാലിൻ്റെ വീട്ടിലും അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലുമെത്തിയിരുന്നു. ദിലീപിൻ്റെ വക്കീൽ ഗുമസ്തനെന്ന് പരിചയപ്പെടുത്തിയ ശേഷം കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണി കത്തുകളും വന്നതോടെയാണ് കഴിഞ്ഞ സെപ്തംബർ 26 ന് വിപിൻ ലാൽ ബേക്കൽ പോലീസിൽ പരാതി നൽകിയത്.
കേസിൽ ജ്വല്ലറിയിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിച്ച ശേഷമാണ് പ്രദീപിൻ്റെ സാന്നിധ്യം പോലീസ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2020 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്: ഭീഷണിപ്പെടുത്തൽ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ.യുടെ സെക്രട്ടറിയെ ചോദ്യം ചെയ്തു