28 വര്ഷം മുന്പ് ഡി.വൈ.എഫ്.ഐയുടെ യുവനേതാവിനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാന് നടത്തിയ നീക്കത്തിന്റെ തനിയാവര്ത്തനമായിരുന്നു ഇത്തവണയും കോന്നിയില്. അന്ന് സിപിഎമ്മിന് വേണ്ടി മണ്ഡലം പിടിച്ചെടുത്ത ഇപ്പോഴത്തെ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പദ്മകുമാറും അഡ്വ. കെ.യു ജനീഷ് കുമാറും തമ്മില് സാമ്യതയേറെ. 1991-ല് കോന്നിയില് മത്സരിക്കുമ്പോള് പദ്മകുമാര് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഇപ്പോള് അതേസ്ഥാനത്ത് പ്രവര്ത്തിക്കുമ്പോഴാണ് മണ്ഡലം തിരിച്ചുപിടിക്കാനുള്ള നിയോഗം ജനീഷിനും ലഭിക്കുന്നത്. ഇരുവരും പാര്ട്ടി ഏല്പ്പിച്ച നിയോഗം വിജയകരമായി പൂര്ത്തിയാക്കുകയും ചെയ്തു.
തന്റെ വഴിയേയുള്ള ജനീഷ് കുമാറിന്റെ യാത്ര ആദ്യം ചൂണ്ടിക്കാട്ടിയത് പദ്മകുമാര് തന്നെയാണ്. സെപ്തംബര് 27-ന് പദ്മകുമാര് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: '1991 ല് ഞാന് കോന്നിയില് മത്സരിക്കുമ്പോള് DYFI സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു..... ഇപ്പോള് ജനീഷ് കുമാറും അതേ സ്ഥാനത്താണ്..... UDF ന്റെ കയ്യില് നിന്ന് 1991 ല് കോന്നി മണ്ഡലം തിരിച്ചുപിടിക്കാന് എനിക്കായിരുന്നു നിയോഗമെങ്കില് 23 വര്ഷത്തിന് ശേഷം ജനീഷ് കുമാര് ആ ദൗത്യം ഏറ്റെടുക്കുന്നു. അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.'
1991-ല് സി.പി രാമചന്ദ്രന് നായരെ തോല്പ്പിച്ചാണ് പദ്മകുമാര് കോന്നി മണ്ഡലം പിടിച്ചെടുത്തത്. 96-ല് അടൂര് പ്രകാശിനോട് പദ്മകുമാര് തോല്വി ഏറ്റുവാങ്ങി. പിന്നീട് 23 വര്ഷം കോന്നി തുണച്ചത് യു.ഡി.എഫിനെയാണ്. അടൂര് പ്രകാശിന്റെ അപ്രമാദിത്വം തകര്ക്കാന് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എം ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അടൂര് പ്രകാശ് ആറ്റിങ്ങലില് നിന്ന് പാര്ലമെന്റിലേക്ക് പോയശേഷം കോന്നിയില് ഉപതെരഞ്ഞെടുപ്പ് വന്നപ്പോള് നറുക്ക് വീണത് ജനീഷ് കുമാറിനാണെന്നത് തികച്ചും യാദൃശ്ചികമായിരുന്നു. എന്നാല് പദ്മകുമാറിന്റെ വഴിയേ, ഡി.വൈ.എഫ്.ഐ നേതൃസ്ഥാനത്തുനിന്നുമുള്ള ജനീഷ്കുമാറിന്റെ വരവ് മണ്ഡലത്തിലെ പാര്ട്ടി സംവിധാനത്തിനാകെ ആവേശമായി മാറി. യുവജന സംഘടനകള് വളരെ സജീവമായി പ്രചാരണത്തില് പങ്കെടുത്തതും അനായാസ വിജയത്തിലേക്കുള്ള വഴിയായെന്നാണ് പാര്ട്ടി വിലയിരുത്തല്.
ശബരിമല വിവാദത്തില് പാര്ട്ടിക്കുള്ളില് അടക്കം ഏറെ പഴി കേട്ടയാളാണ് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റായ പദ്മകുമാര്. കോന്നിയിലെ പാര്ട്ടി ജയവും ബി.ജെ.പി സ്ഥാനാര്ഥി കെ. സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും സി.പി.എമ്മിന് ആകെ ആശ്വാസം പകരുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ജനീഷ് കുമാറിന്റെ വിജയത്തില് പദ്മകുമാറിനും ആഹ്ലാദിക്കാന് ഏറെയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.