എൻ പ്രശാന്തിന്റെ സസ്പെൻഷൻ 6 മാസംകൂടി നീട്ടി; വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
2024 നവംബർ 10നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി
തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി. 2024 നവംബർ 10നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ വീണ്ടും നീട്ടിയത്. നിലവിൽ ചീഫ് സെക്രട്ടറിയാണ് ജയതിലക്.
മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിന് വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്.
‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ ജയതിലകാണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷനിലേക്ക് നയിച്ചത്. അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവറുടെ റോളാണു താൻ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവർത്തകനെ വിമർശിക്കുന്നത് സർവീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് വാദിച്ചെങ്കിലും ചട്ടലംഘനം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. മലയാളിയായ പ്രശാന്ത് 2007 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്.
advertisement
അതേസമയം, സസ്പെൻഷന്റെ വാർഷിക പോസ്റ്റ് എന്ന പേരിൽ എൻ പ്രശാന്ത് ഇന്നലെയും സമൂഹ മാധ്യമങ്ങളിൽ എ ജയതിലകിനെതിരെ പോസ്റ്റിട്ടിരുന്നു. ആരോപണവിധേയനും ആരോപണങ്ങളിൽ നടപടിയെടുക്കേണ്ടതും ഒരാളായിരിക്കുന്ന കാര്യമാണ് പ്രശാന്ത് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. 'എനിക്ക് സന്തോഷകരവും അഭിമാനകരവുമായ സസ്‌പെൻഷൻ വാർഷികാശംസകൾ' എന്ന് വരികളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 12, 2025 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻ പ്രശാന്തിന്റെ സസ്പെൻഷൻ 6 മാസംകൂടി നീട്ടി; വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സർക്കാർ


