K Rail വരില്ല;പകരം തിരുവനന്തപുരം- കാസർഗോഡ് അതിവേഗ റെയിൽ പാത
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ടാംഘട്ടമായി തൃശ്ശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി.
പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേന്ദ്ര സർക്കാരുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.
അതിവേഗ ഗതാഗത സംവിധാനം എന്നത് സർക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത്, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയർന്ന വേഗതയിലുള്ള റെയിൽ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ചയ്ക്ക് അനിവാര്യമാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുക, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തുക എന്നതൊക്കെയാണ് ഈ കാഴ്ച്ചപ്പാടിന്റെ കേന്ദ്രബിന്ദു.
advertisement
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഉയർന്ന വേഗതയിലുള്ള റെയിൽ കണക്റ്റിവിറ്റി ലക്ഷ്യമിട്ട K-Rall (Silverline) പദ്ധതി ഇന്ത്യൻ റെയിൽവെയുടെ സാങ്കേതിക എതിർപ്പുകൾ കാരണം മുന്നോട്ട് പോകുവാൻ സാധിച്ചിട്ടില്ല. കൂടാതെ ചില പ്രദേശങ്ങളിലെങ്കിലും ജനങ്ങളുടെ എതിർപ്പുകളും ഉണ്ടായി.
നാളിതുവരെയായിട്ടും സംസ്ഥാനം സമർപ്പിച്ച ഡി.പി.ആർ ന് റെയിൽവേയുടെ അനുമതി ലഭ്യമാക്കിയിട്ടില്ല. ഡി.പി.ആർ അനുമതിക്കായി റെയിൽവേ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേർന്നു പോകാത്തതുമാണ്. റെയിൽവേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കുവാനും കഴിയില്ല.
advertisement
ആർ.ആർ.ടി.എസ് (റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയിൽവേ സംവിധാനമാണ്. ഡൽഹി - മിററ്റ് ആർ.ആർ.ടി.എസ് കോറിഡോർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. മണിക്കൂറിൽ 160 - 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവ ആർ.ആർ.ടി.എസ് നെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആർ ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണ്ണമായും ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളിൽ കൂടി) ആയി നടപ്പിലാക്കാൻ കഴിയും.
advertisement
എൻ.സി.ആർ.ടി.സി (നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട് കോർപറേഷൻ) വഴി ഡൽഹി - എൻ.സി.ആർ മേഖലയിൽ നടപ്പിലാക്കുന്ന ആർ.ആർ.ടി.എസ് പദ്ധതി ഡൽഹി - എൻ.സി.ആർ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡി.പി.ആർ സമർപ്പിക്കപ്പെടുന്ന പക്ഷം, കേരളത്തിലെ ആർ്ആർ.ടി.എസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദർശന വേളയിൽ അറിയിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയിൽവേ സംവിധാനമായ ആർ.ആർ.ടി.എസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
advertisement
സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പിൽ കൂടെയുള്ള (embankment) മോഡലിന് പകരം തൂണുകൾ വഴിയുള്ള (elevated viaduct) മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളിൽ ഉയർന്നു വന്ന അഭിപ്രായ വ്യത്യാസങ്ങൾ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്മെന്റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.
ആർ.ആർ.ടി.എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയിൽ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആർ.ആർ.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാൻ സാധ്യമാകും. ലാസ്റ്റ് മൈൽ കണക്ട്വിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും.
advertisement
പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സർക്കാർ, 20% കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ഡൽഹി ആർ.ആർ.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുക വഴി സംസ്ഥാനത്തിന് സാമ്പത്തിക ഭാരം കുറയ്ക്കുവാനും കഴിയും.
നിലവിലെ സാമ്പത്തിക - സാങ്കേതിക സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, ആർ.ആർ.ടി.എസ് പദ്ധതി ഘട്ടങ്ങളായി (phased manner) നടപ്പിലാക്കുന്നത് പരിഗണിക്കും. വിവിധ ഘട്ടങ്ങൾ പരസ്പരം സമാന്തരമായി ഒരേ സമയം തന്നെ പുരോഗമിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഉള്ള Travancore Line (Phase - -1), അതിന്റെ ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി (parallel execution) ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027 ൽ നിർമ്മാണം ആരംഭിച്ച് 2033 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
advertisement
രണ്ടാംഘട്ടമായി തൃശ്ശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർഗോഡ് ലൈനും പൂർത്തിയാക്കുന്നതിനുമാണ് നിർദ്ദേശമുള്ളത്.
പദ്ധതി അയൽ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസർഗോഡ് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏകദേശം 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർത്ഥ്യമാക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 28, 2026 10:01 PM IST










