തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്(Police) മുന്നറിയിപ്പ്. പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാടെത്തും. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം.
എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. അതേസമയം ഇന്നലെ കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. നിരവധി വാഹനങ്ങള്‍ അകമ്പടിയായി ഒപ്പമുണ്ട്.
എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
മൂന്ന് സ്കൂട്ടറുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.