HEX20 Nila: കേരളത്തിന് അഭിമാനനിമിഷം; സ്പേസ് എക്സിന്റെ ചിറകിൽ 'നിള’ ബഹിരാകാശത്ത്
- Published by:Sarika N
- news18-malayalam
Last Updated:
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയുടെ പേരിലുള്ള ഉപഗ്രഹം മാർച്ച് 15 നാണു സ്‌പേസ് എക്‌സിന്റെ ട്രാൻസ്‌പോർട്ടർ 13 ദൗത്യത്തിലൂടെ വിക്ഷേപിച്ചത്
തിരുവനന്തപുരം: മലയാളികൾക്ക് ഇത് അഭിമാനനിമിഷം. കേരളത്തിൽ നിർമിച്ച ഉപഗ്രഹം നിള ജർമൻ പഠനോപകരണവുമായി സ്പേസ് എക്സിന്റെ റോക്കറ്റിൽ ബഹിരാകാശത്തെത്തി പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയുടെ പേരിലുള്ള ഈ ഉപഗ്രഹം മാർച്ച് 15 നാണു സ്‌പേസ് എക്‌സിന്റെ ട്രാൻസ്‌പോർട്ടർ 13 ദൗത്യത്തിലൂടെ വിക്ഷേപിച്ചത്. ടെക്നോപാർക്കിലെ ചെറുകിട ഉപഗ്രഹ നിർമാണ കമ്പനിയായ ഹെക്സ് 20 യുടെ ‘നിള’ ജർമൻ കമ്പനിയായ ഡിക്യൂബ്ഡിന്റെ ആക്ച്വേറ്റർ എന്ന പേലോഡുമായാണ് ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്. മറ്റ് കമ്പനികളുടെ പേലോഡ് വഹിക്കുന്നതും ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിർമ്മിച്ചതുമായ ആദ്യ ഉപഗ്രഹം കൂടിയാണ് നിള. വിക്ഷേപണത്തിന് പിന്നാലെ മാർച്ച് 16ന് തിരുവനന്തപുരത്തെ മരിയൻ എൻജിനീയറിങ് കോളേജിലെ ഹെക്സ് 20 നിയന്ത്രണ കേന്ദ്രത്തിലേക്ക് പേടകം അതിന്റെ ആദ്യ സിഗ്നൽ നൽകുകയും ചെയ്തിരുന്നു. ബഹിരാകാശ ഗവേഷണ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന സർക്കാർ ഏജൻസിയായ ഇന്ത്യൻ നാഷണൽ ഫെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) പിന്തുണയോടെയാണ് ദൗത്യം പൂർത്തിയാക്കിയത്.
ലോയ്ഡ് ജേക്കബ് ലോപ്പസ്, അനുരാഗ് രഘു, അമൽ ചന്ദ്രൻ, അശ്വിൻ ചന്ദ്രൻ, അരവിന്ദ് എംബി എന്നീ അഞ്ച് സുഹൃത്തുക്കളുടെ സൗഹൃദ കൂട്ടായ്മയുടെ സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമാകുന്നത്. ഇവർ അഞ്ചുപേരും ചേർന്ന് 2020 ലാണ് ഹെക്സ് 20 ആരംഭിക്കുന്നത്. കമ്പനി 2023ലാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്. ഇത് കമ്പനിയുടെ ആദ്യ പ്രധാന പ്രോജക്റ്റാണ്. ടെക്നോപാർക്കിലെ ആസ്ഥാനത്ത് നിന്നാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്, ഇത് അവരുടെ ആദ്യത്തെ പ്രധാന ദൗത്യമായ പൂർണമായും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂർത്തിയായത്.
advertisement
നിള പദ്ധതിക്ക് ഐ.എസ്.ആർ.ഒയുടെ പൂർണ പിന്തുണ ലഭിച്ചിരുന്നു. മരിയൻ കോളേജിൽ ഉപഗ്രഹങ്ങൾ നിർമ്മാണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കാൻ ഐഎസ്ആർഒ സാങ്കേതിക സഹായം ഉൾപ്പെടെ നൽകിയിരുന്നു. നിള ദൗത്യത്തിന് അപ്പുറം ബഹിരാകാശ ഗവേഷണങ്ങളിൽ താല്പര്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഹെക്സ് 20 പ്രവർത്തിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ലോയ്ഡ് ജേക്കബ് ലോപ്പസ് പറഞ്ഞു. യുഎഇ സ്പേസ് ഏജൻസിയുമായി കമ്പനി നേരത്തെ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയെ സംബന്ധിച്ച് തങ്ങൾ തുടക്കക്കാർ മാത്രമാണെന്നും ലോയ്ഡ് ജേക്കബ് ലോപ്പസ് കൂട്ടിച്ചേർത്തു. ഐഎസ്ആർഒയുമായി സഹകരിച്ച അടുത്ത വർഷം തന്നെ ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്ന് ഹെക്സ് 20 യുടെ ചീഫ് ടെക്നിക്കൽ ഓഫീസർ അമൽ ചന്ദ്രൻ പറഞ്ഞു. 50 കിലോ ഭാരം വരുന്ന ഉപഗ്രഹം ആണ് ഈ ദൗത്യത്തിനായി തയ്യാറാക്കാൻ ശ്രമിക്കുന്നത്. ഇതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് നിളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 27, 2025 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
HEX20 Nila: കേരളത്തിന് അഭിമാനനിമിഷം; സ്പേസ് എക്സിന്റെ ചിറകിൽ 'നിള’ ബഹിരാകാശത്ത്