'കേരള സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക എംബ്ലം ചേർത്താൽ എന്താ കുഴപ്പം?' സെക്രട്ടറി

Last Updated:

എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്നും ഇത് മഹാപാതകമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അബൂബക്കർ ഫേസ്ബുക്കിൽ കുറിച്ചു

News18
News18
തൃശൂർ: കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ 30 പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണ്. അസാധാരണ നടപടിയെന്ന് ഒരു വിഭാഗം എഴുത്തുകാർ പ്രതികരിക്കുമ്പോൾ അക്കാദമിയുടെ നടപടിയെ ന്യായീകരിച്ച് സെക്രട്ടറി സി പി അബൂബക്കർ രംഗത്തെത്തി. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്നും ഇത് മഹാപാതകമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അബൂബക്കർ ഫേസ്ബുക്കിൽ കുറിച്ചു.
വിശദീകരണം ഇങ്ങനെ
പുസ്തകങ്ങളില്‍ എംബ്ലം ചേര്‍ത്തതുസംബന്ധിച്ച്.
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി വിവിധസാംസ്‌കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.
പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം പിന്‍വശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം എല്‍ എ ശ്രീ പി ബാലചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
advertisement
എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അസ്വീകാര്യമാവുന്നുവെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.
advertisement
ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.
വീരാൻകുട്ടിയുടെ വിമർശനം
കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് അസാധാരണ നടപടിയാണ്. അക്കാദമികൾ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണാനുകൂലികളെ നിയമിച്ച് എതിർപ്പുകൾ ഏറ്റുവാങ്ങിയ മോദി സർക്കാർപോലും സ്വന്തം ഭരണത്തിന്റെ പരസ്യത്തിനായി അക്കാദമിയുടെ പുസ്തകങ്ങളെ ഉപയോഗിച്ചതായി അറിയില്ല. ഇനി അതും സംഭവിച്ചുകൂടായ്കയില്ല. അതിനുള്ള മാതൃക കേരള സാഹിത്യ അക്കാദമി മുൻകൂട്ടി കാണിച്ചുകൊടുത്തിരിക്കുന്നു. സർക്കാർ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാൻ വഴിയില്ല. പകരം പാർട്ടി വക നിയമനം കിട്ടിയ ഭാരവാഹികളിലാരെങ്കിലും തന്റെ വിധേയത്വമറിയിക്കാൻ ചെയ്തതാവാനേ വഴിയുള്ളു. അക്കാര്യം അവർ വിശദമാക്കട്ടെ. ഇത് ഒരു പുസ്തകക്കവറിന്റെ പ്രശ്നമല്ല. അക്കാദമികളുടെ പരസ്യമായ രാഷ്ട്രീയവൽക്കരണത്തിൻ്റെയും സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴടങ്ങലിന്റെയും സൂചനയതിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാൻ ഈ നടപടി ഇടയാക്കും. അതിനാൽ സാഹിത്യ അക്കാദമി പ്രസ്തുത പുസ്തകങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
എഴുത്തുകാരൻ കരുണാകരൻ
“രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക കരുത്തോടെ ” പ്രസിദ്ധീകരിക്കപ്പെട്ട കെ എ ജയശീലന്റെ മുഴുവൻ കവിതകളുടെയും സമാഹാരത്തിനു തുടർച്ചയായി ഇനി ഞാൻ പ്രതീക്ഷിക്കുന്നത് കവിയും കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദൻ ഇതേ പിണറായീ സർക്കാർ പരസ്യ വാചകമെഴുതിയ ടീ-ഷർട്ടോടെ കേരളത്തിന്റെ സാംസ്കാരിക സദസ്സുകളിൽ പ്രത്യക്ഷപ്പെടുന്നതാണ്.
ഇത് തമാശയല്ല, അവസരവാദ സാഹിത്യത്തിന്റെ അവതരണംതന്നെയാണ്. അപകടം പിടിച്ചത്.
നമ്മുക്കറിയാം, അക്കാദമികൾ എങ്ങനെ ഭരണകൂടത്തിന്റെ ഒത്താശയിലും പ്രീണനങ്ങളിലും പങ്ക് ചേരുമെന്ന്. എങ്കിലും ഈ മോദി – കാലത്ത് നാഴികയ്‌ക്ക് നാല്പതു വട്ടം “നെഹ്‌റുവിന്റെ ജനാധിപത്യം” ഓർമ്മിക്കാറുള്ള സച്ചിയ്‌ക്ക് ഇങ്ങനെയൊരു പുസ്തക പ്രസാധനത്തിൽ, അതും രാഷ്ട്രീയ ബന്ധുത്വമില്ലാത്ത വലിയൊരു കവിയുടെ പുസ്തകത്തിന്റെ പ്രസാധനത്തിൽ, “ഒരു പന്തികേടും ” തോന്നിയില്ലല്ലോ എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു – എന്തൊരു തോൽവിയാണത്!
advertisement
അക്കാദമികളുടെ സ്വതന്ത്ര നിലനിൽപ്പ് നെഹ്‌റു ആഗ്രഹിക്കുകയെങ്കിലും ചെയ്തിരുന്നുവെന്നും ഈ പുസ്തകത്തിന്റെ സമയത്തെങ്കിലും സച്ചിക്ക് തോന്നണമായിരുന്നു – അശോകനെ വിടൂ, അബുബക്കറെ വിടൂ..സച്ചിയ്‌ക്ക്…
വലിയ വലിയ നിരാശകൾ, സച്ചീ, താങ്കൾ തന്നുകൊണ്ടേയിരിക്കുന്നു..
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക എംബ്ലം ചേർത്താൽ എന്താ കുഴപ്പം?' സെക്രട്ടറി
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement