തിരുവനന്തപുരം: കുത്തുകേസിലെ പ്രതിയായ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിക്ക് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ എങ്ങനെ ചോര്‍ന്നു കിട്ടിയെന്ന് അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിൻഡിക്കേറ്റ് മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നാണു ചോര്‍ന്നതാണെന്ന പരീക്ഷാ കണ്ട്രോളറുടെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കാണാതായ ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്ക് ഉപയോഗിച്ചുച്ചെന്നാണോ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതെന്നും പരിശോധിക്കും. ഉത്തരകടലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കോളജിന് ഗുരുതര വീഴ്ച പറ്റിയെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി.
ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പോലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അതേസമയം ആരോപണ വിധേയര്‍ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നു സിന്‍ഡിക്കറ്റ് അംഗം കെ.എച്ച്. ബാബുജാന് വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്കു കീഴില്‍ വിജിലന്‍സ് വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചോദ്യക്കടലാസും ഉത്തരക്കടലാസും പരീക്ഷാകേന്ദ്രങ്ങളിലെ സിസിടിവിയുള്ള മുറികളിലേ സൂക്ഷിക്കാവൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ പരീക്ഷ കഴിയുമ്പോഴും എത്ര ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചെന്ന് കോളജുകള്‍ സര്‍വകലാശാലയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇനി മുതല്‍ പരീക്ഷകള്‍ക്ക് ബാര്‍ കോഡുള്ള ഉത്തരക്കടലാസുകള്‍ ഉപയോഗിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്