Kerala Weather Update: കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
- Published by:Sarika N
- news18-malayalam
Last Updated:
ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ് (യുവി ഇൻഡക്സ് 7). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ യുവി സൂചിക 6-ൽ എത്തിയിട്ടുണ്ട്. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന ചൂടും അൾട്രാവയലറ്റ് രശ്മികളും സൂര്യാഘാതം , സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിലത്ത് ജോലി ചെയ്യുന്നവരും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
ജാഗ്രതാ നിർദ്ദേശങ്ങൾ
- പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
- പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
- യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
- മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.
- ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 10, 2026 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update: കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ










