തിരുവനന്തപുരം: ഇത്തവണ കാലവർഷം തുടക്കത്തിൽ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ജൂൺ, ജൂലൈ മാസത്തിൽ മഴ കൂടുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ നിഗമനം. ജൂൺ ആദ്യ ആഴ്ചയിൽ തന്നെ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
കഴിഞ്ഞ വർഷം മെയ് 27 ന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ സാഹചര്യം മാറും. ജൂൺ 4 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സ്വകാര്യ ഏജൻസിയായ സ്കൈമെറ്റ് ജൂൺ 7 നാണ് പ്രചിക്കുന്നത്. രണ്ട് സ്വകാര്യ ഏജൻസികൾ ജൂൺ 3 ന് മൺസൂൺ എത്തുമെന്നും പ്രവചിക്കുന്നു.
മെയ് അവസാനം എത്തുമെന്ന് മറ്റു രണ്ട് അന്താരാഷ്ട്ര ഏജൻസിയുടെയും പ്രവചനം ഉണ്ട്. മുൻ വർഷങ്ങളുടെ സാഹചര്യം പരിശോധിച്ചാൽ കൂടുതൽ കൃത്യത കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് തന്നെയാണ്.
വിവിധ അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികളുടെ നിഗമന പ്രകാരം ഇത്തവണ കാലവർഷത്തിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. പ്രത്യേകിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന നൽകുന്നത്. കുറഞ്ഞ സമയത്ത് കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ചെറു മേഘ സ്‌ഫോടനങ്ങളും പ്രവചിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെ സാഹചര്യം പരിശോധിച്ചാൽ ഇവ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
അതേസമയം, സംസ്ഥാനത്ത് ഇന്നും ചൂട് കൂടും. ഉയർന്ന താപനില സാധാരണയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. എട്ട് ജില്ലകളിൽ കഴിഞ്ഞ ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട്, പാലക്കൂട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയേക്കും. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കൂടിയാകുന്നതോടെ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം ഉയർന്നേക്കും. നാളെയും സമാന സാഹചര്യം തുടർന്നേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.