'ഇനിയും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല; 3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു:' സാബു ജേക്കബ്

Last Updated:

എന്ത് ധൈര്യത്തിലാണ് കേരളത്തില്‍ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുക? എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികള്‍ക്കുള്ളത്? കിറ്റെക്സിനെ പോലുള്ള ഒരു കമ്പനിയുടെ സ്ഥിതി ഇതാണെങ്കില്‍ ജീവിക്കാനായി അമ്പതിനായിരമോ ഒരു ലക്ഷമോ മുടക്കി ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

സാബു ജേക്കബ്
സാബു ജേക്കബ്
എറണാകുളം: കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍  സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണ്. കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് പറഞ്ഞു.
ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600ഓളം പുതുസംരംഭകര്‍ക്ക് അവസരം ഒരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാപത്രത്തില്‍ നിന്നാണ് പിന്മാറുന്നത്. 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും  ആയി 5000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന മൂന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അടക്കം 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാപത്രമാണ് അന്ന് ഒപ്പിട്ടത്. ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്ട് റിപ്പോര്‍ട്ടും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതുമാണ്.
advertisement
2025ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള ധാരണാപത്രത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്സിന്റെ യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയില്‍ വന്നിറങ്ങി നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘം  ഫാക്ടറിയുടെ ഓരോ ഫ്ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്പറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി. മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ല.
advertisement
കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത പരിശോധനകള്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ. 10000ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ പല പരിശോധനകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവര്‍ എത്തിയത്.
advertisement
53 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കം കുറിച്ച സ്ഥാപനമാണ് അന്ന കിറ്റെക്സ് ഗ്രൂപ്പ്. 1968ല്‍ പത്ത് തൊഴിലാളികളുമായി തുടക്കം കുറിച്ച കിറ്റെക്സ് ഇന്ന് കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. 15000 പേര്‍ക്കാണ് ഞങ്ങള്‍ നേരിട്ട് തൊഴില്‍ നല്‍കുന്നത്. നിരവധി വിദേശ ആഭ്യന്തര ബ്രാൻഡുകളാണ് ഈ ഗ്രൂപ്പുകളുടേതായി ഇന്ന് വിപണിയിലുള്ളത്. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്സിന്റെ നിരവധി ജനപ്രിയ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയുമുണ്ട്.അമേരിക്കയിലെ വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളിലേക്കാണ് കിറ്റെക്സ്  ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ  ഉല്പന്നങ്ങളിലാണ് കിറ്റെക്സ് ഗാര്‍മെന്റ്സ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്ര ഉല്പന്നങ്ങളില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് കിറ്റെക്സ്. നിലവിലുള്ള യൂണിറ്റുകള്‍ തന്നെ നടത്തിക്കൊണ്ടു പോവാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് കിറ്റെക്സ് എത്തിയത്.
advertisement
ഇന്ത്യയില്‍ നിക്ഷേപസൗഹൃദ റാങ്കിംഗില്‍ 29 സംസ്ഥാനങ്ങളുള്ളതില്‍ വെച്ച് 28ആം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിന് പിന്നിലുള്ള ഒരേയൊരു സംസ്ഥാനം ത്രിപുര മാത്രമാണ്. ഇതില്‍ നിന്നും വ്യക്തമാണ് കേരളത്തിലെ വ്യവസായിക സൗഹൃദം എത്രത്തോളമുണ്ടെന്ന്. വ്യവസായ സൗഹൃദത്തില്‍ വളരെയധികം പിന്നിലായിരുന്ന ഉത്തര്‍പ്രദേശ്, ആസാം, ഒറീസ, ജാര്‍ഖണ്ഡ് എന്നിവയെല്ലാം സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നിലേക്ക് പോയപ്പോള്‍ കേരളം 18ല്‍ നിന്നും 28ലേക്ക് പോവുകയാണ് ഉണ്ടായത്. വളരെയധികം പിന്നിലായിരുന്ന യുപി ഇന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. സാംസംഗ് പോലുള്ള ആഗോള കമ്പനികള്‍ യുപിയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നു. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ നേരിട്ടു തന്നെയാണ് വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ക്ലിയറന്‍സ് കൊടുക്കുന്നതും പ്രശ്നങ്ങള്‍  പരിഹരിക്കുന്നതും.
advertisement
61 ലക്ഷം മലയാളികളാണ് കേരളത്തില്‍ നിന്നും വിദേശത്തേക്കും അന്യസംസ്ഥാനത്തേക്കും തൊഴില്‍ തേടി പോയിരിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന യുവതീ യുവാക്കളടക്കം 75 ലക്ഷം പേര്‍ തൊഴില്‍രഹിതരായി ഇന്ന് കേരളത്തിലുണ്ട്. ഇത്തരം സാഹചര്യത്തിലും നിലവിലുള്ള വ്യവസായങ്ങളെ വരെ വേട്ടയാടുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നത് ദൗര്‍ഭാഗ്യകരമാണ്.
കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ചുവന്ന പരവതാനി വിരിച്ചാണ് വ്യവസായികളെയും നിക്ഷേപകരെയും സ്വീകരിക്കുന്നത്. സൗജന്യമായി ഭൂമി, കെട്ടിടം, വെള്ളം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, അഞ്ചും പത്തും വര്‍ഷത്തേക്ക് നികുതിയിളവ്, കൂടാതെ തൊഴിലാളികളുടെ പി എഫ്, ഇ എസ് ഐ വിഹിതവും സര്‍ക്കാര്‍ നല്‍കുന്നു. ചില സംസ്ഥാനങ്ങളില്‍ അഞ്ചു വര്‍ഷത്തേക്ക് 5000 രൂപ വരെ തൊഴിലാളികളുടെ ശമ്പളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് യാതൊരുവിധ സൗജന്യവും സഹായവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ഇവിടെ മുതല്‍ മുടക്കാന്‍ വരുന്നവരെ രാജ്യദ്രോഹികളായാണ് കാണുന്നത്. അവനെ കുത്തക മുതലാളിയായി, ബൂര്‍ഷ്വയായി, ചൂഷകനായി, കയ്യേറ്റക്കാരനായി, നിയമലംഘകനായി, കോര്‍പ്പറേറ്റായി ചിത്രീകരിച്ച് അപമാനിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം.
advertisement
എഴുപതുകളിലും എണ്‍പതുകളിലും തൊഴിലാളി സമരങ്ങള്‍ മൂലമാണ് ഇവിടെ വ്യവസായങ്ങള്‍ കൂട്ടമായി അടച്ചു പൂട്ടിയതെങ്കില്‍ ഇന്ന്  കപട പരിസ്ഥിതി വാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് വ്യവസായത്തിന്റെ അന്തകരായി മാറുന്നത്. ഇവരുടെയൊക്കെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്തവരെ ഇവര്‍ വളഞ്ഞിട്ടാക്രമിക്കും. ഒന്നുകില്‍ അവനെ നാടുകടത്തും. അല്ലെങ്കില്‍ അവന്‍ സ്വയം ജീവിതമവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു പുരുഷായുസ്സ് മുഴുവന്‍ മരുഭൂമിയില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായി നാട്ടില്‍ സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ഒടുവില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പ്രവാസി സഹോദരങ്ങളെ ആര്‍ക്ക് മറക്കാനാകും. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കില്‍ ഇപ്പോഴത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയില്‍ ഒരു തലമുറ മാറ്റം തന്നെ ഉണ്ടാകണം.
എന്ത് ധൈര്യത്തിലാണ് കേരളത്തില്‍ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുക? എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികള്‍ക്കുള്ളത്? കിറ്റെക്സിനെ പോലുള്ള ഒരു കമ്പനിയുടെ സ്ഥിതി ഇതാണെങ്കില്‍ ജീവിക്കാനായി അമ്പതിനായിരമോ ഒരു ലക്ഷമോ മുടക്കി ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. മറ്റു സംസ്ഥാനങ്ങള്‍ വാരിക്കോരി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജനിച്ച നാടിനോടുള്ള കടപ്പാടും സ്നേഹവും, ഈ നാട്ടില്‍ തന്നെയുള്ള ആയിരക്കണക്കിന്  യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ഉണ്ടാവണം എന്ന ഒറ്റ ഉദ്ദേശവും കൊണ്ട് മാത്രമാണ് സഹായവും ആനുകൂല്യങ്ങളും ഇല്ലെങ്കിലും ഇവിടെത്തന്നെ ഭീമമായ തുകയുടെ നിക്ഷേപം തുടങ്ങുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചാല്‍ അവന്റെ ശനിദശ ആരംഭിക്കുകയായി. മന:സമാധാനം എന്നെന്നേക്കുമായി ഇല്ലാതായി തീരും. ഈ നാട്ടിലെ ഏറ്റവും കൊള്ളരുതാത്തവനായി അവനെ മുദ്രകുത്തും എന്തിന് കേരളത്തില്‍ മുതല്‍ മുടക്കി റിസ്‌ക് എടുക്കുന്നു. ഇനി മുന്നോട്ടില്ല. മലയാളികളേ ക്ഷമിക്കുകയെന്നും സാബു ജേക്കബ് വാർത്താക്കുറിപ്പിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനിയും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല; 3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു:' സാബു ജേക്കബ്
Next Article
advertisement
Love Horoscope November 28 | അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കാന്‍ ആശയവിനിമയം നടത്തുക;  വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കാന്‍ ആശയവിനിമയം നടത്തുക; വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക: ഇന്നത്തെ പ്രണയഫലം
  • മിഥുനം, കന്നി, തുലാം, ധനു, കുംഭം രാശിക്കാര്‍ക്ക് പ്രണയത്തില്‍ ശക്തമായ വൈകാരിക ബന്ധം അനുഭവപ്പെടും.

  • മേടം, വൃശ്ചികം രാശിക്കാര്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കാന്‍ ആശയവിനിമയം നടത്തുകയും വേണം.

  • കര്‍ക്കിടകം, മകരം, മീനം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ പ്രശ്‌നമോ ആശയക്കുഴപ്പമോ നേരിടേണ്ടി വന്നേക്കാം.

View All
advertisement