കൂടുതൽ സീറ്റ് രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ട് കെഎം മാണി
Last Updated:
ലോക്സഭ തെരഞ്ഞെടുപ്പിൽ അധികസീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ നേരിട്ടുന്നയിച്ച് കെ എം മാണിയും പി ജെ ജോസഫും.
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ അധികസീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ നേരിട്ടുന്നയിച്ച് കെ എം മാണിയും പി ജെ ജോസഫും. കേരള കോൺഗ്രസിന് നേരത്തെ രണ്ട് സീറ്റ് ഉണ്ടായിരുന്നെന്നും അത് കിട്ടണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. കൂടുതൽ സീറ്റ് ആവശ്യപ്പെട്ടപ്പോൾ എ കെ ആന്‍റണി ഇടപെട്ട് വിലക്കി. സീറ്റ് വിഭജന കാര്യത്തിൽ സംസ്ഥാനത്താണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.
അതേസമയം, ഏതൊക്കെ സീറ്റു വേണമെന്ന കാര്യം ഉഭയകക്ഷി ചർച്ചയിൽ തീരുമാനിക്കുമെന്ന് കെ എം മാണി യോഗശേഷം പറഞ്ഞു. ഇപ്പോൾ ഉള്ളതിനു പുറമേ ഒരു സീറ്റു കൂടി വേണമെന്ന് രാഹുൽ ഗാന്ധിയോട് പറഞ്ഞെന്ന് മാണി വ്യക്തമാക്കി. രണ്ടു സീറ്റു കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പി ജെ ജോസഫും യോഗശേഷം വ്യക്തമാക്കി.
പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചു നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു നിന്നു. കേരള കോൺഗ്രസ് (എം), മുസ്ലിം ലീഗ്, ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ പ്രതിനിധികളും കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി ജോണി നെല്ലൂരും കൂടിക്കാഴ്ചയിൽ സംസാരിച്ചു.
advertisement
അതിനു ശേഷമാണ് അധികസീറ്റ് വേണമെന്ന ആവശ്യം പി ജെ ജോസഫ് ഉന്നയിച്ചത്. കെ എം മാണി ഇതിനെ പിന്താങ്ങുകയും ചെയ്തു. എന്നാൽ, കേരളത്തിലെ കോൺഗ്രസിന്‍റെ ഘടകകക്ഷികളുടെ സീറ്റു വിഭജന കാര്യത്തിൽ കോൺഗ്രസിന്‍റെ ദേശീയനേതൃത്വം ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആയിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. എകെ ആന്‍റണി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇവിടെയുണ്ടെന്നും അതിനാൽ ചർച്ചകൾ ഇവിടെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2019 7:23 PM IST