നീണ്ട നേരത്തെ പ്രതിഷേധത്തിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലേക്ക് ഫുട്ബോള്‍ താരങ്ങളെയും രക്ഷിതാക്കളെയും പ്രവേശിപ്പിച്ചു. എട്ട് മാസത്തെ വാടക കുടിശിക തരാനുണ്ടെന്ന് ആരോപിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി.വി ശ്രീനിജന് എംഎല്‍എ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നു. ഇതേതുടര്‍ന്ന് ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 17 സെലക്ഷന് ട്രയല്‍സ് തടസപ്പെട്ടിരുന്നു. എംഎല്‍എ ഗേറ്റ് പൂട്ടിയതോടെ ട്രയല്‍സിനെത്തിയ താരങ്ങളും രക്ഷിതാക്കളും ഗ്രൗണ്ടിന് പുറത്ത് ഏറെ നേരം കാത്തുനിന്നു.
വാടക കുടിശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന് MLA തടഞ്ഞു
അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സ് കുടിശിക നല്‍കാനുണ്ടെന്ന പി.വി ശ്രീനിജന്റെ ആരോപണം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായിരുന്ന യു.ഷറഫലി തള്ളി. ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് എംഎല്‍എയില്‍ നിന്ന് ഉണ്ടായതെന്ന് ഷറഫലി പ്രതികരിച്ചു. ഏപ്രില്‍ മാസം വരെയുള്ള കുടിശിക കേരളാ ബ്ലാസ്റ്റേഴ്സ് അടച്ചിട്ടുണ്ടെന്നും സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ ജില്ലകളിലെ സ്റ്റേഡിയങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സ്പോര്‍ട്സ് കൗൺസിലിന് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന് ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞു. ടൂര്‍ണമെന്റുകള്‍ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് മുന്‍കൂര്‍ അനുമതി തേടേണ്ടതുള്ളൂവെന്നും ഷറഫലി വ്യക്തമാക്കി.
എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായ ‘സെല്‍ഫ് ഗോളി’ നെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കൗണ്‍സിലര്‍മാരെത്തി ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് തുറന്നു കൊടുത്തു. സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ദൂരസ്ഥലത്തു നിന്നെത്തിയ കുട്ടികളും രക്ഷിതാക്കളുമാണ് എംഎല്‍എയുടെ നടപടിയില്‍ വലഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala blasters, Kochi