തിരുവനന്തപുരം: തുവ്വൂർ സ്റ്റേഷനിലെ പതിവ് യാത്രക്കാരെയെല്ലാം അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്റെ പതിവ് സ്റ്റോപ്പാണ് മലപ്പുറം ജില്ലയിലെ തുവ്വൂർ എന്ന കുഞ്ഞു റെയിൽവേ സ്റ്റേഷൻ. പതിവ് യാത്രക്കാരാണ് ട്രെയിനിൽ അധികവും.
പതിവു പോലെ തുവ്വൂർ സ്റ്റേഷനിൽ ഇറങ്ങാനുള്ളവർ ബാഗും സാധനങ്ങളുമായി തയ്യാറായി നിന്നു. പക്ഷേ, സ്റ്റേഷൻ എത്താറായിട്ടും നിർത്താനുള്ള ലക്ഷണമൊന്നും ട്രെയിനിനില്ല. പുലർച്ചെയാണ് രാജ്യറാണി തുവ്വൂരിൽ എത്തുക. തുവ്വൂർ കഴിഞ്ഞിട്ടും കുതിച്ചു പായുന്ന ട്രെയിൻ കണ്ട് യാത്രക്കാരെ കൂട്ടാൻ എത്തിയവരും ഓട്ടോ തൊഴിലാളികളുമടക്കം അന്തംവിട്ടു.
Also Read- ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണം ആറന്മുളയിലെ സ്ട്രോങ് റൂമിലെത്തിച്ചത് 40 ദിവസം വൈകി
കൂകിപ്പാഞ്ഞു പോയ ട്രെയിൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ രണ്ട് കിലോമീറ്റർ ദൂരം മുന്നോട്ടു പോയതിനു ശേഷം റിവേഴ്സ് എടുത്ത് തിരിച്ചുവന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് യാത്രക്കാർക്കും അറിയില്ല. ട്രെയിൻ നിർത്താതെ പോകുന്നത് കണ്ടപ്പോൾ തുവ്വൂരിൽ ഇറങ്ങേണ്ട യാത്രക്കാർ ബഹളമുണ്ടാക്കാനും തുടങ്ങി. ആദ്യമായാണ് ഒരു ട്രെയിൻ പുറകോട്ടെടുത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കാണ്ടത് എന്നാണ് യാത്രക്കാരിൽ പലരും പറയുന്നത്.
Also Read- കൊല്ലം ചടയമംഗലത്ത് KSRTC ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ട്രെയിൻ നിർത്താതെ പോകുന്നതു കണ്ട് യാത്രക്കാരെ കൂട്ടാൻ വന്ന പലരും അടുത്ത സ്റ്റേഷനായ വാണിയമ്പലത്തേക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് ട്രെയിൻ പുറകോട്ടു പോയി തുവ്വൂരിൽ നിർത്തിയ കാര്യം അറിയുന്നത്. വാണിയമ്പലത്തേക്ക് പോയവർ വീണ്ടും തുവ്വൂരിലേക്ക് മടങ്ങുകയായിരുന്നു.
നിലമ്പൂരിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനാണ് തുവ്വൂർ. ഷോർണൂരിൽ നിന്നും 45 കിലോമീറ്റർ കഴിഞ്ഞാണ് ഈ സ്റ്റേഷനിൽ എത്തുന്നത്. തുവ്വൂരിനും നിലമ്പൂരിനുമിടയിൽ വാണിയമ്പലമാണ് ഏക സ്റ്റേഷൻ. പുലർച്ചെ 4.50 നാണ് രാജ്യറാണി എക്സ്പ്രസ് തുവ്വൂരിലെത്തുന്നത്. വിദ്യാർഥികളടക്കം ഏകദേശം 50 ആളുകൾ തുവ്വൂരിൽ ഇറങ്ങാനുണ്ടായിരുന്നു. ട്രെയിൻ നിർത്താതെ പോകാനുള്ള കാരണം വ്യക്തമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.