'കരാറിൽ നിന്ന് വ്യതിചലിച്ചു, 25% തുക മുൻകൂർ ആവശ്യപ്പെട്ടു'; സോൺടയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി കൊല്ലം മേയർ
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലം കോര്‍പറേഷനിലെ മാലിന്യനീക്കത്തിൽ നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക്ക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്
കൊല്ലം: കരാർ ലംഘിച്ചതു കൊണ്ടാണ് മാലിന്യ സംസ്‌കരണ ടെണ്ടറില്‍നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്ക് കമ്പനിയെ ഒഴിവാക്കിയതെന്ന് കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ്. 25 ശതമാനം തുക കമ്പനി മുന്‍കൂറായി ആവശ്യപ്പെട്ടു. കരാറില്‍ സെക്യൂരിറ്റി നല്‍കാനും കമ്പനി തയ്യാറായില്ല. സോണ്‍ടയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ആയിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സോണ്‍ടയുമായുള്ള കരാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് 2019-20 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് 2020ല്‍ നിലവില്‍ വന്ന ഞങ്ങളുടെ കൗണ്‍സിലിന് ഈ വിഷയം ആദ്യം തന്നെ പരിശോധിക്കേണ്ടിവന്നു. കാരണം, മാലിന്യനീക്കം നിശ്ചിതകാലയളവിനുള്ളില്‍ നടത്തിയില്ലെങ്കില്‍ ആറുകോടി രൂപയോളം അടയ്ക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശം വന്നിരുന്നു. അതിനാലാണ് നിലവിലെ കൗണ്‍സില്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ വിഷയം തന്നെ ആദ്യംതന്നെ പരിഗണിച്ചത്. അപ്പോഴാണ് സോണ്‍ട കമ്പനിയുടെ കരാറിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
advertisement
Also Read- ‘അമേരിക്കയിലെ അലബാമയിൽ മാലിന്യമലയ്ക്ക് തീപിടിച്ചത് ഇപ്പോഴും അണച്ചിട്ടില്ല’: മന്ത്രി പി. രാജീവ്
കൊല്ലം കോര്‍പറേഷനിലെ മാലിന്യനീക്കത്തിൽ നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക്ക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. 17 നഗരങ്ങളിലുള്ള സോണ്‍ടയുടെ പദ്ധതികളില്‍ കേരളത്തില്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാനാണ് സോണ്‍ട 2020ല്‍ കരാറെടുത്തത്. 1940 മുതല്‍ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ഇവിടെ 6.8 കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുമൂലം പ്രവര്‍ത്തിപ്പിക്കാനായില്ല. മാലിന്യമല നീക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു കോര്‍പ്പറേഷന്‍ ടെണ്ടര്‍ വിളിച്ചത്.
advertisement
40,300 ഘനമീറ്റര്‍ മാലിന്യം 3.74 കോടി രൂപയ്ക്ക് നീക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ സോണ്‍ട തന്നെ നടത്തിയ പരിശോധനയില്‍ 1,12,274 ഘനമീറ്റര്‍ മാലിന്യം കണ്ടെത്തി 10.57 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 25 ശതമാനം തുക മുന്‍കൂര്‍ നല്‍കണമെന്നും സുരക്ഷാനിക്ഷേപം വെക്കില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ കൊല്ലം നഗരസഭാ കൗണ്‍സില്‍ യോഗം ഇത് നിരാകരിച്ചു.
മാലിന്യം പാചകവാതകമാക്കി മാറ്റുന്ന ആധുനിക പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും സോണ്‍ട നിര്‍ദേശംവെച്ചിരുന്നു. നഗരസഭാ കൗണ്‍സിലില്‍ ഇതിന്റെ പദ്ധതിരേഖയും വിശദീകരിച്ചു. 27 വര്‍ഷത്തിനുശേഷം പ്ലാന്റും സ്ഥലവും കോര്‍പ്പറേഷനു തിരികെനല്‍കാമെന്നായിരുന്നു വാഗ്ദാനം. 2020ല്‍ പുതുതായി അധികാരമേറ്റ മേയര്‍, സോണ്‍ടയുടെ ബയോമൈനിങ് കരാര്‍ കൗണ്‍സിലില്‍വെച്ച് റദ്ദാക്കി. കോഴിക്കോട് എന്‍ഐടിയുടെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ ഇവിടെ 1,04,906 ഘനമീറ്റര്‍ മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു.
advertisement
വീണ്ടും ടെണ്ടര്‍ വിളിച്ച് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 11.85 കോടി രൂപയ്ക്ക് കരാര്‍ കൊടുത്തു. അവര്‍ ഇവിടെ ബയോമൈനിങ് ഏറെക്കുറെ പൂര്‍ത്തിയാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
March 14, 2023 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരാറിൽ നിന്ന് വ്യതിചലിച്ചു, 25% തുക മുൻകൂർ ആവശ്യപ്പെട്ടു'; സോൺടയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി കൊല്ലം മേയർ