വെടിക്കെട്ടില്ലാത്ത കൊല്ലം പൂരം; അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം
- Published by:Gouri S
- local news desk
- Reported by:Shan S S
Last Updated:
പൂരം നടക്കുന്ന ആശ്രാമം മൈതാനത്തിൻ്റെ സമീപം നിരവധി ഫ്‌ളാറ്റുകളും മറ്റുമുള്ള ജനവാസ മേഖല കൂടിയാണ്. പതിനായിരകണക്കിന് ആളുകള്‍ പൂരം കാണാനും അനുബന്ധ കച്ചവടങ്ങള്‍ക്കുമായി തിങ്ങിനിറയുന്ന അവസ്ഥയുണ്ടാകും.
കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന പൂരത്തിന് വെടിക്കെട്ട് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ഏപ്രിൽ പതിനഞ്ചിന് രാത്രി ഏഴ് മുതല്‍ ഒമ്പത് വരെ വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷ ക്ഷേത്ര ഉപദേശ സമിതി സമര്‍പ്പിച്ചിരുന്നു. വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഈ സ്ഥലത്ത് പെസോ അനുശാസിക്കുന്ന നിബന്ധനക്കൾ നിറവേറ്റാൻ കഴിഞ്ഞില്ല എന്ന അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്. കൂടാതെ പ്രസ്തുത സ്ഥലത്തിൻ്റെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ്, റിസ്‌ക്ക് അസസ്‌മെൻ്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍, അനുബന്ധ സര്‍ട്ടിഫിക്കറ്റ്, സ്‌ഫോടക വസ്തുകളുടെ വിശദവിവരം എന്നിവ ഹാജരാക്കാത്തതും കൃത്യവും ആസൂത്രിതവുമായ മുന്നൊരുക്കങ്ങളും സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ നടത്തുന്ന വെടിക്കെട്ട് പ്രദര്‍ശനവും മറ്റ് കാരണങ്ങളായി.
1990 ലെ മലനട വെടിക്കെട്ട് അപകടം, 2016 ലെ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ അപകടം തുടങ്ങിയവയും കണക്കിലെടുത്തു. പൂരം നടക്കുന്ന ആശ്രാമം മൈതാനത്തിൻ്റെ സമീപം നിരവധി ഫ്‌ളാറ്റുകളും മറ്റുമുള്ള ജനവാസ മേഖല കൂടിയാണ്. പതിനായിരകണക്കിന് ആളുകള്‍ പൂരം കാണാനും അനുബന്ധ കച്ചവടങ്ങള്‍ക്കുമായി തിങ്ങിനിറയുന്ന അവസ്ഥയുണ്ടാകും. കൂടാതെ 30ല്‍ പരം ആനകള്‍ അണിനിരക്കുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും, ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് വാഹനങ്ങള്‍ മാറ്റുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കും. മൈതാനത്തിന് നാലു വശത്തുകൂടി ഇലക്ട്രിസിറ്റി ലൈനുകള്‍ കടന്നുപോകുന്നതിന് പുറമേ ട്രാന്‍സ്‌ഫോമറുകളും സ്ഥിതി ചെയ്യുന്നുണ്ട്. ആശ്രാമം മൈതാനം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായതിനാല്‍ ഇവിടെ വെടിമരുന്ന് സൂക്ഷിക്കാന്‍ സാധിക്കില്ല. മൈതാനത്തിന് സമീപത്തായി 500 മീറ്റര്‍ ചുറ്റളവില്‍ ആയുര്‍വ്വേദ ആശുപത്രി ഉള്‍പ്പെടെ സ്വകാര്യ-സര്‍ക്കാര്‍ മേഖലയിലും നിരവധി ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വെടിക്കെട്ട് നടത്തുന്നതു കാരണം കിടപ്പ് രോഗികള്‍ക്ക് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അനുമതി നിഷേധിച്ച് ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
March 18, 2025 8:20 AM IST