കൊല്ലം (Kollam) കിഴക്കേകല്ലടയില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസികപീഡനം കാരണമെന്ന് പരാതി. ഏഴുകോണ്‍ സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച് സുവ്യ വിവരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍തൃമാതാവായ വിജയമ്മയുടെ നിരന്തരമായ മാനസികപീഡനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണക്കാരി വിജയമ്മയാണെന്നും ആറുവയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിര്‍ത്തരുതെന്നും സുവ്യ കരഞ്ഞുപറയുന്നതും സന്ദേശത്തിൽ കേൾക്കാം.
സുവ്യയുടെ ശബ്ദസന്ദേശം ഇങ്ങനെ - 'ഞാന്‍ പോവുകയാ... എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി. അവര്‍ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയുകയാണ്. അവരും മോനും ചേര്‍ന്നാണ് എല്ലാം. രണ്ടുപേരും കൂടെ എന്നും വഴക്കാണ്. അയാള്‍ ഒരക്ഷരം കൂടെ മിണ്ടത്തില്ല. ഞാന്‍ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച് അവരുടെ കാര്യങ്ങളില്‍ അയാള്‍ക്ക് നാവും ഉണ്ട് എല്ലാം ഉണ്ട്. അവര്‍ ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യില്ല. ഇവിടെന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്. അതും ഇതും പറഞ്ഞാണ് ഫുള്‍ടൈം ഇരിക്കുന്നത്. എന്ത് സംഭവിച്ചാലും അതിന് കാരണം ഇവിടത്തെ വിജയമ്മയാണ്. എന്റെ കൊച്ചിനെ എങ്ങനെയായാലും വീട്ടിലാക്കണം. എന്ത് സംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്ക് വയ്യ. മടുത്തു, സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണ്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തത് കൊണ്ടാണ്'.
ഭര്‍ത്താവും ഭര്‍തൃമാതാവും സുവ്യയെ മര്‍ദിക്കാറുണ്ടെന്ന് സഹോദരന്‍ വിഷ്ണുവും ആരോപിക്കുന്നു. എംസിഎ ബിരുദധാരിയായ സുവ്യ 2014 ലാണ് വിവാഹിതയായത്. സര്‍ക്കാര്‍ ജോലി ആഗ്രഹിച്ചിരുന്ന യുവതി ഏതാനും പി.എസ്.സി. റാങ്ക് ലിസ്റ്റുകളിലും ഇടം നേടിയിരുന്നു. എന്നാല്‍ തൊഴിലുറപ്പിനോ മറ്റോ പോയി പണം കൊണ്ടുവരണമെന്നും വെറുതെ വീട്ടിലിരിക്കരുതെന്നും പറഞ്ഞ് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. പീഡനം സഹിക്കവയ്യാതെ കുറച്ചുനാളുകള്‍ക്ക് മുമ്പ് സുവ്യ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ച് സുവ്യയെ തിരികെ കൊണ്ടുപോയി.
Also Read-
Mother| 'അവനാ എന്നെ നോക്കുന്നത്, പരാതിയില്ല': മകൻ മർദിച്ച സംഭവത്തിൽ അമ്മയുടെ പ്രതികരണംകഴിഞ്ഞ എട്ടാം തീയതി ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് സുവ്യ വീണ്ടും വീട്ടിലെത്തി. ഉത്സവം കഴിഞ്ഞ് ഒമ്പതാം തീയതി അല്പം വൈകിയാണ് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയത്. മടങ്ങിപ്പോകാന്‍ വൈകിയതിനാല്‍ ഭര്‍തൃമാതാവ് അസഭ്യം പറയുമെന്ന് പറഞ്ഞാണ് സുവ്യ അന്ന് പോയത്. ഇതിനുപിന്നാലെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.