വിനോദസഞ്ചാരികളുടെ മനം കവരുന്ന മാർമല അരുവി വെള്ളച്ചാട്ടം
- Published by:naveen nath
- local18
Last Updated:
വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം.
ദിവസേന നിരവധി സഞ്ചാരികളാണ് മാർമലയിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്ക് നീന്തി കുളിക്കാൻ പ്രകൃതി ഒരുക്കിയ ഒരു കുളവുമുണ്ട് ഇവിടെ.വിനോദസഞ്ചാരികൾ കൂടുതലായി എത്താറുള്ള ഇല്ലിക്കൽ കല്ലും, ഇലവീഴാപൂഞ്ചിറയും മാർമല വെള്ളച്ചാട്ടത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ്ങും,സാഹസിക യാത്രകളും ഇഷ്ടപെടുന്നവർക്ക് അനുയോജ്യമായ ഇടംകൂടിയാണ് മാർമല. എസ്റ്റേറ്റുകളുടെ ഇടയിലുള്ള ഒറ്റയടി പാത ഒരു കിലോമീറ്ററോളം നടന്നാൽ മാത്രമാണ് വെള്ളച്ചാട്ടത്തിലേക്കെത്താൻ കഴിയു. വർഷകാലത്ത് ഇവിടേക്ക് എത്തുന്നവർ കൂടുതൽ കരുതലോടെ വേണം വെള്ളച്ചാട്ടത്തിലെകെത്താൻ,അതിമനോഹരമാണെങ്കിലും വളരെ അപകടം നിറഞ്ഞതാണ് മാർമല അരുവി വെള്ളച്ചാട്ടം.
advertisement
മീനച്ചിലാറിന്റെ ഉത്ഭവം തേടി പോകുമ്പോൾ ആദ്യം എത്തുക ഈ വെള്ളച്ചാട്ടത്തിലേക്കാണ്.വെള്ളച്ചാട്ടം വന്ന് പതിക്കുന്ന ജലാശയത്തിന് ചുറ്റും കൂറ്റൻ പാറക്കൂട്ടങ്ങളാണ്. വാരാന്ത്യത്തിലും, അവധി ദിനങ്ങളിലും ഇവിടെ നല്ലതിരക്കാണ്.ശാന്തമായ അന്തരീക്ഷവും മനോഹരമായ ജൈവവൈവിധ്യവുമാണ് മാർമല വെള്ളച്ചാട്ടത്തിനെ വ്യത്യസ്തമാക്കുന്നത്.
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന കാഴ്ചകളാണ് മാർമലയിലുള്ളത്.സമുദ്രനിരപ്പിൽനിന്ന് 3000 അടിവരെ ഉയർന്ന മലനിരകൾ മാർമല അരുവിയുടെ സമീപപ്രദേശത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മാർമലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതോൽപാദനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് തീക്കോയി മലനിരകളിൽ നിന്നും മാർമല തോട്ടിലെക്കുള്ള നീരൊഴുക്ക് പ്രയോജനപ്പെടുത്തിയാണ് കെഎസ്ഇബി ചെറുകിട വൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്.
advertisement
കോട്ടയം ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോ മീറ്റർ ദൂരം ആണ് മാർമല അരുവി. തീക്കോയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
October 25, 2023 9:37 PM IST