വയലിൽ വിരിഞ്ഞ എൻ.എസ്.എസ് ലോഗോ; കൃഷിയും കലയും കോർത്തിണക്കി ചെറുവാടിയിലെ വിദ്യാർത്ഥികൾ
Last Updated:
നസർബാത്ത്, ഉമ എന്നീ നെല്ലിനങ്ങൾ ഉപയോഗിച്ച് എൻ.എസ്.എസ് ലോഗോ നിർമ്മിച്ച് ചെറുവാടി സ്കൂൾ വിദ്യാർത്ഥികൾ.
ചെറുവാടി പുഞ്ചപ്പാടത്ത് നെൽച്ചെടികൾ ഉപയോഗിച്ച് എൻ എസ് എസ് ലോഗോ. ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരാണ് കൃഷിയും കലയും കോർത്തിണക്കി എൻഎസ്എസ് ലോഗോ നിർമ്മിച്ചത്.
മഹാരാഷ്ട്രയിലെ പരമ്പരാഗത ഇനമായ നസർബാത്ത്, ഉമ എന്നീ ഇനം നെൽച്ചെടികളാണ് വയലിൽ ലോഗോ നിർമ്മിക്കാൻ ഉപയോഗിച്ചത്. ഉമ നെല്ലിൻ്റെ ഓലയുടെ നിറം പച്ചയും നസർ ബാത്തിൻ്റെ ഓലയുടെ നിറം കറുപ്പ് കലർന്ന ചുവപ്പുമാണ് എന്നതാണ് ഇവ ഫാം ആർട്ടിനായി ഉപയോഗിക്കാൻ സഹായിക്കുന്നത്. രണ്ട് നിറത്തിലുള്ള നെൽ ചെടി ഉപയോഗിച്ച് പത്തു മീറ്റർ വ്യാസത്തിലാണ് ലോഗോ പാടത്ത് നിർമ്മിച്ചത്. കൊണാർക്ക് സൂര്യ ക്ഷേത്രത്തിൻ്റെ രഥചക്രത്തിൻ്റെ ലളിത രൂപമാണ് ചലനത്തെ സൂചിപ്പിക്കുന്ന എൻ എസ് എസ് ലോഗോ.
advertisement
ലോഗോയുടെ ഭാഗങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടാക്കി അതിനനുസരിച്ചാണ് വിദ്യാർത്ഥികൾ ഞാറ് നട്ടത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ഹരിതം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി പാടത്ത് ഇറക്കിയ ഞാറാണ് ഇപ്പോൾ വിസ്തൃതമായ എൻ എസ് എസ് ലോഗോ ആയി പാടത്ത് വളർന്ന് തെളിഞ്ഞ് നിൽകുന്നത്. പ്രവർത്തനങ്ങൾക്ക് പ്രോഗ്രം ഓഫീസർ യു. സുജിത് നേതൃത്വം നൽകി.
ഫാം ആർട്ടിൽ പ്രശസ്തനായ വയനാടൻ കർഷകൻ ജോൺസൺ ഓലിയപ്പുറം ആണ് ഈ കൃഷി രീതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. നെല്ലിനങ്ങളുടെ ജീൻബാങ്കർ ചെറുവയൽ രാമൻ നിർദ്ദേശിച്ചപ്രകാരം യുവ കർഷകൻ പ്രസീത് ബത്തേരിയിൽ നിന്നാണ് നസർബാത്ത് വിത്ത് കൈപ്പറ്റിയത്. പുതുതലമുറയെ കൃഷിയിലേക്കും എൻ എസ് എസ് ആശയങ്ങളിലേക്കും ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 25, 2026 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വയലിൽ വിരിഞ്ഞ എൻ.എസ്.എസ് ലോഗോ; കൃഷിയും കലയും കോർത്തിണക്കി ചെറുവാടിയിലെ വിദ്യാർത്ഥികൾ









