കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം: ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്, സംഘാടകർക്കെതിരേയും കേസ്
- Published by:Arun krishna
- news18-malayalam
Last Updated:
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നൽകിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കണ്ടാൽ അറിയാവുന്ന 50പേർക്കെതിരെ പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിച്ച സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്റ്റുഡന്റ്‌സ് ഇനീഷിയേറ്റീവ് പാലിയേറ്റീവ് കെയർ ഭിന്നശേഷിക്കാരെ സഹായിക്കാനായി സംഘടിപ്പിച്ച സംഗീത പരിപാടിയ്ക്കിടെയായിരുന്നു സംഘര്‍ഷം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നൽകിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.
ടിക്കറ്റ് വച്ച് നടത്തിയ പരിപാടിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ജനക്കൂട്ടം പ്രകോപിതരാവുകയായിരുന്നു. പ്രതിഷേധം അതിരുകടന്നതോടെ പൊലീസ് ലാത്തിവീശി. സംഘാടകരും സംഗീത പരിപാടി കേൾക്കാനെത്തിയവരും ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
advertisement
555 ദി റൈൻ ഫെസ്റ്റ് കാർണിവൽ എന്ന പേരിലാണ് മൂന്ന് ദിവസമായി പരിപാടി സംഘടിപ്പിച്ചത്. നിർധന രോഗികൾക്ക് മെഡിക്കൽ ക്യാരവന് ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. വൈകിട്ടത്തെ പരിപാടിക്ക് വിദ്യാർഥികൾ മുൻകൂട്ടി ടിക്കറ്റ് വിറ്റഴിച്ചിരുന്നു. പരിപാടി സ്ഥലത്തും പ്രത്യേക കൗണ്ടർ ഒരുക്കി. ബീച്ചിൽ സജ്ജമാക്കിയ വേദി ഞായർ വൈകിട്ട് ആറോടെ നിറഞ്ഞു. സംഘാടകർ പ്രവേശന കവാടം അടച്ചതോടെ യുവാക്കൾ ഉൾപ്പെടെ വൻ സംഘം വേദിയിലേക്ക് ഇരച്ചുകയറി. പ്രതിഷേധക്കാർ വേദിയിലേക്ക് പൂഴിയും കാലിക്കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെ ഭിന്നശേഷിക്കാരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പരിഭ്രാന്തരായി.
advertisement
നഗരത്തിന്റെ വിവിധ സ്‌റ്റേഷനുകളിൽനിന്ന് പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ മടങ്ങാന്‍ തയാറായില്ല. ഇതിനിടെ പൊലീസിനുനേരെയും അതിക്രമമുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്ത് അകത്തുകടന്നതോടെ പൊലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തിവീശി.
തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറോളം പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച യുവാക്കൾ പൊലീസിനെ കൂക്കിവിളിച്ചും പൂഴി എറിഞ്ഞും പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ സ്ഥലത്തെത്തിയാണ് സ്ഥതി നിയന്ത്രണവിധേയമാക്കിയത് . പരിക്കേറ്റവരെ സ്വകാര്യ ആശുപ്രത്രികളുടെയും സന്നദ്ധ സംഘടനകളുടെയും ആംബുലൻസിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്‌ചയായതിനാൽ ബീച്ചിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2022 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം: ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്, സംഘാടകർക്കെതിരേയും കേസ്