Assembly Election 2021 | കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; നിലപാട് പ്രഖ്യാപിക്കാൻ ഇന്ന് വാർത്താ സമ്മേളനം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം.
തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് വിജയൻ തോമസ് വ്യക്തമാക്കിയിട്ടുണ്ട്. നേമം സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇതിനുള്ള സാധ്യത മങ്ങി. ഇതേത്തുടർന്നാണ് രാജിയെന്നാണ് വിവരം.
വാർത്താസമ്മേളനത്തിൽ നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാനവട്ട ചര്‍ച്ച ഡല്‍ഹിയില്‍ നടക്കുമ്പോഴാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ രാജി. ഇന്നത്തെ വാർത്താസമ്മേളനം ഒഴിവാക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ പാലക്കാട് എ.വി.ഗോപിനാഥ് വിമതഭീഷണി ഉയർത്തിയിരുന്നു. തുടർന്ന് കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ പ്രശ്നപരിഹാരത്തിനായി ഗോപിനാഥുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ തൃത്താലയില്‍ വിമതസ്വരം ഉയര്‍ത്തിയ സി.വി. ബാലചന്ദ്രനെ കെപിസിസി വക്താവാക്കിയും പ്രശ്നം പരിഹരിച്ചു.
advertisement
ഇന്നലെവരെ കെപിസിസി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായിരുന്ന നേതാവാണ് വിജയന്‍ തോമസ്. ഇന്നലെ വൈകിട്ടാണ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് എഐസിസി–കെപിസിസി നേതൃത്വത്തിന് കത്തയച്ചത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.ടി.ഡി.സി ചെയർമാനായും വിജയൻ തോമസ് പ്രവർത്തിച്ചിട്ടുണ്ട്.
'കളമശേരിയില്‍ ചന്ദ്രൻപിള്ളയെ സ്ഥാനാർത്ഥിയാക്കണം; സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം
കൊച്ചി: സിപി.എമ്മിൽ പാലക്കിടിനും കുറ്റ്യാടിക്കും പിന്നലെ കളമശേരിയിലും പോസ്റ്റർ പ്രതിഷേധം. കളമശേരിയില്‍ ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുടര്‍ ഭരണത്തിന് ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. കളമശേരി നിയോജക മണ്ഡലത്തിലെ ഏലൂര്‍, മഞ്ഞുമ്മല്‍ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കളമശേരിയിലെ ഇടതു സ്ഥാനാർഥിയായി പി. രാജീവിനെയാണ് സി.പി.എം. പരിഗണിക്കുന്നത്.
advertisement
പി.ആര്‍. വേണ്ട, കെ.സി.പി. മതി (പി.രാജീവ് വേണ്ട, കെ. ചന്ദ്രന്‍പിള്ള മതി) എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. 'വിതച്ചത് കൊയ്യാൻ ഇറങ്ങിയിരിക്കുന്നു' എന്നും ചില പോസ്റ്ററുകളിലുണ്ട്. 2011-ല്‍ കളമശ്ശേരി മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ചന്ദ്രന്‍ പിള്ളയായിരുന്നു സ്ഥാനാര്‍ഥി. പിന്നീട് 2016-ല്‍ എം.എം. യൂസഫ് സ്ഥാനാർഥിയായി. കളമശേരിയിൽ ഇത്തവണ ചന്ദ്രൻപിള്ളയെയാണ് എറണാകുളം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും പരിഗണിച്ചത്. എന്നാല്‍ പിന്നീട് പി. രാജീവിന്റെ പേരും ഉയർന്നു വരികയായിരുന്നു.
ഇതിനിടെ പാലക്കാട് പോസ്റ്റർ പ്രതിഷേധം ഉൾപ്പെടെയുള്ളവ കണക്കിലെടുത്ത് മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കേണ്ടതില്ലെന്ന് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ഞായറാഴ്ച തീരുമാനിച്ചു. ജമീലയ്ക്കു പകരം ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദ് സ്ഥാനാര്‍ഥിയാകും. ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
advertisement
നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേരും നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2021 10:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; നിലപാട് പ്രഖ്യാപിക്കാൻ ഇന്ന് വാർത്താ സമ്മേളനം