തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം.
17 മാസത്തെ ശമ്പള കുടിശ്ശിക നൽകുന്നതുവഴി സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാകില്ലെന്ന് വി ടി ബൽറാം പരിഹസിക്കുന്നു. കിട്ടുന്ന മുഴുവൻ തുകയും ഡോ.ചിന്താ ജെറോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരിച്ച് സംഭാവന ചെയ്യുമെന്ന് നേരത്തെത്തന്നെ പ്രഖ്യാപിച്ചതാണല്ലോ എന്നും അങ്ങനെ സംഭാവന ചെയ്ത് അതിന്റെ രസീത് ഡോ. ചിന്താ ജെറോം തന്നെ പ്രസിദ്ധപ്പെടുത്താനാണ് സാധ്യതയെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
“കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായ കുമാരി ചിന്ത ജെറോമിന് കുടിശ്ശിക വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു” എന്ന തലക്കെട്ടോടെ ഒരു സർക്കാർ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.
അതിലെ പരാമർശം 4 ആയി നൽകിയിരിക്കുന്നത് 20.8.2022ന് ഡോ. ചിന്താ ജെറോം സർക്കാരിലേക്കയച്ച 698/എ1/2018/കേ.സം.യു.ക നമ്പർ കത്താണ്.
14.10.2016 മുതൽ 25.05.2018 വരെയുള്ള കാലത്ത് ശമ്പള കുടിശ്ശികയുണ്ടെന്നും അത് സർക്കാർ തനിക്ക് അനുവദിച്ചു നൽകണമെന്നുമാണ് ഈ കത്തിലൂടെ ഡോ. ചിന്താ ജെറോം സർക്കാരിനോട് നേരിട്ട് അഭ്യർത്ഥിച്ചിരിക്കുന്നത്. ശ്രദ്ധിക്കുക, യുവജന കമ്മീഷന് വേണ്ടി സെക്രട്ടറിയോ മറ്റാരെങ്കിലുമോ അല്ല സർക്കാരിലേക്ക് കത്തയച്ചിരിക്കുന്നത്, ചെയർപേഴ്സണായ ഡോ. ചിന്താ ജെറോം തന്നെയാണ് എന്ന് ഈ സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. താൻ കുടിശ്ശികയൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് നേരത്തേ ഡോ.ചിന്താ ജെറോം ആവർത്തിച്ചു പറഞ്ഞിരുന്നത് വാസ്തവ വിരുദ്ധമാണെങ്കിലും അവരങ്ങനെ മനപൂർവ്വം കള്ളം പറഞ്ഞതാവാൻ വഴിയില്ല, ഓർമ്മക്കുറവു കൊണ്ടാവും.
ഏതായാലും ഈ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ് ഇപ്പോൾ സർക്കാർ 6.01.2017 മുതൽ 25.05.2018 വരെയുള്ള ഏതാണ്ട് 17 മാസത്തെ കുടിശ്ശിക ഡോ. ചിന്താ ജെറോമിന് അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. അഡ്വാൻസ് വാങ്ങിയത് കഴിഞ്ഞാൽ ഓരോ മാസവും 50000 രൂപയാണ് കുടിശ്ശികയായി നിൽക്കുന്നത് എന്നതിനാൽ ഈ ഉത്തരവ് പ്രകാരം ഏതാണ്ട് 8.50 ലക്ഷത്തോളം രൂപ സർക്കാർ ഖജനാവിൽ നിന്ന് ഡോ.ചിന്താ ജെറോമിന് ലഭിക്കും.
പക്ഷേ, യഥാർത്ഥത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നഷ്ടമുണ്ടാകാൻ വഴിയില്ല. കാരണം, ഈ കിട്ടുന്ന മുഴുവൻ തുകയും ഡോ.ചിന്താ ജെറോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരിച്ച് സംഭാവന ചെയ്യുമെന്ന് നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! അങ്ങനെ സംഭാവന ചെയ്ത് അതിന്റെ രശീത് ഡോ. ചിന്താ ജെറോം തന്നെ പ്രസിദ്ധപ്പെടുത്താനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.