കെഎസ്ഇബി അദാനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്തുതകൾ നിരത്തി വൈദ്യുതി ബോർഡിന്‍റെ മറുപടി

Last Updated:

ഇപ്പോൾ ഉയർന്നു വന്ന വിഷയത്തിലെ ആറു ആരോപണങ്ങൾക്കാണ് അക്കമിട്ട് കെഎസ്ഇബി മറുപടി നൽകുന്നത്.

കെ. എസ്. ഇ. ബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടെന്ന നിലയിൽ ഇപ്പോൾ നടക്കുന്ന പ്രചരണം വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് കെ എസ് ഇ ബി. ഇത്തരം വാര്‍ത്തകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് ഇടയാക്കും എന്നതിനാല്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകള്‍ വിശദമാക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ഇപ്പോൾ ഉയർന്നു വന്ന വിഷയത്തിലെ ആറു ആരോപണങ്ങൾക്കാണ് അക്കമിട്ട് കെഎസ്ഇബി മറുപടി നൽകുന്നത്.
1. കെ.എസ്.ഇ.ബി. ലിമിറ്റഡ് 2021 മാർച്ചിൽ അദാനി ഗ്രീൻ എനർജിയുമായി 300 MW ന്റെ വൈദ്യുതി വാങ്ങല്‍ക്കരാറിൽ ഏർപ്പെട്ടു എന്നും അതുവഴി അദാനി ഗ്രീന്‍പവര്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി എന്നും അതുവഴി ഓഹരി വിപണിയിൽ അവരുടെ ഓഹരി വില വർദ്ധിച്ചു എന്നുമാണ് ആദ്യ ആരോപണം. അദാനിയുമായി നേരിട്ട് കരാര്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ SECI മുഖാന്തിരം കരാര്‍ ഉണ്ടാക്കിയെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
• 2021 മാർച്ചിൽ ലിമിറ്റഡ് അദാനി ഗ്രീൻ എനർജിയുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ല. എന്നാൽ കേന്ദ്ര ഗവ. സ്ഥാപനമായ SECl ( Solar Power Corporation of India)യുമായി ജൂൺ 2019 ൽ 200 MW ഉം സെപ്റ്റംബർ 2019 ൽ 100 MW ഉം കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വച്ചിട്ടുണ്ട്. ഈ കരാറുകൾ ഉൾപ്പടെ എല്ലാ വൈദ്യുതി വാങ്ങൽ കരാറുകളും KSEB യുടെ വെബ് സൈറ്റിൽ സുതാര്യമായി മുൻപേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. SECl താരിഫ് അധിഷ്ടിത ടെൻഡർ നടപടികളിലൂടെ തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളിൽ നിന്നാകും പ്രസ്തുത വൈദ്യുതി ലഭ്യമാക്കുക. SECl ഇപ്രകാരം തിരഞ്ഞെടുത്ത വിവിധ കമ്പനികളായ അദാനി വിൻഡ് എനർജി (75 MW), സെനാട്രിസ് വിൻഡ് എനർജി (125 MW), സ്പ്രിങ്ങ് വിൻഡ് എനർജി (100 MW) എന്നിവരിൽ നിന്നാകും KSEB യ്ക്ക് വൈദ്യുതി നല്കുക എന്ന് SECl 2020 ൽ അറിയിച്ചിട്ടുണ്ട്. ഇതിൽ 25 MW അദാനി വിൻഡ് എനർജിയിൽ നിന്നും 2021 മാർച്ച് മുതൽ ലഭ്യമായിട്ടുണ്ട്. തികച്ചും സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ച് ദേശീയാടിസ്ഥാനത്തില്‍ ടെണ്ടര്‍ ചെയ്ത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് SECI വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഇതുപ്രകാരം കേരളത്തിന് അലോട്ട് ചെയ്തിട്ടുള്ള വിഹിതം വാങ്ങുന്നതിനപ്പുറം യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏര്‍പ്പെട്ടിട്ടില്ല. കെ.എസ്.ഇ.ബി. ലിമിറ്റഡ് അദാനി ഗ്രീന്‍ എനര്‍ജിയുമായി കരാറില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്.
advertisement
• അദാനിയുമായി നേരിട്ട് കരാര്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ SECI മുഖാന്തിരം കരാര്‍ ഉണ്ടാക്കിയെന്ന ആരോപണത്തിനും യാതൊരു അടിസ്ഥാനവുമില്ല. SECI പാരമ്പര്യേതര ഊര്‍ജ്ജ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ്. കാറ്റാടി, സോളാര്‍ എന്നിങ്ങനെ വിവിധ അക്ഷയ ഊര്‍ജ്ജ മേഖലകളിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് SECI. പത്തോളം വിവിധ ടെണ്ടറുകളിലൂടെ ഇതിനകം 10,000 മെഗാവാട്ടിന്റെ കാരാറുകളില്‍ SECI ഏര്‍പ്പെട്ടിട്ടുണ്ട്. അദാനിയടക്കം 20ഓളം കമ്പനികളുമായി SECI ഇതിനകം കരാര്‍ വെച്ചിട്ടുണ്ട്. ഇതില്‍ കുറഞ്ഞ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. ഒന്നിച്ചു ചേര്‍ത്ത് ടെണ്ടര്‍ വിളിക്കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉണ്ടാക്കാന്‍ SECIക്ക് കഴിയുന്നുണ്ട്. ഈ നേട്ടം ഉപയോഗപ്പെടുത്തുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളത്. അല്ലാതുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്.
advertisement
2. സോളാർ വൈദ്യുതി 2020 ഡിസംബറിൽ 1.99 രൂപയ്ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയിൽ നിന്നും വലിയ വിലക്ക് വൈദ്യുതി വാങ്ങുന്നത് എന്നതാണ് അടുത്ത ആരോപണം.
• ഭൂമി അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളൊക്കെ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കി ആ ഭൂമിയില്‍ സോളാര്‍ നിലയം സ്ഥാപിച്ച് 2023ഓടെ വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു ടെണ്ടര്‍ വിളിച്ചിരുന്നു. ഈ ടെണ്ടറില്‍ യൂണിറ്റിന് 1.99രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ടെണ്ടര്‍ നിരക്ക് ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഭൂമിയുടെ വിലയടക്കമുള്ള ചെലവുകള്‍ കൂടി കണക്കാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഒരു യൂണിറ്റിന് എത്ര നിരക്ക് വരും എന്നത് തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളൂ. 2023ല്‍ മാത്രം യാഥാര്‍ത്ഥ്യമാകുന്ന ഈ നിലയങ്ങളില്‍ നിന്ന് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് മാത്രമേ വൈദ്യുതി ലഭ്യമാകുകയുള്ളൂ. കെ.എസ്.ഇ.ബി. ലിമിറ്റഡിന് ഈ നിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാകുകയില്ല. കേരളത്തില്‍ ഒരു യൂണിറ്റ് സോളാര്‍ വൈദ്യുതിക്ക് നിലവില്‍ മൂന്നു രൂപയിലേറെ നിരക്കുണ്ട് എന്നതുകൂടി ഈ സാഹചര്യത്തില്‍ കാണേണ്ടതുണ്ട്. കമ്പോളത്തില്‍ യൂണിറ്റിന് 1.99 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നത് വസ്തുതയല്ല. മാത്രമല്ല കാറ്റാടി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ നിരക്ക് സോളാര്‍ നിലയങ്ങളില്‍ നിന്നുള്ള നിരക്കുമായി താരതമ്യപ്പെടുത്തുന്നത് ശരിയായ സമീപനമല്ല. കമ്പോളത്തില്‍ നിന്ന് കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുമ്പോള്‍ അത് ഒഴിവാക്കി അദാനിയുമായി കരാര്‍ ഒപ്പിട്ടു എന്ന ആരോപണം വസ്തുതയുമായി യാതൊരു ബന്ധവുമുള്ളതല്ല.
advertisement
• SECI യുമായി 2019 ജൂണിൽ ഒപ്പിട്ട കരാർ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്തംബറിൽ ഒപ്പിട്ട കരാർ പ്രകാരമുള്ള പരമാവധി നരിക്ക് യൂണിറ്റിന് 2.80 രൂപയും ആണ്. ഇത് കഴിഞ്ഞ 10 വർഷത്തിനിടെ കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കാണ്.
• കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ (സ്ഥല വില, കാറ്റിന്റെ അളവ് തുടങ്ങി ) മൂലം കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങൾക്ക് ഉയർന്ന നിരക്കാണ് ഇക്കാലയളവിൽ റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. 2017 ലും 2018 ലും കമ്മീഷൻ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും തോതിലാണ്. ഈ നിരക്കുകളുമായി താരതമ്യം ചെയ്താല്‍ SECIയുമായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ വളരെ ആദായകരമാണ് എന്നും കാണാവുന്നതാണ്.
advertisement
3. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് സൗരോർജ്ജത്തിൽ നിന്നും വാങ്ങേണ്ട വൈദ്യുതിയുടെ അളവ് കുറച്ച് കാറ്റിൽ നിന്നും വാങ്ങേണ്ട അളവ് കൂട്ടി എന്നതാണ് മറ്റൊരു ആരോപണം.
• ഇതും വസ്തുതയല്ല. സംസ്ഥാന റഗുലേറ്ററി കമ്മീഷനാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ് വാങ്ങേണ്ട വൈദ്യുതിയുടെ അളവ് തീരുമാനിക്കുന്നത്. 2019 -20 ൽ ചെറുകിട ജലവൈദ്യുതി, കാറ്റ് എന്നിവയിൽ നിന്നാകെ വാങ്ങേണ്ട അളവ് 8% വും സോളാർ നിലയങ്ങളിൽ നിന്നുള്ള അളവ് 4 % വും എന്നാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ഇത് 2020-21 ൽ യഥാക്രമം 9% വും 5.25% വും 2021-22 ൽ യഥാക്രമം 10.25% വും 6.75% വും ആയാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ഈ അനുപാതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കെ.എസ്.ഇ.ബിക്ക് കഴിയില്ല. സംസ്ഥാന സര്‍ക്കാരും ഇതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. റിന്യൂവബിള്‍ പര്‍ച്ചേസ് ഇംപ്ലിമെന്റേഷന്‍ ഈ രണ്ട് ബാസ്കറ്റിലും വൈദ്യുതി വാങ്ങിയാലേ നിറവേറ്റപ്പെടുകയുള്ളൂ. സോളാര്‍ മാത്രം വാങ്ങിയാല്‍ മതിയാവില്ല. ചെറുകിട ജലവൈദ്യുതി, കാറ്റ് എന്നിവയടങ്ങിയ ബാസ്കറ്റില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഇപ്പോള്‍ വൈദ്യുതി ലഭ്യമാകുന്നത് കാറ്റാടി നിലയങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ സോളാര്‍ വാങ്ങാതെ കാറ്റാടി തെരെഞ്ഞെടുത്തു എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.
advertisement
• ചെറുകിട ജലവൈദ്യുതി പദ്ധതികള്‍, കാറ്റാടി എന്നീ ബ്ലോക്കുകളിലും സോളാര്‍ ബ്ലോക്കിലും സംസ്ഥാനം ഉപയോഗിക്കേണ്ടത്ര വൈദ്യുതി ഉപയോഗിക്കാന്‍ കേരളത്തിന് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് വസ്തുത. സോളാര്‍ വികസനത്തിന്റെ ഭാഗമായി 1000 മെഗാവാട്ട് ഉത്പാദനം നേടി ഒബ്ലിഗേഷന്‍ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നു വരുന്നത്. ഇതോടൊപ്പം ചെറുകിട ജലവൈദ്യുതി, കാറ്റ് തുടങ്ങിയ മേഖലകളിലെ ഒബ്ലിഗേഷനും നിറവേറ്റേണ്ടതുണ്ട്. ഉപയോഗിക്കേണ്ടത് ഈ ഇനങ്ങളിലെല്ലാം ഇനിയും വൈദ്യുതി വാങ്ങേണ്ട സ്ഥിതി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് SECIയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭ്യമായപ്പോള്‍ അത് വാങ്ങുന്നതിനും റിന്യൂവബിള്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ പ്രകാരം വരുന്ന പിഴയില്‍ കുറവ് വരുത്തുന്നതിനും കെ.എസ്.ഇ.ബി. ലിമിറ്റഡ് തീരുമാനിച്ചത്.
advertisement
4. കേരളത്തിൽ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരും.
• ഇതും വസ്തുതാവിരുദ്ധമാണ്. പുനരുപയോഗ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അവയുടെ പ്രസരണ ചാർജ്ജും പ്രസരണ നഷ്ടവും പൂർണ്ണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. അഥവാ ഉല്പാദന നിലയത്തിൻ ഉല്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും പ്രസരണ നഷ്ടം കണക്കാക്കാതെ തന്നെ കെ.എസ്.ഇ.ബി. ലിമിറ്റഡിന് ലഭ്യമാകും.
5. ഒരു രൂപയ്ക്ക് റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നു എന്നതാണ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം. ജലവൈദ്യുതിനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് ഒരു രൂപ മാത്രമേ ഉള്ളൂ എന്നിരിക്കിലും മൂന്നു രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നു എന്നും ആരോപണമായി ഉന്നയിച്ചിട്ടുണ്ട്.
• റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് എന്നത് വൈദ്യുതി വാങ്ങല്‍ അല്ല. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച അളവില്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നില്ലെങ്കില്‍ അതിന് പകരം അത്രയും യൂണിറ്റിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി വെക്കണം എന്നാണ് നിയമം. അതായത് സര്‍ട്ടിഫിക്കറ്റിന് ചെലവാക്കുന്ന തുക പിഴയാണ്. റിന്യൂവബിള്‍ എനര്‍ജി സർട്ടിഫിക്കറ്റിന് ഒരു യൂണിറ്റിന് ഒരു രൂപയാണ് നിരക്ക് എന്നതിന്റെ പ്രായോഗികമായ അര്‍ത്ഥം ഉപയോഗിക്കുന്ന വൈദ്യുതിയില്‍ റിന്യൂവബിള്‍ എനര്‍ജിയുടെ അളവ് ഒരു യൂണിറ്റ് കുറഞ്ഞാല്‍ ഒരു രൂപ പിഴ കൊടുക്കേണ്ടി വരുന്നു എന്നതാണ്. അല്ലാതെ ഒരു രൂപക്ക് വൈദ്യുതി ലഭിക്കും എന്നല്ല. വൈദ്യുതി വാങ്ങുന്നതിന് വില വേറെ നല്‍കണം. പുനരുപയോഗ ഊർജ്ജം നിശ്ചിത അളവിൽ വാങ്ങാതെ വരുമ്പോൾ അതിന് പിഴയായി ആണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് പറയുന്നത് വസ്തുതകളെ മറച്ചു വെക്കാനാണ്.
• ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ ‍ നിന്നുള്ള വൈദ്യുതിക്ക് ഒരു രൂപയേ വരുന്നുള്ളൂ എന്നതും വസ്തുതയല്ല. കേരളത്തില്‍ അഞ്ചു മെഗാവാട്ട് വരെയുള്ള ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്ക് യൂണിറ്റിന് 5.95 രൂപയാണ്. അതിന് മുകളില്‍ പ്രോജക്ട് സ്പെസിഫിക്ക് താരീഫ് ആണ്. ഇന്നത്തെ നിര്‍മ്മാണച്ചലവുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് അഞ്ചുരൂപക്ക് മുകളിലാണ്. ദേശീയാടിസ്ഥാനത്തിലും ഇതുതന്നെയാണ് നിരക്ക്. കേരളത്തില്‍ കെ.എസ്.ഇ.ബി. നിര്‍മ്മിക്കുന്ന നിലയങ്ങളില്‍ നിന്നുള്ള വില പലപ്പോഴും ഇതിലധികമാണ്. ഇതാണ് വസ്തുതയെന്നിരിക്കേയാണ് യൂണിറ്റിന് ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ നിന്നും വൈദ്യുതി കിട്ടും എന്ന് ആരോപിക്കുന്നത്.
6. നിലവില്‍ ഒരു വൈദ്യുതി വിതരണക്കമ്പനികളും ദീര്‍ഘകാല കരാറുകള്‍ വെക്കുന്നില്ല എന്നും 25 വര്‍ഷത്തേക്ക് ദീര്‍ഘകാലകരാര്‍ വെച്ചതില്‍ അഴിമതിയുണ്ട് എന്നതുമാണ് ഉന്നയിക്കുന്ന മറ്റൊരാരോപണം.
• ഇതും വസ്തുതാ വിരുദ്ധമാണ്. രാജ്യത്ത് റിന്യൂവബിള്‍ എനര്‍ജി വാങ്ങലുമായി ബന്ധപ്പെട്ട് ദീര്‍ഘകാലകരാറുകള്‍ മാത്രമേ ഉള്ളൂ. അല്ലാതുള്ള ഒരു കരാറും ഈ രംഗത്ത് നിലവിലില്ല.
മേല്‍ വസ്തുതകളില്‍ നിന്നും കെ.എസ്.ഇ.ബി. ലിമിറ്റഡ് SECIയുമായി വെച്ചിട്ടുള്ള വൈദ്യുതി വാങ്ങല്‍ക്കരാറുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് മനസ്സിലാകും. കേരളത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിച്ചുകൊണ്ട് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ് ശ്രമിക്കുന്നത്. അക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന് കഴിയുന്നുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് റെഗുലേറ്ററി കമ്മിഷന്റെ മുൻ‌കൂർ അനുമതിയില്ലാതെ വൈദ്യുതി നിരക്ക് നിശ്ചയിക്കുകയോ, വാങ്ങുവാനോ കഴിയുകയില്ല എന്ന വസ്തുതയും അറിയിച്ചുകൊള്ളുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ഇബി അദാനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്തുതകൾ നിരത്തി വൈദ്യുതി ബോർഡിന്‍റെ മറുപടി
Next Article
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
  • MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.

  • രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.

  • നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.

View All
advertisement