തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് വിവാദമുണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചു. നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല''. കോൺഗ്രസ് തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സജി ചെറിയാൻ രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് സിപിഎം തീരുമാനം.
അതേസമയം ഭരണഘടനയെ അവഹേളിച്ചുകൊണ്ടുളള മന്ത്രി സജി ചെറിയാന്റെ പ്രസംഗം അനുചിതമെന്ന് സി പി ഐ വിലയിരുത്തൽ. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കോടതിയിലെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ നേതൃത്വം വിലയിരുത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.