നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

Last Updated:
തിരുവനന്തപുരം: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലെ നേതാക്കളുടെ മുന്‍കാല നിലപാടുകള്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് എതിരെന്നു വിമര്‍ശനം.
ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സമുദായ സംഘടനകളുടെ യോഗം വിളിച്ചതും നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചതും.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. സി.കെ വിദ്യാസാഗര്‍, ബി. രാഘവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, ഇ.എന്‍. ശങ്കരന്‍ (ജോയന്റ് കണ്‍വീനര്‍മാര്‍), കെ. സോമപ്രസാദ് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
advertisement
എന്നാല്‍ സമിതി ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന്റെയും ജോയിന്റ് കണ്‍വീനറായ സി.പി സുഗതന്റെയും മുന്‍കാല നിലപാടുകള്‍ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തെ പോലും തുരങ്കം വയ്ക്കുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹിന്ദു മതം വിട്ട് മുസ്ലീമായ ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നും ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമെന്നുമൊക്കെ പ്രഖ്യാപിച്ചയാളാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനറായി നിയമിക്കപ്പെട്ടിരിക്കുന്ന സി.പി സുഗതന്‍. നിലവില്‍ ഇദ്ദേഹം ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയാണ്.
Also Read 'വർഗീയവാദിയെ കൺവീനറാക്കിയാണോ വനിതാ മതിൽ ഒരുക്കുന്നത്'?
മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാനിറങ്ങി ജീവന്‍ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി നൗഷാദിനും കുടുംബത്തിനും എതിരെ നടത്തിയ വര്‍ഗീയ പ്രസ്താവനയാണ് വെള്ളാപ്പള്ളിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. കുടുംബത്തിന് ധനസഹായവും വിധവയ്ക്ക് ജോലിയും നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നൗഷാദ് മുസ്ലീം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
advertisement
2015-ല്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഉള്‍പ്പെടുത്തി ഒരു പാര്‍ട്ടി രൂപീകരിക്കുന്നതിനായി നടത്തിയ സമത്വ മുന്നേറ്റ യാത്രയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രതികരണം. പ്രസ്താവനയ്ക്കെതിരെ സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ കേസ് കൊടുക്കുകയും ചെയ്തു. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. എന്നാല്‍ ഇന്ന് മതേതരത്വവും നവോത്ഥാന മൂല്യങ്ങളും തരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നില്‍ നിര്‍ത്തുന്നതും ഇതേ വെള്ളാപ്പള്ളിയെ തന്നെ.
advertisement
സുഗതന്റെ മുന്‍കാല നിലപാടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമും രംഗത്തെത്തിയിട്ടുണ്ട്.
വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ നാവോത്ഥാന പൊറാട്ട് നാടകം കളിക്കുക്കുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?
Next Article
advertisement
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
  • വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസുകാരന്റെ മുഖത്തടിച്ചതായി പിതാവ് പരാതി നൽകി.

  • കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.

  • ഇരു കൂട്ടരും പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

View All
advertisement