ആലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം. തൃപ്പെരുന്തുറ പഞ്ചായത്തിലാണ് കോൺഗ്രസ് സഹായത്തോടെ സി പി എം ഭരണത്തിലെത്തിയത്. വിജയമ്മ ഫിലേന്ദ്രൻ ആണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 11 വോട്ട് എൽഡിഎഫ്-യുഡിഎഫിനും ആറ് വോട്ട് എൻ.ഡി.എയ്ക്കും ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ദീപു വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
അതേസമയം ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ് എൽ ഡി എഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി. തങ്ങളെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുന്നതിനുള്ള നീക്കമായിരുന്നു എൽഡിഎഫ്-യുഡിഎഫ് ധാരണയെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചു പഞ്ചായത്തിന് മുന്നിൽ അവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന യു ഡി എഫ് പാർലമെന്ററി യോഗത്തിലാണ് എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഇവിടെ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഡി സി സി അധ്യക്ഷൻ ലിജുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ എൽ ഡി എഫിന് പിന്തുണ നൽകാമെന്ന് യു ഡി എഫ് തീരുമാനം കൈക്കൊള്ളുകയായിരുന്നു.
കഴിഞ്ഞതവണ എൽ ഡി എഫിന് ആയിരുന്നു പഞ്ചായത്ത് ഭരണം. എന്നാൽ, ഇത്തവണ യു ഡി എഫിനും ബി ജെ പിക്കും ആറു സീറ്റു വീതവും എൽ ഡി എഫിന് അഞ്ചു സീറ്റുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം ഇവിടെ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്.
ആറു സീറ്റ് ലഭിച്ചെങ്കിലും യു ഡി എഫിൽ പട്ടികജാതി വനിതകളാരും വിജയിച്ചില്ല. എന്നാൽ, എൽ ഡി എഫിനും ബി ജെ പിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് - യു ഡി എഫ് ധാരണയായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala local body Election 2020, Ldf, Local Body Elections 2020, Ramesh chennithala, Udf, തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം