'വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ പരിഭവിക്കുന്നവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ പരിഭവമില്ല': വിഡി സതീശൻ

Last Updated:

ജമാഅത്ത് ഇസ്ലാമി പിന്തുണ ആശാവഹവും ആവേശകരവുമെന്ന് പറഞ്ഞ സി.പി.എം ഓന്തിനെ പോലെ നിറം മാറി വര്‍ഗീയവിരുദ്ധത പറയുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും സതീശൻ

വിഡി സതീശൻ
വിഡി സതീശൻ
നിലമ്പൂര്‍: ജമാഅത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണ നല്‍കിയത് വര്‍ഗീയകക്ഷികളുമായുള്ള യു.ഡി.എഫ് ബന്ധത്തെയാണ് കാണിക്കുന്നതെന്ന് പറഞ്ഞ എം.വി ഗോവിന്ദനോട് ഇരുകക്ഷികളെക്കുറിച്ചും സി.പി.എം നേതാക്കള്‍ നടത്തിയ മുന്‍കാല പ്രസ്താവനകളാണ് ഓര്‍മ്മിപ്പിക്കാനുള്ളത് എന്ന് നേതാവ് വിഡി സതീശൻ. യു.ഡി.എഫ് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .
'മുസ്ലീം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്ത് ഇസ്ലാമി. ദേശീയ സാര്‍വദേശീയ രംഗത്തൊക്കെ അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവരുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു.' പിണറായി വിജയന്‍ 2009-ല്‍ പറഞ്ഞതാണ്. ജമാഅത്ത് ഇസ്ലാമി പിന്തുണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാഹായിച്ചെന്നാണ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. ജമാഅത്ത് ഇസ്ലാമിയുമായി മുന്‍പും ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും എന്നെ കാണാന്‍ അവര്‍ തലയില്‍ മുണ്ടിട്ടല്ല വന്നതെന്നുമാണ് പിണറായി വിജയന്‍ 2011-ല്‍ വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞത്. 'ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വേണ്ടെന്നു പറയാനുള്ള വിഡ്ഢിത്തം ഞങ്ങള്‍ പറയില്ല. സി.പി.എം നിലപാടുകള്‍ പ്രശ്‌നാധിഷ്ഠിതമാണ്. ജമാഅത്ത് ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നോ അല്ലെന്നോ പറയാന്‍ സി.പി.എം തയാറല്ല. സാമ്രാജ്യത്വ വിരുദ്ധത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.പി.എമ്മിനും ജമാഅത്ത് ഇസ്ലാമിക്കും ഒരേ നിലപാടാണ്.' - 2011-ല്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞതാണ്. ജമാഅത്ത് ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയതില്‍ കോണ്‍ഗ്രസിന് എന്തിനാണ് ഇത്ര വേവലാതി എന്നതാണ് പിണറായി വിജയന്റെ മറ്റൊരു പ്രസ്താവന.
advertisement
"ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാഅത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പമായിരുന്നു. 2019- ന് ശേഷം വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വരണമെന്ന നിലപാടെടുത്ത് ഞങ്ങളെ പിന്തുണച്ചത്. സി.പി.എമ്മിന് പിന്തുണ നല്‍കിയപ്പോള്‍ മതേതരവാദികള്‍, സി.പി.എമ്മിനുള്ള പിന്തുണ പിന്‍വലിച്ച് യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ അവര്‍ വര്‍ഗീയവാദികള്‍. ഇത് സി.പി.എമ്മിന്റെ സ്ഥിരം പരിപാടിയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിന് കിട്ടിയതില്‍ പരിഭവിക്കുന്നവര്‍ക്ക് പി.ഡി.പിയുടെ പിന്തുണ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതില്‍ ഒരു പരിഭവവുമില്ല".
''കോയമ്പത്തൂരില്‍ ഉണ്ടായ സ്‌ഫോടനവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മദനി ഉള്‍പ്പടെയുള്ള പ്രതികളെ തമിഴ്‌നാട് പോലീസിന് കൈമാറി. സംസ്ഥാന പോലീസിന്റെ അവസരോചിതവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ സംഘര്‍ഷങ്ങളുടേയും കലാപങ്ങളുടേയും സാഹചര്യങ്ങള്‍ മുളയിലേ നുള്ളിക്കളയാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ഥ്യജനകമാണ്'- എന്നാണ് ഇ.കെ നയനാരുടെ കാലത്ത് പി.ആര്‍.ഡി പുറത്തിറക്കിയ ലഘുലേഖയില്‍ സര്‍ക്കാരിന്റെ നേട്ടമായി പറഞ്ഞിരിക്കുന്നത്. അവര്‍ക്ക് ഇപ്പോള്‍ പി.ഡി.പിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു വിഷമവുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതാണ് പ്രശ്‌നം. ഇതിനെയാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്.
advertisement
എല്‍.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള ജമാഅത്ത് ഇസ്ലാമിയുടെ തീരുമാനം ആശാവഹവും ആവേശകരവുമെന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. എന്നിട്ടാണ് ഓന്തിനെ പോലെ നിറം മാറി വര്‍ഗീയവിരുദ്ധത പറയുന്നത്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. ജമാഅത്ത് ഇസ്ലാമി നല്‍കിയ പിന്തുണ യു.ഡി.എഫ് സ്വീകരിക്കുന്നു. എല്‍.ഡി.എഫിന് സ്വീകരിക്കാം, യു.ഡി.എഫ് സ്വീകരിക്കാന്‍ പാടില്ലെന്നത് എവിടുത്തെ പരിപാടിയാണ്? സിപി.എമ്മിന്റെ വര്‍ഗീയവിരുദ്ധ നിലപാടിലെ കാപഠ്യത്തെ കുറിച്ച് കൂടുതല്‍ പറയിപ്പിക്കരുത്.
വര്‍ഗീയവിരുദ്ധത പറയുന്ന സി.പി.എം ബി.ജെ.പിയുമായി ബന്ധവത്തിലാണ്. സി.പി.എമ്മിനെ സഹായിക്കാന്‍ നിലമ്പൂരില്‍ മത്സരിക്കേണ്ടെന്നാണ് ബി.ജെ.പി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് നേതൃത്വത്തിനെതിരെ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് അപ്രസക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇത് സി.പി.എം ബി.ജെ.പി രഹസ്യബാന്ധവമാണ്. ഇതൊന്നും യു.ഡി.എഫ് വിജയത്തെ ബാധിക്കില്ല. സര്‍ക്കാരിന്റെ 9 വര്‍ഷത്തെ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിച്ചാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളുടെ വോട്ട് ബാങ്ക്.
advertisement
ജമാഅത്ത ഇസ്ലാമിയെ അസോസിയേറ്റ് അംഗമാക്കുന്നു എന്നത് കള്ളക്കഥയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അവര്‍ യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. പൊളിറ്റിക്കലായാണ് പിന്തുണ നല്‍കിയിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്ത് ഇസ്ലാമിയെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ലല്ലോ?
ഹിന്ദു മഹാസഭയുടെ പിന്തുണ എല്‍.ഡി.എഫിനാണ്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ പിണറായി വിജയനോട് ചോദിക്കുമോ? കൃത്യമായ നിലപാടുള്ള രാഷ്ട്രീയപ്രസ്ഥാനമാണ് ജമാഅത്ത് ഇസ്ലാമിയെന്നു പറഞ്ഞത് നിങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് കൈരളി ലേഖകന്‍ ഓര്‍ക്കണം. നിങ്ങള്‍ക്ക് പിന്തുണ തരാതായപ്പോള്‍ വര്‍ഗീയവാദിയായി. എത്രയോ സംഘടനകള്‍ മുന്നണികള്‍ക്ക് പിന്തുണ നല്‍കുന്നു.
advertisement
ഇടതുപക്ഷത്തെ ചില സാംസ്‌ക്കാരിക പ്രമുഖര്‍ നാട്ടില്‍ നടക്കുന്നതിലൊക്കെ കണ്ണടയ്ക്കും. എന്നിട്ട് ചിതറിത്തെറിക്കുന്ന കാര്യങ്ങള്‍ കിട്ടുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിലെത്തി പിന്തുണ പ്രഖ്യാപിക്കും. ആശാ വര്‍ക്കര്‍മാര്‍ കണ്ണീരോടെ സമരം നടത്തിയപ്പോള്‍ ഇവരൊന്നും അവിടേക്ക് പോയില്ലല്ലോ. സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദന്‍ സ്വീകരിച്ച നിലപാടിനെ തൊഴുകൈയ്യോടെ നമസ്‌ക്കരിക്കുന്നു. വ്യക്തമായ നിലപാടാണ് ആശ സമരത്തില്‍ അദ്ദേഹവും മല്ലിക സാരാഭായിയും സ്വീകരിച്ചത്. എത്ര ധീരമായ നിലപാടാണ് സാറാ തോമസ് സ്വീകരിച്ചത്. അന്നൊന്നും കാണാത്തവരാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പായപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. കേരളത്തില്‍ ഒരു പ്രശ്‌നം വന്നാലും ഇവരൊന്നും കാണില്ല. അവര്‍ക്ക് എന്തെങ്കിലും കിട്ടിക്കോട്ടെ. അതില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ പരിഭവിക്കുന്നവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ പരിഭവമില്ല': വിഡി സതീശൻ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement