നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയത്തില്‍ പതറാതെ നവോത്ഥാനത്തിലൂന്നി സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍

  പ്രളയത്തില്‍ പതറാതെ നവോത്ഥാനത്തിലൂന്നി സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍

  നിപ വൈറസിനെ നേരിട്ടതും പ്രളയ കാലത്തെ ഇടപെടലുകളും 1000 ദിവസത്തെ പ്രയാണത്തിനിടെ സര്‍ക്കാരിന് പുത്തന്‍ ഉണര്‍വു നല്‍കിയ നാഴികക്കല്ലുകളാണ്

  news18

  news18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ നിരവധി നേട്ടങ്ങളും. മറ്റേതൊരു സര്‍ക്കാരിനെയും പോലെ വിവാദങ്ങളും ഇടതു സര്‍ക്കാരിനെയും നിഴല്‍ പോലെ പിന്തുടര്‍ന്നു. എന്നാല്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായി മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്താനായതും ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതില്‍ സ്വീകരിച്ച ഉറച്ച തീരുമാനവുമൊക്കെ സര്‍ക്കാര്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഉയര്‍ത്തിക്കാട്ടുന്നു.

   നിപ വൈറസിനെ നേരിട്ടതും പ്രളയ കാലത്തെ ഇടപെടലുകളും 1000 ദിവസത്തെ പ്രയാണത്തിനിടെ സര്‍ക്കാരിന് പുത്തന്‍ ഉണര്‍വു നല്‍കിയ നാഴികക്കല്ലുകളാണ്. നിപയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചതും സര്‍ക്കാരിന്റെ നേട്ടമാണ്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിച്ച 'വനിതാ മതില്‍' രണ്ടാം നവോത്ഥാന മുന്നേറ്റമായാണ് ഇടതു സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

   Also Read:  1000 ദിനങ്ങൾ; നിറം കെടുത്തി 20 രാഷ്ട്രീയ കൊലപാതകങ്ങൾ

    

   ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഒരു പ്രത്യേക നയം നടപ്പാക്കിയതും ദളിത് വിഭാഗങ്ങളിലുള്‍പ്പെടെയുള്ള പിന്നാക്കക്കാരെ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ ശാന്തിക്കാരായി നിയമിക്കാന്‍ കഴിഞ്ഞതും ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ ചുവടുവയ്പ്പുകളായി. ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളും അഭിമാന നേട്ടമായാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കേരള വളര്‍ച്ചയില്‍ ഇഴചേര്‍ന്നിരിക്കുന്ന സഹകരണമേഖലയെ കൂട്ടിയോജിപ്പിച്ച് കേരളബാങ്ക് യാഥാര്‍ഥ്യമാക്കുന്നതും നേട്ടളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

   പുരോഗതിയിലുള്ളതും പൂര്‍ത്തീകരണത്തിലേക്കു കടക്കുന്നതുമായ അനവധി പദ്ധതികളാണ് നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയ പാതാ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ല്‍ പൈപ്പ് ലൈന്‍, എല്‍.എന്‍.ജി. ടെര്‍മിനല്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, നാഷണല്‍ വാട്ടര്‍ വേ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൂടംകുളം വൈദ്യുതി ലൈന്‍ തുടങ്ങി സ്വപ്ന പദ്ധതികളും സര്‍ക്കാരിന് മുന്നിലുണ്ട്. ക്രമസമാധാന രംഗത്തും സംസ്ഥാനം മുന്‍പന്തിയിലാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

   Dont Miss: 'ഇത് LDFകാരന്റെ മാത്രം ഗവണ്‍മെന്റാണോ?' പൊതുപരിപാടിയില്‍ 'ചെഗുവേര' കൊടി ഉയര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി

    

   വിവാദങ്ങള്‍ക്കിടയിലും ശബരിമലയില്‍ ഉറച്ച നിലപാടെടുക്കാനും എതിര്‍പ്പുകളെ അവഗണിച്ച് നവോത്ഥാന കാമ്പയിനുമായി മുന്നോട്ടു പോകാനുമൊക്കെ സര്‍ക്കാരിന് കരുത്ത് നല്‍കുന്നത് കേരളത്തെ ബദല്‍ മാതൃകയാക്കി ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യമാണെന്നതില്‍ സംശയമില്ല.

   First published:
   )}