• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുള്ള ഐക്യദാർഢ്യമാണ് വടകരയിലെ ജനത കാണിച്ച സ്നേഹം': കെ കെ രമ

'ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുള്ള ഐക്യദാർഢ്യമാണ് വടകരയിലെ ജനത കാണിച്ച സ്നേഹം': കെ കെ രമ

'നിർഭയ ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലാണ് എന്റെ ജീവിത സഖാവ് ടി.പി. ചന്ദ്രശേഖരൻ ദാരുണമായി കൊലചെയ്യപ്പെട്ടത്'

കെ കെ രമ

കെ കെ രമ

 • Share this:
  കോഴിക്കോട്: ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുള്ള ഐക്യദാർഢ്യമാണ് വടകരയിലെ ജനത കാണിച്ച സ്നേഹമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആർ എം പി ഐ നേതാവ് കെ കെ രമ. നിർഭയ ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലാണ് എന്റെ ജീവിത സഖാവ് ടി.പി. ചന്ദ്രശേഖരൻ ദാരുണമായി കൊലചെയ്യപ്പെട്ടത്. ആ രക്തസാക്ഷി സ്മൃതികൾക്ക് മറ്റന്നാൾ ഒമ്പതാണ്ട് തികയുന്നു. പല സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ കക്ഷിരാഷ്ട്രീയത്തിൽ എതിർ നിലയിൽ നിൽക്കുമ്പോഴും നിശ്ശബ്ദമായി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെയും RMPI യുടെ സഹന പൂർണ്ണമായ നിലനില്പിനെയും അംഗീകരിക്കുന്ന നിരവധി മനുഷ്യർ വടകരയിലുണ്ട്. അവരേയും ഞാനീ സന്ദർഭത്തിൽ സസ്നേഹം സ്മരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ കെ രമ പറഞ്ഞു.

  കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  പ്രിയപ്പെട്ടവരേ ,

  ഈ തെരെഞ്ഞെടുപ്പിൽ വടകരയുടെ ജനപ്രതിനിധിയായി എന്നെ തെരഞ്ഞെടുത്ത വോട്ടർമാർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നു.

  ഈ പോരാട്ടത്തിൽ ഒരു ജനതയുടെയാകെ പ്രതീക്ഷകൾക്ക് മുന്നിൽ നിൽക്കാൻ എന്നെ നിയോഗിക്കുകയും ഈ ചരിത്രവിജയത്തിനു വേണ്ടി അഹോരാത്രം അത്യദ്ധ്വാനം ചെയ്ത എന്റെ രാഷ്ട്രീയ പ്രസ്ഥാനം RMPI യുടെ നേതൃത്വം , അംഗങ്ങളും അനുഭാവികളുമടക്കമുളള പ്രവർത്തകർ , UDF മുന്നണി നേതൃത്വം , കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കൾ , പ്രവർത്തകർ തുടങ്ങിയവരാണ് ഈ ഉജ്ജ്വല വിജയത്തിന്റെ ശില്പികൾ . കോവിഡിന്റെ ഭീഷണിയും ഭീതിയും നിലനിൽക്കെ, ഈ പോരാട്ടത്തിന് സജ്ജരായ ധീരന്മാരായ പൊതു പ്രവർത്തകർ.

  സഹോദര തുല്യമായ സ്നേഹത്തോടെ എന്നെ പിന്തുണച്ച അവരോടെല്ലാമുള്ള എന്റെ സ്നേഹം അറിയിക്കുന്നു.

  Also Read- കോൺഗ്രസിന്‍റെ മുഴുവൻ വനിതാ സ്ഥാനാർഥികളും തോറ്റു; പ്രതിപക്ഷനിരയിൽ കെ കെ രമ മാത്രം

  കക്ഷിഭേദത്തിനപ്പുറം ഒരു മകളെപ്പോലെ , സഹോദരിയെപ്പോലെ , എന്നെ കരുതിയ നാട്ടുകാരുടെ സ്നേഹവായ്പ് സ്ഥാനാർത്ഥി പര്യടനത്തിനും ബഹുജന സമ്പർക്കത്തിനുമിടയിൽ അനുഭവിക്കാൻ സാധിച്ചു. നേരിൽ കണ്ടതിനേക്കാൾ എത്രയോ ആയിരം മനുഷ്യരിൽ ഇതേ മനോഭാവമുണ്ട് എന്നതിന്റെ തെളിവാണ് ഈ തെരെഞ്ഞെടുപ്പ് ഫലം.

  ആയുധവും അധികാരവും നുണപ്രചാരണങ്ങളും കൊണ്ട് ഒരു ജനാധിപത്യ സമൂഹത്തെയാകെ നിശബ്ദമാക്കാനുള്ള അധാർമ്മിക നീക്കങ്ങൾക്കെതിരായ ഒരു ജനതയുടെ വിധിയെഴുത്താണ് വടകരയിൽ നടന്നത്.

  നിർഭയ ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലാണ് എന്റെ ജീവിത സഖാവ് ടി.പി. ചന്ദ്രശേഖരൻ ദാരുണമായി കൊലചെയ്യപ്പെട്ടത്. ആ രക്തസാക്ഷി സ്മൃതികൾക്ക് മറ്റന്നാൾ ഒമ്പതാണ്ട് തികയുന്നു. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുള്ള ഐക്യദാർഢ്യമാണ് വടകരയിലെ ജനത കാണിച്ച സ്നേഹം. പല സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ കക്ഷിരാഷ്ട്രീയത്തിൽ എതിർ നിലയിൽ നിൽക്കുമ്പോഴും നിശ്ശബ്ദമായി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെയും RMPI യുടെ സഹന പൂർണ്ണമായ നിലനില്പിനെയും അംഗീകരിക്കുന്ന നിരവധി മനുഷ്യർ വടകരയിലുണ്ട്. അവരേയും ഞാനീ സന്ദർഭത്തിൽ സസ്നേഹം സ്മരിക്കുന്നു.

  2012 മെയ് 4 മുതൽ എന്റെ വ്യക്തിപരമായ വേദനയിലും ഒഞ്ചിയത്തെയും വടകരയിലെയും ബഹുജന വികാരത്തിനുമൊപ്പം നിലയുറപ്പിച്ച നിരവധി സാമൂഹ്യ/ സാംസ്കാരിക പ്രവർത്തകരുണ്ട്. വടകരയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കലവറയില്ലാത്ത സ്നേഹവും പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടുമെത്തിയ അവർ ഈ തെരെഞ്ഞെടുപ്പു പോരാട്ടത്തിന് കക്ഷി രാഷ്ട്രീയത്തിനപ്പുറം കൊലപാതക രാഷ്ട്രീയത്തിനെതിരായ ധാർമ്മികവും നൈതികവുമായ മാനങ്ങൾ നൽകി. അധികാര കേന്ദ്രങ്ങളെ ഗൗനിക്കാതെ അത്തരമൊരു നിലപാട് സ്വീകരിച്ച സാമൂഹ്യ/ സാംസ്കാരിക പ്രവർത്തകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ കൃതജ്ഞത രേഖപ്പെടുത്തുന്നു.

  വിധി വന്നു കഴിഞ്ഞു. വീറും വാശിയുമുള്ള രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയ വടകരയിലെ എല്ലാ പൊതുപ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ.

  തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി മണ്ഡലത്തിന്റെയാകെ ജനപ്രതിനിധിയാണെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മണ്ഡലത്തിലെ പൊതു വികസനാവശ്യങ്ങൾക്കും ജീവിതാവശ്യങ്ങൾക്കും ഒപ്പം നിൽക്കുമെന്നുള്ള ഉറപ്പാണ് , ആത്മവിശ്വാസമാണ് നിങ്ങൾക്ക് മുൻപാകെ സമർപ്പിക്കാനുളളത്.

  എല്ലാവർക്കും ഒരിക്കൽക്കൂടി സ്നേഹവും നന്ദിയും അഭിവാദ്യങ്ങളും നേരുന്നു.

  നിങ്ങളുടെ കെ.കെ.രമ
  Published by:Anuraj GR
  First published: