തിരുവനന്തപുരം: അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനു പുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ്
പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ലെന്നും അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസമെത്തിക്കുകയും നാടിന്റെ വികസനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നത്. ജീവിതാനുഭവത്തിലൂടെ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്-മുഖ്യമന്ത്രി വ്യക്തമാക്കി.
യു.എ.ഇ. കോണ്‍സുലേറ്റിലേയ്ക്ക് വന്ന
നയതന്ത്ര ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിനുള്ളില്‍ ഒളിപ്പിച്ചവന്ന 14 കിലോയോളം സ്വര്‍ണ്ണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. കസ്റ്റംസ് ഇന്ത്യന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ 7ലെ യൂണിയന് ലിസ്റ്റിലെ വിഷയമാണ്. മറ്റൊരര്‍ത്ഥത്തില്‍ രാജ്യാതിര്‍ത്തി കടന്നുവരുന്ന സാധനസാമഗ്രികള്‍ക്ക് നിയമപ്രകാരമുള്ള ഡ്യൂട്ടി അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയത്തിനാണ്-അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്. ഇതില്‍ കോണ്‍സുല്‍ ജനറല്‍ കാര്യാലയവുമായി ബന്ധപ്പെട്ട ചിലരെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിലൊരു പ്രതിയുമായി കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി. സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചുവന്ന ശിവശങ്കറിനെ അടുപ്പമുണ്ടായിരുന്നു എന്നു കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റി -മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള ഒന്നും തന്നെ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്റെ സാമ്പത്തിക കുറ്റങ്ങളും എന്തുവിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിലേര്പ്പെടുന്നവരെ നീതിന്യായകോടതികള്ക്കു മുമ്പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നപ്രഭാ സുരേഷ് കെ.എസ്.ഐ.റ്റി.ഐ.എല്ലിന്റെ പ്രോജക്ടായ സ്പേസ് പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തുവന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റിയുണ്ടായ ആരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ധനകാര്യ അന്വേഷണ വിഭാഗം 2011 മുതലുള്ള ഐ.ടി. മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമത്തിലാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.
കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതിൽ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റു ചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണ്.
ഇപ്പോള്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവര്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്ന അഭിപ്രായമാണ് സര്ക്കാരിനുള്ളതെന്നുംശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ശിവശങ്കറിന്റെ പരിചയമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവില്ല. അഖിലേന്ത്യാ സര്‍വ്വീസിലുള്ള ആ ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നു കണ്ടപ്പോള്‍ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല-മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സില്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും പരിചയപ്പെടാനും ഇടപെടാന്‍ അവസരമുണ്ടാകുകയും ചെയ്തിട്ടുണ്ടാകും. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സില്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണ്ടിട്ടുണ്ടാകും.
അതിന് സാധാരണ നടപടിക്ക് അപ്പുറമുള്ള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണ്. കൃത്യമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല-മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായ നിലയില്‍ എം. ശിവശങ്കര്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയുമല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മ്മികപരമായോ ആയ ഒരുത്തരവാദിത്തവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല-മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.