അധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കെ. വിദ്യ കണ്ണൂർ സർവകലാശാല പരീക്ഷാ മൂല്യനിർണയ ക്യാമ്പിലും
- Published by:Rajesh V
- news18-malayalam
Last Updated:
2021- 22 വർഷത്തെ 1, 2, 4 സെമസ്റ്റർ ഡിഗ്രി പരീക്ഷ മൂല്യനിർണയ ക്യാമ്പിലാണ് വിദ്യ പങ്കെടുത്തത്
കൊച്ചി: അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച പൂർവവിദ്യാർത്ഥി കെ വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തതായി കണ്ടെത്തി. 2021- 22 വർഷത്തെ 1, 2, 4 സെമസ്റ്റർ ഡിഗ്രി പരീക്ഷ മൂല്യനിർണയ ക്യാമ്പിലാണ് വിദ്യ പങ്കെടുത്തത്. കരിന്തളം കോളേജിലെ താൽക്കാലിക അധ്യാപികയായ വിദ്യയെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാണ് മൂല്യനിർണയത്തിനായി ചുമതലപ്പെടുത്തിയത്. എക്‌സാമിനർക്ക് മൂന്നുവർഷത്തെ യോഗ്യത വേണമെന്ന ചട്ടവുമാണ് അധികൃതർ മറികടന്നത്. സെപ്റ്റംബർ മാസം ആയിരുന്നു ക്യാമ്പ് നടന്നത്. ഇത് സംബന്ധിച്ച സർവകലാശാല ഉത്തരവ് പുറത്തുവന്നു.
വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസർഗോഡ് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം.
advertisement
കുറ്റകൃത്യം നടന്നത് അഗളിയിൽ ആണെന്ന് എഫ് ഐ ആറിൽ തന്നെ പറയുന്നതിനാൽ അന്വേഷണം അഗളി പൊലീസിന് കൈമാറിയേക്കും. എന്നാൽ, കേസ് അഗളി സ്റ്റേഷനിലേക്ക് മാറ്റുന്നതിൽ പാലക്കാട് പൊലീസിൽ അതൃപ്തിയുണ്ട്. അഭിമുഖത്തിന് എത്തി എന്നതൊഴിച്ചാൽ അട്ടപ്പാടിയുമായി കേസിന് എന്ത് ബന്ധമെന്നാണ് അഗളി പൊലീസ് ചോദിക്കുന്നത്. വിദ്യ വ്യാജരേഖ ഹാജരാക്കിയ അട്ടപ്പാടി കോളേജ് സംഭവത്തിൽ പരാതി നൽകാൻ തയാറായിട്ടുമില്ല. വ്യാജ രേഖ ഹാജരാക്കി വിദ്യ ജോലി നേടിയ കാസർഗോഡ് കരിന്തളം ഗവ.കോളജിലെ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.
advertisement
വിദ്യ എറണാകുളം മഹാരാജാസിൽ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ ഗസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണുണ്ടാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലെക്ചറായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളേജിൽ ഗസ്റ്റ് ലെക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജ രേഖ ഹാജരാക്കാനായില്ല. ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് ചെല്ലുന്നത്.
advertisement
പത്തുവർഷമായി മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലെക്ചറർ നിയമനം നടന്നിട്ടേയില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സർട്ടിഫിക്കറ്റിലെ കോളജിന്റെ എംബ്ലവും സീലും വ്യാജമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 08, 2023 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കെ. വിദ്യ കണ്ണൂർ സർവകലാശാല പരീക്ഷാ മൂല്യനിർണയ ക്യാമ്പിലും