മലപ്പുറം: താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കുട്ടിയെ ഇടിച്ച ഗുഡ്സ് വാഹനത്തിന്റേയും സ്കൂൾ വാഹനത്തിന്റേയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് സ്കൂൾ വാഹനമിറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടി എതിർദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്.എന്‍. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
അപാകത കണ്ടെത്തിയ സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് കലക്ടറോട് ശുപാർശ ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.