HOME » NEWS » Kerala » MALAPPURAM PROTEST AGAINST MALAPPURAM COLLECTOR ORDER LIMITING PEOPLE IN PLACES OF WORSHIP INTO FIVE MM TV

Covid second wave | കോവിഡ് വ്യാപനം: ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂടരുതെന്ന മലപ്പുറം കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: April 23, 2021, 8:58 PM IST
Covid second wave | കോവിഡ് വ്യാപനം: ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂടരുതെന്ന മലപ്പുറം കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
ജില്ലാ കളക്ടറുടെ ഉത്തരവ്
  • Share this:
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂടരുത് എന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മലപ്പുറത്തെ നിയന്ത്രണ നിർദേശം
അന്തിമ തീരുമാനം തിങ്കളാഴ്ച എന്ന് കലക്ടർ. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച് ചേർക്കുന്ന സർവകക്ഷി യോഗത്തിന് ശേഷം ആകും അന്തിമ തീരുമാനം. ഇപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ച ഇടങ്ങളിൽ ഇതിനോടകം നിർദേശം നിലവിലുണ്ട്.

മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്), യു. മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ), സലീം എടക്കര (എസ്.വൈ.എസ്), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദു റസാഖ് സഖാഫി, ഹുസൈൻ സഖാഫി (കേരള മുസ് ലിം ജമാഅത്ത് ) എൻ.വി. അബ്ദുറഹ്മാൻ (കെ.എൻ.എം), പി.മുജീബ് റഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ, എൻ.കെ. സദ്റുദ്ദീൻ( ജമാഅത്തെ ഇസലാമി) ടി.കെ. അശ്റഫ് (വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ) അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഡോ: ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅവ) സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമാ ഹിന്ദ് ), ഡോ: ഖാസിമുൽ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ) എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പ് വെച്ചത്.

കോവിഡ് സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ. മജീദും ആവശ്യപ്പെട്ടു.  ബിവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപിക്കരുത് എന്ന് മജീദ് ഫേസ്ബുക്കിൽ കുറിച്ചു.

"കോവിഡ് പശ്ചാത്തലത്തിൽ ലഭിച്ച അമിതാധികാരമാണ് കലക്ടർ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സർക്കാർ നിർദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.""വിശുദ്ധ റമദാനിൽ പള്ളികളിൽ ഭജനമിരിക്കാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും ഇസ്ലാം മതവിശ്വാസികൾക്ക് താൽപര്യമുണ്ടാകും. പള്ളികൾ പൂർണമായും അടച്ചിട്ട റമദാൻ മാസമായിരുന്നു കഴിഞ്ഞ വർഷം കടന്നു പോയത്. പുതിയ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളിൽ എത്താൻ അനുവദിക്കണം. അഞ്ചു പേർ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപിക്കരുത്," മജീദ് ഫേസ്ബുക് പോസ്റ്റിൽ വിശദമാക്കി.

മലപ്പുറം കലക്ടറുടെ ഏകപക്ഷീയമായ ഉത്തരവാണെന്നും ഉടൻ പുനഃപരിശോധിക്കണമെന്നും ടി.വി. ഇബ്രാഹിം എം.എൽ.എയും ആവശ്യപ്പെട്ടു. പൊതു ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കും. ജനപ്രതിനിധികളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് എന്നത് ശരിയല്ലെന്നും, കലക്ടര്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും, തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ടി.വി. ഇബ്രാഹിം എം.എൽ.എ. ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും എ. പി. അനിൽകുമാർ എംഎൽഎയും ആവശ്യപ്പെട്ടു.

പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ തന്നെ നിർവഹിക്കണം എന്നും ബന്ധു വീടുകളിലെ ഒത്തുചേരലുകൾ പോലും ഒഴിവാക്കുന്നതാണ് ഉചിതം എന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. (ഉത്തരവിന്റെ പകർപ്പ് ചുവടെ)ജില്ലയിലെ രോഗവ്യാപനം ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. വ്യാഴാഴ്ച 2776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ ഏറ്റവും ഉയർന്ന കണക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 21.89 ശതമാനവും രേഖപ്പെടുത്തി.

ദിവസംതോറും രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കർശന നടപടികൾ എടുക്കുന്നത്. ആരാധനാലയങ്ങളിൽ കൂടുതൽ ആളുകൾ എത്തിച്ചേരുന്നത് നിയന്ത്രിക്കുക എന്നത് ഈ ഘട്ടത്തിൽ അനിവാര്യമാണ് എന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നിൽ.

2005 ലെ ദുരന്ത നിവാരണ നിയമം 26 (2) , 30(2), (5), 34 വകുപ്പുകൾ പ്രകാരം ഇനി ഒരു ഉത്തരവുണ്ടാകും വരെ ജില്ലയിലെ എല്ലാ മത ആരാധനാലയങ്ങളിലും ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിക്കുന്നു എന്നാണ് കളക്ടറുടെ ഉത്തരവ്. ജില്ലയിലെ എല്ലാ മത സംഘടനകളോടും കൂടിയാലോചിച്ചാണ് തീരുമാനം എന്ന് കളക്ടർ പറയുന്നുണ്ടെങ്കിലും, സംഘടനകളുടെ നിലപാട് ഈ പ്രസ്താവനയ്‌ക്കെതിരാണെന്ന് വ്യാപകമായി ഉയരുന്ന പ്രതിഷേധം വ്യക്തമാക്കുന്നു.
Published by: user_57
First published: April 23, 2021, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories